Kollam Local

പ്രായപൂര്‍ത്തിയാകാത്ത നാലംഗ മോഷണസംഘം അറസ്റ്റില്‍

കൊല്ലം: കൊല്ലം നഗരത്തില്‍ കവര്‍ച്ചകള്‍ നടത്തിയ പ്രായപൂര്‍ത്തിയാകാത്ത നാല്‍വര്‍ സംഘത്തെ കൊല്ലം ഈസ്റ്റ് പോലിസ്അറസ്റ്റു ചെയ്തു. ഇരവിപുരം,പരവൂര്‍ മുണ്ടയ്ക്കല്‍ സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ നാലു മാസത്തിനിടെ നഗരത്തിലെ ആള്‍ത്തിരക്കില്ലാത്ത റോഡുകള്‍ കേന്ദ്രീകരിച്ച് യാത്രക്കാരെ ആക്രമിച്ച് പണം കവരുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. ബൈക്കുകളില്‍ രാത്രികാലങ്ങളില്‍ കറങ്ങി നടന്ന് സൈക്കിള്‍ യാത്രക്കാരേയും കാല്‍നടയാത്രക്കാരേയും ആക്രമിച്ച് മൊബൈല്‍ഫോണും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ജനുവരി മാസം രാത്രി 12 മണി്ക്ക് കല്ലുപാലത്തു നിന്ന് തെക്കേകച്ചേരിയിലേക്ക് സൈക്കിളില്‍ വരുകയായിരുന്ന പുന്നത്തല അക്ഷര നഗറില്‍ ജലാലുദ്ദീനെ കോട്ടമുക്കില്‍ വച്ച് ബൈക്കുകളില്‍ വന്ന സംഘം ആക്രമിച്ച് 9000 രൂപ കവര്‍ന്നിരുന്നു. കൂടാതെ കഴിഞ്ഞ മാസം കൊല്ലം കൊച്ചുപിലാമൂട് നിന്നും മുണ്ടയ്ക്കലേക്ക് പോകുന്ന റോഡില്‍ വച്ച് രാത്രി 10.30 മണിയോടു കൂടി സൈക്കിളില്‍ വരുകയായിരുന്ന മുണ്ടയ്ക്കല്‍ പുതുക്കാലവയലില്‍ ശങ്കര്‍ നിവാസ്സില്‍ അറുമുഖന്‍ എന്നയാളെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്തു. മോഷ്ടിയ്ക്കുന്ന പണം മദ്യത്തിനും മറ്റ് മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ചെലവഴിച്ചിരുന്നതെന്ന് ഇവര്‍ പോലിസിനോട് പറഞ്ഞു. നഗരത്തില്‍ രാത്രികാലങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്തുന്നതിനും പോലിസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു. കൊല്ലം എസിപി ലാല്‍ജി, സിറ്റി പോലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍,കൊല്ലം ഈസ്റ്റ് സിഐ വി എസ് പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് എസ്‌ഐ ആര്‍ രാജേഷ് കുമാര്‍,സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ യു പി വിപിന്‍കുമാര്‍,മോഷണ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ബാബു കുമാര്‍, വേണുഗോപാല്‍, ജോസ് പ്രകാശ്, അനന്‍ബാബു, ഹരിലാല്‍, മണികണ്ഠന്‍, സജു എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റു ചെയ്തപ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it