wayanad local

പ്രായോഗിക പരിഹാരങ്ങള്‍ സുപ്രിം കോടതിക്ക് സമര്‍പ്പിക്കും: ആക്ഷന്‍ കമ്മിറ്റി

സുല്‍ത്താന്‍ ബത്തേരി: രാത്രികാല ഗതാഗത നിരോധനത്തിനുള്ള പ്രായോഗിക പരിഹാരങ്ങള്‍ സുപ്രീം കോടതിക്ക് സമര്‍പ്പിക്കാനായി നീലഗിരി-വയനാട് എന്‍എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.  രാത്രിയാത്രാ നിരോധന കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി അന്തിമമായിരിക്കും.
ഇതിനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തീരുമാനവും നിര്‍ണ്ണായകമാണ്. ജൈവ പാലങ്ങള്‍ നിര്‍മ്മിക്കാനും അതുവരെ കോണ്‍വോയ് ആയി ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ മാത്രം രാത്രിയില്‍ കടത്തിവിടാനുമാണ് ഏറ്റവും അവസാനമായി കേരളാ സര്‍ക്കാര്‍ വെച്ച നിര്‍ദ്ദേശം.  വിദേശ രാജ്യങ്ങളിലുള്ള ജൈവപാലങ്ങള്‍ എന്ന ആശയം നീലഗിരി-വയനാട് എന്‍എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റിയാണ് ആദ്യമായി നിര്‍ദ്ദേശിച്ചത്.  എന്നാല്‍ ഇതു സംബന്ധിച്ച വിദഗ്ദപഠനം നടത്തണമെന്ന കമ്മിറ്റിയുടെ അഭിപ്രായം കേരളാ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.കര്‍ണ്ണാടക ഹൈക്കോടതിയാണ് ഒരു പൊതുതാല്‍പ്പര്യ വിധിയില്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.  ഈ വിധി നടപ്പാക്കേണ്ടത് കര്‍ണ്ണാടക സര്‍ക്കാരിന്റേയും ഉദേ്യാഗസ്ഥരുടേയും ബാധ്യതയാണ്.  വിധി നടപ്പാക്കുന്നതില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ ഹൈക്കോടതിയുടെ നടപടികള്‍ നേരിടേണ്ടിവരും.  അതിനാല്‍ സുപ്രീം കോടതിയിലെ അപ്പീലല്ലാതെ ഒരു രാഷ്ട്രീയ പരിഹാരവും ഈ വിഷയത്തിലില്ല.  എന്നാല്‍ ഈ വസ്തുത മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് കേരളാ സര്‍ക്കാറിന്റെയും മറ്റും ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.  സുപ്രീം കോടതിയിലെ വാദങ്ങള്‍ ദുര്‍ബലമാക്കുന്ന നിലപാടുകളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു.  രാത്രിയാത്രാ നിരോധന കേസ്സില്‍ നീലഗിരി-വയനാട് എന്‍എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റിയെ സുപ്രീം കോടതി കേസ്സില്‍ കക്ഷിയാക്കിയിട്ടുണ്ട്.
അതിനാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായവും പരിഗണിച്ചേ സുപ്രീം കോടതി അന്തിമവിധി പ്രസ്താവിക്കൂ.  മേല്‍പ്പാലം, തുരങ്കം, ബദല്‍പാത, തലശ്ശേരി-മൈസൂര്‍ റയില്‍പാത, വള്ളുവാടി മുതല്‍ ചിക്കബര്‍ഗി വരെ നിര്‍ദ്ദിഷ്ട നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത കടന്നുപോകുന്ന വനത്തിലെ 10 കി.മീ ദൂരത്തില്‍ റയിലും റോഡും ഒരേ മേല്‍പ്പാലത്തിലൂടെയുള്ള പാത, ജൈവപാലങ്ങള്‍, കോണ്‍വോയ്, സര്‍ക്കാര്‍ ബസുകള്‍ മാത്രം രാത്രിയില്‍ കടത്തിവിടുക തുടങ്ങി പല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.  ഏറ്റവും പ്രായോഗികമായ നിര്‍ദ്ദേശം വിദഗ്ദപഠനം നടത്തി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് ആക്ഷന്‍ കമ്മിറ്റി ഉദ്ദേശിക്കുന്നത്.  ഇതിനായി ജനകീയ കണ്‍വെന്‍ഷന്‍ നാളെ വൈകുന്നേരം 4.30 ന് സുല്‍ത്താന്‍ ബത്തേരി വ്യപാരഭവനില്‍ ചേരും.
കണ്‍വന്‍ഷനില്‍ താല്‍പ്പര്യമുള്ള എല്ലാവരും പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യണമെന്ന് ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. നിര്‍ദ്ദേശങ്ങള്‍ 7907714886 എന്ന ഫോണ്‍ നമ്പറില്‍ നേരിട്ടോ വാട്‌സ്ആപ് മുഖേനയോ അറിയിക്കാം.
Next Story

RELATED STORIES

Share it