malappuram local

പ്രസവ ചികില്‍സാ പിഴവെന്ന് ആരോപിച്ച് പിതാവിന്റെ നിരാഹാര സമരം

എടപ്പാള്‍: നാലു വയസ് പ്രായമായ കുഞ്ഞിന്റെ മാറാരോഗത്തിനു കാരണം പ്രസവ സമയത്തെ ചികില്‍സാപ്പിഴവ് മൂലമെന്നാരോപിച്ചു കുട്ടിയുടെ പിതാവ് എടപ്പാളില്‍ നിരാഹാര സമരം ആരംഭിച്ചു. പാലക്കാട് ആലൂര്‍ പട്ടിത്തറ സ്വദേശി ചെന്നക്കോട്ടില്‍ അഭിലാഷാണ് ജങ്ഷനിലെ തൃശൂര്‍ റോഡില്‍ ഇന്നലെ മുതല്‍ നിരാഹാര സമരം നടത്തുന്നത്.
അഭിലാഷിന്റെ ഭാര്യ സുമ 2015 മെയ് 28നായിരുന്നു എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചത്. പ്രസവിച്ചയുടന്‍ തന്നെ കുട്ടിയെ ന്യൂബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്ക് എന്താണ് അസുഖമെന്നു ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ ഒരു പ്രശ്്‌നവുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ സ്ഥിതി മോശമാണെന്നു പറഞ്ഞതിനെ തുടര്‍ന്നു കുട്ടിയെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തോളം അവിടെ കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികില്‍സിച്ചു. വിദഗ്ധ പരിശോധനയില്‍ പ്രസവസമയത്ത് പറ്റിയ തകരാറാണ് കുട്ടിക്കെന്നാണു തൃശൂരിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. പ്രസവസമയത്ത് കുട്ടി നിലത്തു വീണ് തലയ്ക്കു ക്ഷതമേല്‍ക്കുകയോ മറ്റെന്തിലും അശ്രദ്ധ മൂലം തലയക്കു ക്ഷതമേല്‍ക്കുകയോ ചെയ്തതാകാമെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. അതുമൂലം തലച്ചോറിലേക്കു രക്തവും ഓക്‌സിജനും ലഭിക്കാതെ യാതൊരു ചലനവുമില്ലാതെയാണ് കുട്ടി ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. തൃശൂരിലെ ആശുപത്രിയിലെ ചികില്‍സ ഇപ്പോഴും തുടരുന്നെങ്കിലും അസുഖത്തിനു യാതൊരു മാറ്റവുമില്ല. വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെങ്കില്‍ 30 ലക്ഷം രൂപ വേണമെന്നാണു ചികില്‍സ നടത്തുന്ന ഡോക്ടര്‍മാര്‍ പറയുന്നത്.
പട്ടികജാതി വിഭാഗത്തില്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന സുഭാഷിന്റെ കുടുംബം ലക്ഷക്കണക്കിന് രൂപ കടംവാങ്ങിയാണ് ഇതുവരെയുള്ള ചികില്‍സ നടത്തിയത്. ഈ സംഭവം വിവരിച്ചുകൊണ്ടും ആശുപത്രി അധികൃതര്‍ക്കെതിരേ നടപടി കൈക്കൊള്ളണമെന്നും തന്റെ കുട്ടിയുടെ ചികില്‍സയക്ക് ആവശ്യമായ സഹായം വാങ്ങിത്തരണമെന്നും കാണിച്ച് മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ട്, തിരൂര്‍ ഡിവൈഎസ്്പി ജില്ലാ മെഡിക്കല്‍ ഓഫിസര്‍, സംസ്ഥാന മുഖ്യമന്ത്രി, സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി, മലപ്പുറം ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് താന്‍ പരാതി നല്‍കിയിട്ടും നാളിതുവരെ യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും അഭിലാഷ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് താന്‍ നീതി തേടി അനിശ്ചിതകാല നിരാഹാര സമരത്തിന് ഇറങ്ങിയിട്ടുള്ളതന്നും അടുത്ത ദിവസം സമരം ആശുപത്രിക്കു മുന്നിലേക്ക് മാറ്റുമെന്ന് അഭിലാഷ് പറഞ്ഞു. അഭിലാഷിന്റെ സുഹൃത്ത് കാശാമുത്ത് സ്വദേശി മുനീറും നിരാഹാര സമരത്തിലുണ്ട്.
Next Story

RELATED STORIES

Share it