kozhikode local

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നില്ല; രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട്: സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മരുന്നില്ലാതെ രോഗികള്‍ വലയുന്നു. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, ശ്വാസംമുട്ടല്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളൊന്നും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലില്ല. പ്രാഥമിക ചികില്‍സയ്ക്കുപോലും മരുന്നില്ല.
ദീര്‍ഘകാലം കഴിക്കേണ്ട മരുന്നുകള്‍ക്കായാണ് അധികം പേരും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്നത്. പ്രമേഹരോഗികള്‍ക്കു വേണ്ട ഇന്‍സുലിനും ഗുളികകളും ഇവിടങ്ങളിലില്ല. പനിക്കുള്ള പാരസെറ്റാമോളും ഒന്നോ രണ്ടോ തരം ആന്റിബയോട്ടിക്കുകളും മറ്റു ചില മരുന്നുകളും മാത്രമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്ളത്.
എന്നാല്‍, സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. പണം മുടക്കി സ്വകാര്യ ആശുപത്രികളില്‍ പോവാനും മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു മരുന്നു വാങ്ങാനും കഴിയാത്ത പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമാണ് ആശ്രയം. മെഡിക്കല്‍ കോളജുകളില്‍ മരുന്നുകളില്ലെന്ന ആരോപണത്തെ തുടര്‍ന്ന് മരുന്നുകള്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചുവെങ്കിലും വിലകൂടിയ മരുന്നുകള്‍ ഒന്നും തന്നെ മെഡിക്കല്‍ കോളജുകളില്‍ ഇല്ലെന്നു ജീവനക്കാര്‍ തന്നെ പറയുന്നു.
ഒരു മാസത്തിനുള്ളില്‍ മരുന്നെത്തുമെന്നു പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി, നെഫ്രോളജി, യൂറോളജി, ന്യൂറോ സര്‍ജറി, ന്യൂറോ മെഡിസിന്‍, മെഡിസിന്‍, ജനറല്‍ സര്‍ജറി, തുടങ്ങിയ വിഭാഗങ്ങളില്‍ പരിശോധനക്കെത്തുന്ന രോഗികള്‍ മരുന്നിനായി സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ഫാര്‍മസിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ വിതരണം ചെയ്യുന്നില്ല.
Next Story

RELATED STORIES

Share it