World

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സിംബാബ്‌വേയില്‍ ജനം വിധിയെഴുതി

ഹരാരെ: 37 വര്‍ഷം രാജ്യം ഭരിച്ച റോബര്‍ട്ട് മുഗാബെ മല്‍സരരംഗത്തില്ലാതെ സിംബാബ്‌വേ ജനത തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആകെ 23 സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്ന തിരഞ്ഞെടുപ്പില്‍ റോബര്‍ട്ട് മുഗാബെയ്ക്ക് ശേഷം അധികാരത്തിലെത്തിയ സാനു പിഎഫ് പാര്‍ട്ടിയുടെ ഇമ്മേഴ്്‌സണ്‍ മംഗ്വാംഗെയും മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് സഖ്യത്തിലെ നെല്‍സണ്‍ ചമൈസയും തമ്മിലായിരുന്നു പ്രധാന മല്‍സരം.
മംഗ്വാംഗെയ്ക്ക് തന്നെയാണ് വിജയസാധ്യതയെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിനിടെ എവിടെയും അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യാത്തതു ശൂഭ സൂചനയാണു നല്‍കുന്നതെന്നും മംഗ്വാംഗെ തന്നെ അധികാരത്തിലെത്തുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ക്വേക്വേ സെന്‍ട്രല്‍ സിറ്റിയിലെ സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ മംഗ്വാംഗെയും തന്റെ വിജയത്തില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നീന്തുകയാണെങ്കിലും മുങ്ങുകയാണെങ്കിലും നമ്മളൊരുമിച്ചായിരിക്കുമെന്നു തിരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ അണികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. തന്റെ പിന്‍ഗാമിയാവാന്‍ മല്‍സരിക്കുന്ന മംഗ്വാംഗെയെ പിന്തുണയ്ക്കുന്നില്ലെന്നു 37 വര്‍ഷം രാജ്യം ഭരിച്ച റോബര്‍ട്ട് മുഗാബെ നേരത്തേ വ്യക്തമാക്കിയിരുന്നു.
തന്നെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റാന്‍ മുന്‍കൈയെടുത്ത  മംഗ്വാംഗെക്ക് താന്‍ വോട്ടു ചെയ്യില്ലെന്നായിരുന്നു മുഗാബെയുടെ പ്രസ്താവന. 1980ല്‍ ബ്രിട്ടണില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം മുഗാബെയില്ലാത്ത ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇന്നലത്തേത്. കഴിഞ്ഞ നവംബറിലാണ് പട്ടാളത്തിന്റെ സഹായത്തോടെ മുഗാബെയെ  സ്ഥാനഭ്രഷ്ടനാക്കിയത്. രാജ്യത്തെ 56 ലക്ഷം വോട്ടര്‍മാരില്‍ 60 ശതമാനവും 40 വയസ്സിന് താഴെയുള്ളവരാണ്. ഇതിനാല്‍ തന്നെ യുവാക്കളെ ആകര്‍ഷിക്കുന്ന, മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിലും നല്‍കുമെന്നതടക്കമുള്ള വന്‍ വാഗ്ദാനങ്ങളായിരുന്നു പ്രധാന പ്രചരണായുധം. അടുത്തമാസം നാലിനാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവിടുക. ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനത്തിലേറെ വോട്ട് നേടാനായില്ലെങ്കില്‍ സപ്തംബര്‍ എട്ടിന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.
Next Story

RELATED STORIES

Share it