World

പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പേ വിവാദങ്ങളുടെ വേലിയേറ്റമായി ബോബ് വുഡ്‌വാഡിന്റെ പുസ്തകം

വാഷിങ്ടണ്‍: വാട്ടര്‍ഗേറ്റ് സംഭവം റിപോര്‍ട്ട് ചെയ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാഡിന്റെ 'ഫിയര്‍, ട്രംപ് ഇന്‍ ദി വൈറ്റ് ഹൗസ്' എന്ന പുസ്തകം ഇറങ്ങുന്നതിനു മുമ്പേ വിവാദത്തിലേക്ക്. ഈ മാസം 11ന് പുറത്തിറങ്ങാന്‍ പോവുന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ 'വാഷിങ്ടണ്‍ പോസ്റ്റ്' കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചതോടെ യുഎസില്‍ ആരംഭിച്ച വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പ്രസിഡന്റ് ട്രംപും പുസ്തകത്തിന്റെ രചയിതാവും വിശദീകരണവുമായി രംഗത്തുവന്നു.
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ വധിക്കാന്‍ ട്രംപ് പെന്റഗണിന് നിര്‍ദേശം നല്‍കിയെന്നാണു പുസ്തകത്തിലെ പ്രധാന ആരോപണം. 'അവനെ നമുക്കു കൊല്ലാം' എന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനോടാണ് ട്രംപ് പറഞ്ഞത്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ട്രംപിനെ വിഡ്ഢി എന്നു വിളിച്ചതായും പുസ്തകത്തില്‍ പറയുന്നുണ്ട്. 2017 ല്‍ സിറിയയിലെ രാസായുധാക്രമണത്തെ തുടര്‍ന്നാണ് സംഭവം. യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസണിനാണ് ട്രംപ് നിര്‍ദേശം നല്‍കിയത്. ട്രംപിന്റെ അഭിപ്രായത്തോട് അപ്പോള്‍ യോജിച്ചെങ്കിലും പിന്നീട് തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് മാറ്റിസ് തന്റെ കീഴുദ്യോഗസ്ഥനോട് പറഞ്ഞെന്നും പുസ്തകത്തിലുണ്ട്. ട്രംപിന്റെ അപക്വമായ പെരുമാറ്റം കാരണം പ്രധാനപ്പെട്ട രേഖകള്‍ അദ്ദേഹം കാണാതെ ഉപദേശകര്‍ ഒളിപ്പിച്ചിരുന്നുവെന്നതാണു പുസ്തകത്തിലെ മറ്റൊരു ആരോപണം. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹന്‍, വൈറ്റ്ഹൗസ് സ്റ്റാഫ് സെക്രട്ടറി റോബ് പോര്‍ട്ടര്‍ എന്നിവര്‍ പ്രധാന രേഖകള്‍ ട്രംപിന് കൈമാറിയിരുന്നില്ല. യുഎസ് ഭരണകൂടം ഒറ്റപ്പെടാതിരിക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെന്നും പുസ്തകത്തില്‍ പറയുന്നു.
പുസ്തകത്തെ പൂര്‍ണമായി തള്ളിക്കൊണ്ടാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. പുസ്തകം വെറും കെട്ടുകഥയാണെന്നും യാഥാ ര്‍ഥ്യവുമായി പുസ്തകത്തിന് യാതൊരു ബന്ധവുമില്ലെന്നും ട്രംപ് പറഞ്ഞു. പൊതുജനങ്ങളോടുള്ള വഞ്ചനയാണ് വുഡ്വാര്‍ഡിന്റെ പുസ്തകം. സെനറ്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ റിപബ്ലിക്കന്‍ പാര്‍ട്ടിയെ മോശമാക്കാനാണ് ഇപ്പോള്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നയാളാണ് വുഡ്വാര്‍ഡ് എന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കന്‍ ജനതയ്ക്ക് ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമപ്രവര്‍ത്തകരിലൊരാണ് പുസ്തകരചയിതാവായ അന്വേഷണ പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്വാഡ്. ഇതിനിടെ ട്രംപിനെ നിശിതമായി വിമര്‍ശിച്ച് പേരു വെക്കാത്ത ലേഖനം ന്യൂയോര്‍ക്ക്് ടൈംസ് പ്രസിദ്ധപ്പെടുത്തി. ഭരണകൂടത്തിലെ സീനിയര്‍ അംഗത്തിന്റേത് എന്നവകാശപ്പെടുന്ന ലേഖനത്തില്‍ പ്രസിഡന്റിന്റെ പല അജണ്ടകളും നിരാശപ്പെടുത്തുന്നതാണെന്നും ഇതു തടയാന്‍ ഭരണകൂടത്തിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്നവരിലൊരാളാണ് താനെന്നും ലേഖകന്‍ അവകാശപ്പെടുന്നുണ്ട്. ലേഖനത്തെ ചതി എന്നു വിശേഷിപ്പിച്ച ട്രംപ് എന്താണ് ചെയ്യേണ്ടതെന്നറിയാതെ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുകയാണെന്ന് ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it