malappuram local

പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനും വൈസ് പ്രസിഡന്റ് പദം കോണ്‍ഗ്രസ്സിനും

കാൡകാവ്: ചോക്കാട് പഞ്ചായത്തില്‍ മുസ്‌ലിംലീഗും സിപിഎമ്മും ഒരുമിച്ചതോടെ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനും സിപിഎം വിഭാഗീയതയില്‍ വൈസ് പ്രസിഡന്റ് പദം കോണ്‍ഗ്രസ്സിനും ലഭിച്ചു. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നാടകീയതയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമാറിഞ്ഞു.
ഭരണസമിതി രൂപീകരണത്തിന് യുഡിഎഫില്‍ നടന്ന അവസാന ചര്‍ച്ചയും പരാജയപ്പെട്ടു. ആകെയുള്ള 18 അംഗങ്ങളില്‍ കോണ്‍ഗ്രസ്സിന് എട്ടും സിപിഎമ്മിന് ആറും മുസ്‌ലിംലീഗിന് നാലും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് പദത്തിന് കോണ്‍ഗ്രസ്സിലെ അന്നമ്മ മാത്യുവും സിപിഎമ്മിലെ ഷാഹിന ഗഫൂറുമാണ് മല്‍സരിച്ചത്. ഇതില്‍ ലീഗ് സിപിഎമ്മിന് അനുകൂലമായി വോട്ടു ചെയ്തതിനാല്‍ ഷാഹിന ഗഫൂറിന് പത്ത് വോട്ടുകള്‍ ലഭിച്ച് പ്രസിഡന്റായി. ഉച്ചയ്ക്കു ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ആനിക്കോട്ടില്‍ ഉണ്ണിക്കൃഷ്ണനും സിപിഎമ്മിലെ കെ എസ് അന്‍വറും മല്‍സരിച്ചു.
എന്നാല്‍, സിപിഎമ്മിലെ നീറന്‍കുയ്യന്‍ റസീന, മാട്ടായി അബ്ദുര്‍റഹ്മാന്‍, വാളാഞ്ചിറ ബഷീര്‍ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എട്ടു വോട്ടുകള്‍ ലഭിച്ച് കോണ്‍ഗ്രസ്സിലെ ഉണ്ണിക്കൃഷ്ണന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം സ്ഥാനാര്‍ത്ഥിക്ക് ഏഴു വോട്ടാണ് ലഭിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് മല്‍സരിച്ച ലീഗും കോണ്‍ഗ്രസ്സും കടുത്ത ശത്രുതയിലായിരുന്നു. യുഡിഎഫ് നേതൃത്വം കിണഞ്ഞു ശ്രമിച്ചിട്ടും പ്രശ്‌നം പരിഹരിക്കാനായില്ല. നിരുപാധിക പിന്തുണയോടെ സിപിഎമ്മിനെ ഭരണത്തിലേറ്റാണ് ലീഗിന്റെ പ്രാദേശിക ഘടകം തീരുമാനമെടുത്തിരുന്നത്. ഇപ്പോള്‍ വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ്സിന്റെ ആനിക്കോട്ടില്‍ ഉണ്ണിക്കൃഷ്ണനെ മാറ്റിയാല്‍ പിന്തുണ നല്‍കാന്‍ ലീഗ് തയ്യാറായിരുന്നു. ഇതിനു കോണ്‍ഗ്രസ് വഴങ്ങാത്തതാണ് യുഡിഎഫ് യോജിപ്പിലെത്തുന്നത് തടസ്സമായത്. അതിനിടെ കൂറുമാറിയ സിപിഎം അംഗങ്ങള്‍ക്കെതിരേ അണികള്‍ രംഗത്തിറങ്ങി. പഞ്ചായത്തില്‍ നിന്നു ഇവരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഉപരോധിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ പോലിസ് ലാത്തി വീശിയാണ് പുറത്താക്കിയത്. ചോക്കാട് മണിക്കൂറുകളോളം സംഘര്‍ഷാന്തരീക്ഷം നിലനിന്നു. ചോക്കാട് പഞ്ചായത്തില്‍ നിലനിന്നിരുന്ന പാര്‍ട്ടിയിലെ ഭിന്നതയാണ് ഇന്നലെ രൂക്ഷമായ നിലയില്‍ പ്രകടമായത്.
മാൡയേക്കല്‍ ഏരിയയിലെ മൂന്നു വാര്‍ഡുകള്‍ എന്നും പാര്‍ട്ടിക്കെതിരേ നിലപാടെടുത്തിരുന്നു. ഇവിടെ നിന്നു ജയിച്ച മാട്ടായി അബ്ദുര്‍റഹ്മാനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടി നിരസിച്ചത് പ്രകോപനത്തിനിടയാക്കി. പകരക്കാരനായി കെ എസ് അന്‍വറിനെ പാര്‍ട്ടി നിശ്ചയിച്ചതോടെയാണ് മൂന്നംഗങ്ങള്‍ കൂറുമാറിയത്.
പാര്‍ട്ടിയെ വഞ്ചിച്ച മൂന്നംഗങ്ങള്‍ക്കെതിരേയും കടുത്തനടപടിക്കൊരുങ്ങുകയാണ് പ്രാദേശിക നേതൃത്വം. അതേസമയം, മാൡയേക്കല്‍ ഏരിയയിലെ പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസ് യൂത്ത് ഘടകങ്ങളും ഇവര്‍ക്കുവേണ്ട സംരക്ഷണം നല്‍കുമെന്നും പ്രഖ്യാപനമുണ്ടായി.
Next Story

RELATED STORIES

Share it