പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ മുതിര്‍ന്നവരെ പോലെ വിചാരണ ചെയ്യാന്‍ ഹരജി

രാംഗഡ്: പശുവിന്റെ പേരില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന അലീമുദ്ദീന്‍ അന്‍സാരിയുടെ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ മുതിര്‍ന്നയാളായി പരിഗണിച്ച് വിചാരണചെയ്യാന്‍ ഹരജി. 12ല്‍ 11 പ്രതികള്‍ക്കും  രാംഗഡ് അതിവേഗ കോടതി കഴിഞ്ഞദിവസം ജീവപര്യന്തം തടവ് വിധിച്ചിരുന്നു.  മുതിര്‍ന്ന വ്യക്തിയെ പോലെ മനസ്സിലാക്കാനും ചിന്തിക്കാനും കഴിയുന്ന പ്രായപൂര്‍ത്തിയാവാത്തവരെ മുതിര്‍ന്ന വ്യക്തിയായി തന്നെ പരിഗണിച്ച് വിചാരണചെയ്യണമെന്ന് നിര്‍ഭയ കൂട്ട ബലാല്‍സംഗക്കേസിന് ശേഷം ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് ഭേദഗതി ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയായില്ലെന്ന ഇളവ് ലഭിച്ച പ്രതിയെ ഈ നിയമത്തിന്റെ ബലത്തില്‍ മുതിര്‍ന്നവനായി കണക്കാക്കി വിചാരണ ചെയ്യണമെന്നാവശ്യപെട്ട് ഹരജി സമര്‍പ്പിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് കെ ശുക്ല പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് ബീഫ് കൈവശംവച്ചെന്നാരോപിച്ച് 12 അംഗ സംഘം അലീമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ കുറ്റാരോപിതരായ 12 പ്രതികളില്‍ പ്രാദേശിക ബിജെപി ജില്ലാ നേതാവ് നിത്യാനന്ദ മഹാതോ ഉള്‍പ്പെട്ടിരുന്നു.
ഈ വര്‍ഷം തന്നെ ഹിന്ദുത്വര്‍ നടത്തിയ മറ്റൊരു കൊലപാതകത്തിലും പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ പ്രതിയായിരുന്നു. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ ലൗജിഹാദ് ആരോപിച്ച് ബംഗാളില്‍ നിന്നുള്ള തൊഴിലാളിയായ  അഫ്‌റാസുല്‍ഖാനെ കോടാലികൊണ്ട്  വെട്ടി ചുട്ടുകൊന്ന  കേസില്‍ പ്രതിയുടെ കൂടെ സഹായിയായി 15 വയസ്സുള്ള  മരുമകനുണ്ടായിരുന്നു.  കുട്ടി പകര്‍ത്തിയ ഈ കൊലപാതകത്തിന്റെ വീഡിയോ  ദൃശ്യങ്ങളാണു പ്രതിയായ ശംഭുലാല്‍ നാഥ് റെഗര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
Next Story

RELATED STORIES

Share it