Pathanamthitta local

പ്രസാദ് വധത്തിനു പിന്നില്‍ പരാതിപ്പെട്ടതിലെ വൈരാഗ്യം

പത്തനംതിട്ട: ഇലന്തൂരില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയത് അനന്തരവളെ ശല്യം ചെയ്തതിന് പ്രതിയായ ജോജോക്കെതിരേ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍. കൊല്ലന്‍പാറ ലക്ഷംവീട് കോളനിയില്‍ പ്രസാദ് ഭവനില്‍ പ്രസാദാണ് (45) മരിച്ചത്. കഴിഞ്ഞ 27ന് രാവിലെ അയല്‍വാസികളാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തിലേറ്റ മുറിവില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ വീടിന്റെ തറയിലാണ് മൃതദേഹം കിടന്നത്. മൃതദേഹത്തിന് സമീപം മുളക് പൊടി വിതറിയിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കോളനിയിലെ താമസക്കാരായ സുജിത്ത് (സത്താര്‍), ജിജോ എന്നിവര്‍ പിടിയിലായത്.
പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ സമീപവാസിയായ ജോജോ ശല്യം ചെയ്തതിന് പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയുടെ അമ്മാവനായ പ്രസാദിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സ്‌കുളില്‍ നിന്ന് മടങ്ങിവരുമ്പോള്‍ പ്രതി ജോജോ പെണ്‍കുട്ടിയുടെ കൈയില്‍ കടന്നുപിടിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കി.
ആറന്‍മുള പോലിസ് ജോജോക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം ജയിലിലിട്ടു. ഇതിന്റെ വൈരാഗ്യത്തില്‍ പുറത്തിറങ്ങിയശേഷം സുഹൃത്തായ സുജിത്തുമായി ഗൂഢാലോചന നടത്തിയാണ് കലിപ്പണിക്കാരനായ പ്രസാദിനെ കൊലപ്പെടുത്തിയത്. മദ്യപിച്ചശേഷം പ്രസാദിന്റെ വീട്ടില്‍ കടന്നുകയറി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ സുജിത്തിന്റെ വീട്ടില്‍ നിന്ന് രക്തം പുരണ്ട ജിജോയുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തു.
കൊലയ്ക്ക് ശേഷം ഒളിവില്‍പോയ ഇരുവരെയും കഴിഞ്ഞ ദിവസം വൈകീട്ടാണ് ആറന്‍മുള സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടി കുടിയതെന്ന് പത്തനംതിട്ട ഡിവൈഎസ്പി റഫീക്ക് പറഞ്ഞു. ഇരുവരേയും പ്രസാദിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it