പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം: യുഎസില്‍ തിരഞ്ഞെടുപ്പ് തുടങ്ങി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പാര്‍ട്ടി പ്രതിനിധികളായി ആര് മല്‍സരിക്കണമെന്നു തീരുമാനിക്കുന്ന പ്രൈമറി-കോക്കസ് തിരഞ്ഞെടുപ്പുകള്‍ തുടങ്ങി. നാലു ഘട്ടങ്ങളിലായി നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ പടിയാണിത്.
ദ്വിപാര്‍ട്ടി സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഡെമോക്രാറ്റ്, റിപബ്ലിക്കന്‍ പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിന് അയോവ സംസ്ഥാനത്താണ് തിരഞ്ഞെടുപ്പ് തുടങ്ങിയത്. മൂന്നു മണിക്കൂറിനകം ഫലം പ്രഖ്യാപിക്കും. സ്‌കൂളുകളും പള്ളികളും വീടുകളും ഉള്‍പ്പെടെ 1774 പോളിങ് കേന്ദ്രങ്ങളാണ് അയോവയിലുള്ളത്. തിരഞ്ഞെടുപ്പിന് ഇരു പാര്‍ട്ടികളും വ്യത്യസ്ത രീതികളാണ് സ്വീകരിക്കുക. ബാലറ്റിലൂടെയാണ് പ്രതിനിധികളെ റിപബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുക്കുന്നത്. എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടി സംവാദത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അയോവ തിരഞ്ഞെടുപ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കാറുണ്ട്.
അഭിപ്രായ സര്‍വേകളില്‍ റിപബ്ലിക്കന്‍ പക്ഷത്ത് ഡൊണാള്‍ഡ് ട്രംപിന് ടെഡ് ക്രൂസിനേക്കാള്‍ നേരിയ മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇരുവരും മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഡെമോക്രാറ്റ് പക്ഷത്ത് ഹിലാരി ക്ലിന്റനാണ് മുന്നില്‍. ഇരു പാര്‍ട്ടികളുടെയും പ്രതിനിധികള്‍ നവംബറില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റുരയ്ക്കും. മൂന്നു പോയിന്റ് വ്യത്യാസത്തില്‍ ബെര്‍ണി സാന്‍ഡേഴ്‌സ് ആണു രണ്ടാം സ്ഥാനത്ത്. റിപബ്ലിക്കന്‍ പക്ഷത്ത് ആദ്യഘട്ടത്തില്‍ ഏറെ മുന്നിലായിരുന്ന ജെബ് ബുഷ് ഇപ്പോള്‍ പിന്നിലാണ്.
ഇതിനിടെ, റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ജോണ്‍ കസീച്ചിനെ ഉയര്‍ത്തിക്കാട്ടി ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം പലരെയും ഞെട്ടിച്ചു. ഡമോക്രാറ്റ് പക്ഷത്ത് ഹിലാരിക്കാണ് പിന്തുണ.
Next Story

RELATED STORIES

Share it