പ്രസാര്‍ഭാരതി ജീവനക്കാരുടെ ശമ്പളം തടഞ്ഞ്് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിര്‍ദേശങ്ങള്‍ തള്ളിയ പ്രസാര്‍ഭാരതിക്കെതിരേ സ്മൃതി ഇറാനിയുടെ വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം. ജീവനക്കാരുടെ ശമ്പളം പിടിച്ചുവച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ പകവീട്ടല്‍. ശമ്പളം നല്‍കുന്നതിനുള്ള ഫണ്ട് വിട്ടുനല്‍കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനിയുടെ താല്‍പര്യപ്രകാരമുള്ള നിയമനങ്ങള്‍ക്ക് വിലങ്ങ് തടിയായതാണ് പ്രസാര്‍ ഭാരതി മന്ത്രാലയത്തിന്റെ കണ്ണിലെ കരടായത്. അതിഭീമമായ പാക്കേജില്‍ സ്വകാര്യകമ്പനിക്ക് പുറംകരാര്‍ നല്‍കുന്നതിനുള്ള കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രസാര്‍ഭാരതി തള്ളിയിരുന്നു.
പിന്നാലെ പ്രസാര്‍ഭാരതിക്കു താങ്ങാവുന്നതിലും ഉയര്‍ന്ന ശമ്പളത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ നിയമിക്കാനുള്ള നിര്‍ദേശവും തള്ളി. ഇതാണ് മന്ത്രാലയത്തിന്റെ പ്രതികാരത്തിനു കാരണമായത്.
സ്മൃതി ഇറാനിയുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു ഈ നിയമനങ്ങള്‍. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലുള്ള ഫണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചത്.
ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യാ റേഡിയോ എന്നിവയുടെ കീഴില്‍ വരുന്ന സ്വതന്ത്ര ബോഡിയാണ് പ്രസാര്‍ ഭാരതിയെങ്കിലും വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തില്‍നിന്നുള്ള ഗ്രാന്റോടെയാണ് ഇതിന്റെ പ്രവര്‍ത്തനം. പ്രസാര്‍ഭാരതിയില്‍ ജീവനക്കാര്‍ക്കു വേതനം നല്‍കുന്നതിനായി 2400 കോടിയാണ് പ്രതിവര്‍ഷം കേന്ദ്രം നല്‍കിവരുന്നത്.
കേന്ദ്ര നിര്‍ദേശം തള്ളിയതോടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം ഫണ്ട് നല്‍കുന്നതു മുടക്കി. കേന്ദ്രത്തിന്റെ നടപടി തുടര്‍ന്നാല്‍ പ്രസാര്‍ഭാരതിക്കു സ്വന്തം പോക്കറ്റില്‍നിന്നു പണം മുടക്കി ഏറെ നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് പ്രസാര്‍ഭാരതിയിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ഫണ്ട് നിലച്ചതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി 200 കോടി രൂപ പ്രസാര്‍ഭാരതി സ്വന്തം ഇനത്തില്‍ കണ്ടെത്തുകയായിരുന്നു.
കരാര്‍ ജീവനക്കാരെ പിരിച്ചു വിടണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശവും പ്രസാര്‍ഭാരതി തള്ളിയിരുന്നു.
Next Story

RELATED STORIES

Share it