Flash News

പ്രാദേശികതലത്തില്‍ സിപിഎം പോസ്റ്റര്‍ യുദ്ധം

പ്രാദേശികതലത്തില്‍ സിപിഎം പോസ്റ്റര്‍ യുദ്ധം
X
pOSTER-NEW

തിരുവനന്തപുരം: സിപിഎം ജില്ലാ ഘടകങ്ങള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരേ പ്രാദേശികതലത്തില്‍ വ്യാപക പ്രതിഷേധം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പല മണ്ഡലങ്ങളിലും നിര്‍ദേശിക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ക്കെതിരേ പോസ്റ്ററുകള്‍ പ്രചരിക്കുകയാണ്. മന്ത്രി കെ ബാബുവിനെതിരേ തൃപ്പൂണിത്തുറയില്‍ ജില്ലാ സെക്രട്ടറി പി രാജീവിനെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, ആറന്‍മുളയില്‍ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ ഇന്നലെ പരസ്യപ്രകടനം നടന്നു. ഇതേ ആവശ്യമുന്നയിച്ച് രണ്ടു മണ്ഡലത്തിലും വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുമായുള്ള ധാരണയനുസരിച്ചാണ് വീണാ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ആക്ഷേപം.
ആലപ്പുഴ ജില്ലയില്‍ ജി സുധാകരനെയും ജില്ലാ സെക്രട്ടറി സജി ചെറിയാനെയും ലക്ഷ്യമിട്ട് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.  കായംകുളം, ചെങ്ങന്നൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയാണു തര്‍ക്കം. വിഎസ് പക്ഷക്കാരായ സി കെ സദാശിവനും സി എസ് സുജാതയ്ക്കും സീറ്റ് നിഷേധിച്ചതാണ് പ്രതിഷേധത്തിനാധാരം. കായംകുളത്ത് രജനി ജയദേവിനെ നിര്‍ദേശിച്ചത് ബിഡിജെഎസുമായി ഉണ്ടാക്കിയ ധാരണയുടെ ഫലമാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.
ഇരിങ്ങാലക്കുടയില്‍ വിഎസ് പക്ഷത്തെ ടി ശശിധരനെ സ്ഥാനാര്‍ഥിയാക്കാത്തതിനെതിരേയും പോസ്റ്ററുകള്‍ ഇറങ്ങിക്കഴിഞ്ഞു. ഒറ്റപ്പാലത്തേക്കു നിര്‍ദേശിച്ചിരിക്കുന്ന പി ഉണ്ണി ചാക്ക് രാധാകൃഷ്ണന്റെ നോമിനിയാണെന്ന ആരോപണമുന്നയിച്ചാണ് പോസ്റ്റര്‍ പതിച്ചത്.
കോഴിക്കോട് ജില്ലയിലും സമാനപ്രതിഷേധം അരങ്ങേറിയെങ്കിലും നേതൃത്വം ഇടപെട്ട് തണുപ്പിച്ചു. പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണനെ മല്‍സരിപ്പിക്കുന്നതിനെതിരേയായിരുന്നു വിമര്‍ശനം. ബേപ്പൂരില്‍ വി കെ സി മമ്മദ് കോയയെ സ്ഥാനാര്‍ഥിയാക്കുന്നതിരേ ഉയര്‍ന്ന പ്രതിഷേധത്തിന് അല്‍പ്പം അയവുവന്നിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ പോസ്റ്ററുകളിറങ്ങിയിട്ടില്ലെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ വ്യാപക പരാതിയാണുള്ളത്. യുവാക്കളെ പൂര്‍ണമായും വെട്ടിനിരത്തിയെന്നാണ് ആരോപണം. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതൃത്വത്തിനെതിരേയും സ്ഥാനാര്‍ഥികള്‍ക്കെതിരേയും കടുത്ത വിമര്‍ശനമാണ് അംഗങ്ങള്‍ ഉയര്‍ത്തിയത്.
കണ്ണൂരില്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലിയാണ് തര്‍ക്കം. സി കൃഷ്ണന്റെ പേരാണ് നേരത്തെ നിര്‍ദേശിച്ചിരുന്നത്. ഇതിനെ മണ്ഡലം കമ്മിറ്റിയും ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളും തള്ളിയതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പയ്യന്നൂരിലെ ഒരുവിഭാഗം പാര്‍ട്ടിയംഗങ്ങളുടെ ആവശ്യം. വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥി കെപിഎസി ലളിതയ്‌ക്കെതിരേ കഴിഞ്ഞദിവസം പോസ്റ്റര്‍ ഇറങ്ങിയെങ്കിലും പാര്‍ട്ടി നേതൃത്വം ഇടപെട്ട് നീക്കം ചെയ്തിരുന്നു. അതേസമയം, തര്‍ക്കം മുതലെടുക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന നീക്കമാണ് നാഥനില്ലാ പോസ്റ്ററുകള്‍ക്കു പിന്നിലെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
Next Story

RELATED STORIES

Share it