പ്രസാര്‍ഭാരതി ഉദ്യോഗക്കയറ്റ തര്‍ക്കത്തിന് പരിഹാരമായി

ന്യൂഡല്‍ഹി: ആകാശവാണിയിലെയും ദൂരദര്‍ശനിലെയും പ്രോഗ്രാം ഓഫിസര്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കേണ്ടത് യുപിഎസ്‌സിയോ പ്രസാര്‍ഭാരതിയോ എന്ന തര്‍ക്കത്തില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ടേറ്റീവ് ട്രൈബ്യൂണല്‍ തീര്‍പ്പുകല്‍പ്പിച്ചു.
1995 മുതല്‍ ആകാശവാണി, ദൂരദര്‍ശന്‍ നിലയങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് ഉയര്‍ന്ന തസ്തികകളില്‍ ഭൂരിപക്ഷവും ഒഴിഞ്ഞുകിടക്കാനിടയാക്കിയ ഉദ്യോഗക്കയറ്റ തര്‍ക്കത്തിനാണ് ഇതോടെ വിരാമമായത്. സെന്‍ട്രല്‍ അഡ്മിനിസ്‌ടേറ്റീവ് ട്രൈബ്യൂണലിന്റെ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചാണ് സുപ്രധാനമായ വിധിന്യായം പുറപ്പെടുവിച്ചത്.
2000 ഏപ്രില്‍ ഒന്നുവരെയുള്ള അസിസന്റ് ഡയറക്ടര്‍മാരുടെ ഒഴിവുകളിലേക്ക് യുപിഎസ്‌സിയും അതിനുശേഷമുള്ള ഒഴിവുകളിലേക്ക് പ്രസാര്‍ഭാരതിയും ഡിപാര്‍മെന്റല്‍ പ്രൊമോഷന്‍ കമ്മറ്റി (ഡിപിസി) വിളിച്ചുകൂട്ടി ഉദ്യോഗക്കയറ്റം നല്‍കാന്‍ ജസ്റ്റിസുമാരായ ബി പി കടകായ്, കെ എന്‍ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കി നിയമന ഉത്തരവുകള്‍ നല്‍കി നാലു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പ്രോഗ്രാം എക്‌സിക്യൂട്ടീവ്മാരില്‍ നിന്ന് ഉയര്‍ന്ന തസ്തികകളിലേക്ക് നാലു മാസത്തിനകം ഡിപിസി വിളിച്ചുകൂട്ടി പ്രൊമോഷന്‍ നല്‍കണമെന്ന് 2002ല്‍ ഇതേ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് 13 വര്‍ഷമായിട്ടും നടപ്പാക്കാത്തതിനെതിരേ ആകാശവാണി, ദൂരദര്‍ശന്‍ പ്രോഗ്രാം സ്റ്റാഫ് അസോസിയേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഈ ഉത്തരവ്.
പ്രസാര്‍ഭാരതി നിയമത്തില്‍ വരുത്തിയ ഭേദഗതിയെത്തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, കേന്ദ്ര സെക്രട്ടേറിയറ്റ് തുടങ്ങിയ കേന്ദ്ര സര്‍വീസുകളില്‍ നിന്ന് നിയമിക്കപ്പെട്ടവരൊഴികെയുള്ള എല്ലാ വിഭാഗം ജീവനക്കാരെയും 2000 ഏപ്രില്‍ മുതല്‍ ഡീംഡ് ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ പ്രസാര്‍ഭാരതിയിലേക്കു മാറ്റിയിരുന്നു. ഇതു കണക്കിലെടുത്താണ് അതിനു മുമ്പു വരെയുള്ള പ്രൊമോഷന്‍ നടപടികള്‍ യുപിഎസ്‌സിയും ശേഷമുള്ള വര്‍ഷങ്ങളിലേത് പ്രസാര്‍ഭാരതിയും നടത്തണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ടേറ്റീവ് ട്രൈബ്യൂണലിന്റെ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ച് ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it