Flash News

പ്രസാധന മേഖലയിലെ വെല്ലുവിളികള്‍ക്കെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കും: ഡോ. എം.കെ മുനീര്‍

പ്രസാധന മേഖലയിലെ വെല്ലുവിളികള്‍ക്കെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കും: ഡോ. എം.കെ മുനീര്‍
X


ദുബൈ: കേരളത്തിലെ പുസ്തക പ്രസാധകര്‍ ചേര്‍ന്ന് രൂപം നല്‍കിയ 'പുസ്തകം' കൂട്ടായ്മ, പ്രസാധന മേഖല നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇന്നത്തെ പ്രത്യേകമായ പരിത:സ്ഥിതിയില്‍ പുസ്തക പ്രസാധന മേഖലയില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അളവില്‍ വിജയം കൊണ്ടു വരാന്‍ സാധിക്കുമെന്നും ഇന്ത്യയിലെ വര്‍ത്തമാനകാല സാഹചര്യത്തില്‍ എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാന്‍ കൂടി ഈ കൂട്ടായ്മക്ക് ലക്ഷ്യമുണ്ടെന്നും മുന്‍ മന്ത്രിയും ഒലീവ് പബ്ികേഷന്‍സ് ചെയര്‍മാനുമായ ഡോ. എം.കെ മുനീര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാളെ ആരംഭിക്കുന്ന 36-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ 'പുസ്തകം' കൂട്ടായ്മ അരങ്ങേറ്റം കുറിക്കും. മലയാളത്തിലെ ചെറുതും വലുതുമായ ഒട്ടുമിക്ക പുസ്തക പ്രസാധകരെയും ഒന്നിച്ച് അണിനിരത്താന്‍ 'പുസ്തക'ത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാതൃഭൂമി, പൂര്‍ണ, ഗ്രീന്‍ ബുക്‌സ്, ഒലീവ്, കൈരളി, എന്‍ബിഎസ്, ചിന്ത, പ്രഭാത്, സൈകതം, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഐപിഎച്ച്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക, ഗള്‍ഫ് മാധ്യമം, പ്രവാസി രിസാല, സിറാജ്, യുവത, വചനം, കെഎന്‍എം, റിനൈസ്സന്‍സ് തുടങ്ങിയ പ്രസാധകരാണ് ഈ കൂട്ടായ്മയില്‍ അണിനിരന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. പ്രസാധകര്‍ നേരിടുന്ന സമകാലിക പ്രതിസന്ധികളെ ഒന്നിച്ച് നേരിട്ട് ഐക്യത്തോടെ മുന്നോട്ടു പോവുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
ചെറുകിട പ്രസാധകര്‍ വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുനീര്‍ പറഞ്ഞു. അവര്‍ ഒരുമിച്ചു നില്‍ക്കേണ്ടത് അനിവാര്യതയായി മാറിയിരിക്കുകയാണ്.

സര്‍ക്കാറിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹായം മറ്റു ചിലര്‍ കൊണ്ടുപോകുന്നത് കാരണമായി സമാന്തര പ്രസിദ്ധീകരണങ്ങള്‍ പ്രയാസമനുഭവിക്കുകയാണ്. ആരോഗ്യകരമായ മല്‍സരം ഈ മേഖലയില്‍ ഉണ്ടായാല്‍ മാത്രമേ അഭിലഷണീയ നിലയില്‍ പ്രസാധക മേഖല പുഷ്ടിപ്പെടുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. 10 പ്രസാധകര്‍ ചേര്‍ന്നു കൊണ്ടാണ് ഈ കൂട്ടായ്മ സാധ്യമാക്കിയിരിക്കുന്നത്. ഇത് പ്രാരംഭ ദശയാണ്. വലുതെന്നോ ചെറുതെന്നോ ഭേദമില്ലാതെ കൂടുതല്‍ പ്രസാധനാലയങ്ങള്‍ കടന്നു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിലെ എല്ലാ പ്രസാധകരുമായും ബന്ധമുള്ളയാളെന്ന നിലയില്‍ ഇങ്ങനെയൊരു കൂട്ടായ്മ നിലവില്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍ പറഞ്ഞു. എഴുത്തുകാരോട് പ്രസാധകര്‍ കുറച്ചു കൂടി അനുഭാവം കാട്ടണമെന്ന് പറഞ്ഞ അദ്ദേഹം, മറ്റു പ്രസാധനാലയങ്ങളുമായി മല്‍സരിക്കുമ്പോള്‍ തന്നെ പുസ്തകങ്ങളുടെ നിലവാരത്തിലും ശ്രദ്ധ വെക്കണമെന്നും അഭിപ്രായപ്പെട്ടു. സമ്പന്ന എഴുത്തുകാരെന്നത് കേരളത്തില്‍ സംഭവ്യമേയല്ല. ഗുണനിലവാരമുള്ള പുസ്തകങ്ങള്‍ പ്രസാധനം ചെയ്യാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകദേശം 100 കോടിയോളം രൂപയുടെ പുസ്തക വില്‍പന ഇന്ന് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് ഗ്രീന്‍ ബുക്‌സ് എംഡി കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍, ചെറുകിട പ്രസാധകര്‍ക്ക് വേണ്ടത്ര അളവില്‍ പുസ്തകങ്ങള്‍ വില്‍ക്കാന്‍ പറ്റുന്നില്ല. ഒരുപാട് വിവര്‍ത്തന ഗ്രന്ഥങ്ങള്‍ ഇന്ന് മലയാളത്തില്‍ ഇറങ്ങുന്നുണ്ട്. ഇത് സര്‍ഗാത്മകതകക്ക് ശക്തി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൂര്‍ണ ബുക്‌സ് സിഇഒ എന്‍.ഇ മനോഹര്‍ മാരാര്‍, കൈരളി ബുക്‌സ് എംഡി ഒ. അശോക് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it