Kollam Local

പ്രസവ ശസ്ത്രക്രിയയിലെ അപാകത: വനിതാ ഡോക്ടര്‍ക്കെതിരേ എസ്പിക്ക് പരാതി

കൊട്ടാരക്കര: പ്രസവ ശസ്ത്രക്രിയയിലെ അപാകത മൂലം യുവതി ജീവന്‍ നഷ്ടപ്പെടും വിധം ഗുരുതരാവസ്ഥയിലായതായി കാണിച്ച് ഭര്‍ത്താവിന്റെ പരാതി. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് റൂറല്‍ എസ്പിക്ക് പരാതി നല്‍കി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ ശ്രീജയ്‌ക്കെതിരെയാണ് പരാതി നല്‍കിയത്. ഇവിടെ പ്രസവ ശസ്ത്രക്രിയക്കും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കും വിധേയയായ കൊട്ടാരക്കര പള്ളിക്കല്‍ നഹാസ് മന്‍സിലില്‍ ഷംലയുടെ ഭര്‍ത്താവ് നഹാസാണ് പരാതിക്കാരന്‍. ഗര്‍ഭിണിയായതു മുതല്‍ ഡോ. ശ്രീജയുടെ ചികില്‍സയിലായിരുന്ന ഷംലയെ കഴിഞ്ഞ മാസം 16 നാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ഉച്ച കഴിഞ്ഞ് ഇവര്‍ക്ക് കടുത്ത ശ്വാസംമുട്ടലും അസ്വസ്ഥതകളും അനുഭവപ്പെട്ടു. സ്വകാര്യ പ്രാക്ടീസ് ഉള്ളതിനാല്‍ ഡോക്ടര്‍ യഥാസമയം പരിശോധിക്കുവാന്‍ തയ്യാറായില്ല. ബന്ധുക്കളുടെ നിര്‍ബന്ധം മൂലം വൈകീട്ട് ആറ് മണി കഴിഞ്ഞെത്തിയ ഡോക്ടര്‍ രോഗിയെ ശരിയായി പരിശോധിക്കാതെ പരിഹസിച്ച് മടങ്ങുകയാണുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് ഇവരുടെ ശ്വാസംമുട്ടല്‍ വര്‍ധിക്കുകയും രക്തനില ഗണ്യമായി കുറയുകയും ചെയ്തു. ഓക്‌സിജന്‍ നല്‍കുവാനുള്ള സൗകര്യം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. നില വീണ്ടും വഷളായതിനെ തുടര്‍ന്ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റുവാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേയ്ക്ക് പോകാന്‍ എഴുതി നല്‍കി. ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ജീവന്‍ തന്നെ അപകടത്തിലാകുമെന്നതിനാല്‍ ബന്ധുക്കള്‍ ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അവിടുത്തെ പരിശോധനയില്‍ ശസ്ത്രക്രിയയിലെ അപാകതയാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമായതെന്ന് വ്യക്തമായി. വന്ധ്യംകരണ ശസ്ത്രക്രിയയെത്തുടര്‍ന്ന് വയറില്‍ രക്തം കെട്ടിക്കിടന്നതാണ് ആരോഗ്യനില വഷളാക്കിയത്.
തുടര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ദിവസങ്ങളോളം ഐസിയുവിലും വാര്‍ഡിലും കിടന്ന വലിയ സാമ്പത്തിക ചെലവുണ്ടായതായി പരാതിയിലുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെകൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്ന് റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it