പ്രസവത്തെ തുടര്‍ന്ന് നിലച്ച പഠനം തുടരാം; നിയമപോരാട്ടത്തില്‍ വിദ്യാര്‍ഥിനിക്ക് ജയം

കണ്ണൂര്‍: പ്രസവത്തെ തുടര്‍ന്നു നിലച്ചുപോയ പഠനം തുടരാന്‍ നിയമപോരാട്ടം നടത്തിയ വിദ്യാര്‍ഥിനിക്ക് ഒടുവില്‍ നീതിപീഠത്തിന്റെ കൈത്താങ്ങ്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ അറബിക് ബിരുദ വിദ്യാര്‍ഥിനി കെ അന്‍സിയാബിയാണ് നിയമപോരാട്ടത്തിലൂടെ ഹൈക്കോടതിയില്‍ നിന്നു സുപ്രധാന വിധി സമ്പാദിച്ചത്.
ഗര്‍ഭധാരണവും പ്രസവവും കാരണം പഠനം ഇടയ്ക്കുവച്ചു നിര്‍ത്തേണ്ടിവന്നവര്‍ക്ക് തുടര്‍പഠനാവസരം നിഷേധിക്കരുതെന്നു ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമാണ് ഉത്തരവിറക്കിയത്. അമ്മയായ ശേഷവും പഠനം തുടരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്നത് പ്രധാനമാണെന്നു നിരീക്ഷിച്ച കോടതി, പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ പ്രയാസങ്ങള്‍ക്കിടയിലും പഠനം തുടരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് പ്രോല്‍സാഹിപ്പിക്കേണ്ടതാണെന്നും വ്യക്തമാക്കി.
പ്രയാസങ്ങള്‍ക്കിടയിലും പഠനം തുടരാന്‍ ആഗ്രഹിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാവണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തില്‍ തുടര്‍പഠനത്തിനു തടസ്സം നിന്ന അധികൃതര്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അന്‍സിയാബിക്ക് ബിഎ അറബിക് നാലാം സെമസ്റ്ററില്‍ പ്രവേശനം നല്‍കുകയും ചെയ്തു.
2014 ജൂണിലാണ് അന്‍സിയാബി അറബിക് ബിരുദ ക്ലാസില്‍ പ്രവേശനം നേടിയത്. മാസങ്ങള്‍ക്കകം വിവാഹിതയായ അന്‍സിയാബി മൂന്നാം സെമസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും പ്രസവം കാരണം നാലാം സെമസ്റ്റര്‍ ക്ലാസില്‍ ഹാജരാവാനായില്ല. 2016 മാര്‍ച്ച് 16ന് പ്രസവിച്ച യുവതി തുടര്‍ന്ന് പഠിക്കാനാഗ്രഹമുണ്ടെന്നും നാലാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കണമെന്നും ആവശ്യപ്പെട്ട് 2017 ജനുവരിയില്‍ പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കി. മുന്‍ സെമസ്റ്ററിലെ പേപ്പറുകള്‍ പാസാവാനുള്ളവര്‍ക്ക് അടുത്ത സെമസ്റ്ററിലേക്ക് പുനപ്രവേശനം നല്‍കാനാവില്ലെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍, ഇതു സര്‍വകലാശാലാ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു വിവരാവകാശ നിയമത്തിലൂടെ മനസ്സിലാക്കിയ അന്‍സിയാബി തനിക്ക് പഠനത്തിന് അവസരം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്ലാസ് തുടങ്ങിയതിനാല്‍ തല്‍ക്കാലം പ്രവേശനം നല്‍കാന്‍ നിര്‍ദേശിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, നിയമാനുസൃതം വീണ്ടും അപേക്ഷിക്കാന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വീണ്ടും അപേക്ഷിച്ചെങ്കിലും കോളജ് അധികൃതര്‍ വിസമ്മതിച്ചു. അന്‍സിയാബി വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അപേക്ഷ പരിഗണിച്ച കോടതി മൂന്നാഴ്ചയ്ക്കകം നിയമാനുസൃതം നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, പ്രവേശനം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് വീണ്ടും ഹൈക്കോടതിയിലെത്തിയപ്പോഴാണ് നാലാം സെമസ്റ്ററില്‍ അന്‍സിയാബിക്ക് ഉടന്‍ പ്രവേശനം നല്‍കണമെന്നു ജസ്റ്റിസ് അനു ശിവരാമന്‍ വിധിച്ചത്.
മുന്‍ സെമസ്റ്ററിലെ പരീക്ഷകളെല്ലാം പാസാവാത്തവര്‍ക്ക് കോളജില്‍ പുനപ്രവേശനം നല്‍കരുതെന്ന കോളജ് അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും സാഹചര്യത്തില്‍ പഠനം നിര്‍ത്തിയവര്‍ക്ക് ബാധകമാക്കുന്നത് നീതീകരിക്കാനാവില്ലെന്നു കോടതി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it