wayanad local

പ്രാക്തന ഗോത്രവര്‍ഗ പാക്കേജ് ;l തിരുനെല്ലിയിലെ ക്രമക്കേട് അന്വേഷിക്കാന്‍ ഉത്തരവ്

മാനന്തവാടി: തിരുനെല്ലി ഗ്രാമപ്പഞ്ചായത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രാക്തന ഗോത്രവര്‍ഗ പാക്കേജ് (പിവിടിജി) പദ്ധതി പ്രവൃത്തികളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ഉത്തരവിട്ടു.
ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനെ ചുമതലപ്പെടുത്തി. വകുപ്പ്തല അന്വേഷണം നടത്താന്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ എസ് പുകഴേന്തിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുനെല്ലി ആനക്യാംപ് കോളനിയില്‍ പിവിടിജി പദ്ധതിയിലെ വീട് നിര്‍മാണത്തെക്കുറിച്ച് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുകൂടാതെയാണ് കഴിഞ്ഞദിവസം കക്കൂസ് നിര്‍മാണത്തില്‍ പാകപ്പിഴയുണ്ടായതിനെ തുടര്‍ന്ന് ടാങ്കില്‍ പശു വീണ് ചത്ത സംഭവമുണ്ടായത്.
ഗുണമേന്മ കുറഞ്ഞ നിര്‍മാണസാമഗ്രികള്‍ ഉപയോഗിച്ചും നിര്‍ദ്ദിഷ്ട എസ്റ്റിമേറ്റില്‍ ഉള്ളതിനേക്കാള്‍ വിസ്തീര്‍ണം കുറച്ചും നിര്‍മാണ പ്രവൃത്തികള്‍ നടത്തിയെന്നാണ് പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. പ്രവൃത്തി നടന്നപ്പോള്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനമൊട്ടാകെ 148 കോടി രൂപയുടെ പദ്ധതിയാണ് പ്രാക്തന ഗോത്രവര്‍ഗങ്ങള്‍ക്കായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മറ്റ് പല ജില്ലകളിലും വയനാട്ടില്‍ തന്നെ ചില പ്രദേശങ്ങളിലും വളരെ നല്ല രീതിയിലാണ് ഈ പദ്ധതിയുടെ നടത്തിപ്പ്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നായാണ് പിവിടിജിയെ വകുപ്പ് ഉയര്‍ത്തിക്കാണിക്കുന്നത്.
ആദിവാസി ക്ഷേമവുമായി ബന്ധപ്പെട്ട ഏതു പദ്ധതികളിലെയും നടത്തിപ്പിലുണ്ടാവുന്ന ചെറിയ വീഴ്ചകള്‍ പോലും ഗൗരവമായി കാണുന്നതായി മന്ത്രി പി കെ ജയലക്ഷ്മി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആദിവാസി ക്ഷേമ പദ്ധതികളില്‍നിന്ന് ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കുന്നതിനും പരമാവധി നിര്‍മാണപ്രവൃത്തികള്‍ പട്ടികവര്‍ഗ സൊസൈറ്റികളെ ഏല്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it