പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിയുടെ വീഴ്ചയെന്ന് ബന്ധുക്കള്‍

ഹരിപ്പാട്: പ്രസവത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. താമല്ലാക്കല്‍ വടക്ക് കാട്ടില്‍ മാ ര്‍ക്കറ്റ് മംഗലശ്ശേരില്‍ പീതാംബരന്റെ മകള്‍ നീതുവാണ് (അശ്വതി- 27) പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ്  പ്രസവത്തിനായി ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടുത്തെ ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു തുടക്കം മുതല്‍ ചികില്‍സ നടത്തിയിരുന്നത്. നീതുവിന്റെ രണ്ടാമത്തെ പ്രസവമായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സിസേറിയന്‍ ഓപറേഷന്‍ ആരംഭിച്ചു. 12.56ന് പെണ്‍കുഞ്ഞ് ജനിച്ചു. നീതുവിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിച്ച ബന്ധുക്കളോട് കുഴപ്പമൊന്നുമില്ല എന്ന മറുപടിയാണ് ഡോക്ടര്‍ നല്‍കിയത്. എന്നാല്‍ ഡോക്ടറുടെയും സ്റ്റാഫിന്റെയും തിരക്കും പരിഭ്രമവും ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വിദഗ്ധ ചികില്‍സയ്ക്കായി വേറെ ആശുപത്രിയില്‍ കൊണ്ടുപോവണോയെന്ന് ഉച്ചയ്ക്ക് രണ്ടോടെ ചോദിച്ചുവെങ്കിലും അതിന്റെ ആവശ്യമില്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്.ഇതിനിടയില്‍ തങ്ങളെക്കൊണ്ട് പല പേപ്പറുകളില്‍ ഒപ്പിടുവിച്ചെന്നും മുന്‍കൂട്ടി പറയാതെ യുവതിയുടെ ഗര്‍ഭപാത്രം നീക്കംചെയ്ത തായും ബന്ധുക്കള്‍ ആരോപിച്ചു. രക്ത സ്രാവത്തെ തുടര്‍ന്ന് ആശുപത്രി സ്റ്റാഫുകളില്‍ 3 പേരുടെയും മറ്റു 2 പേരുടെയും രക്തം കൊടുത്തുവെങ്കിലും ഫലമുണ്ടായില്ല. രാത്രി 12 ഓടെ വീണ്ടും ഒരു ഓപറേഷന്‍ കൂടി നടത്തുകയാണെന്ന് പറഞ്ഞു. പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ വിദഗ്ധ ഡോക്ടറുടെ സഹായം ആശുപത്രി അധികൃതര്‍ തേടി. പുലര്‍ച്ചെ ഒന്നോടെ നീതുവിന്റെ ബന്ധുക്കളെ വിളിച്ച് രോഗിയുടെ നില വഷളാവുകയാണെന്നു പറഞ്ഞു. കാര്‍ഡിയോളജിസ്റ്റും ഗൈനക്കോളജിസ്റ്റും ഉള്ള വണ്ടാനത്തേക്ക് കൊണ്ടുപോവണമെന്നും വിളിച്ച് ഏര്‍പ്പാടുചെയ്തിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കത്തും നല്‍കി വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വണ്ടാനത്തേക്ക് അയക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ നീതു മരണത്തിന് കീഴടങ്ങി.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: കോമളവല്ലി. ഭര്‍ത്താവ്: സുധീഷ്. മകള്‍: വിസ്മയ (6). സ്വകാര്യ ആശുപത്രിക്കെതിരേ ബന്ധുക്കള്‍ ഹരിപ്പാട് പോലിസില്‍ പരാതിനല്‍കി.
Next Story

RELATED STORIES

Share it