kannur local

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരേ ബന്ധുക്കള്‍

മാഹി: തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്.
ഒഞ്ചിയം സ്വദേശി കോടേരി മീത്തല്‍ വിനീഷിന്റെ ഭാര്യയും മാഹി പന്തക്കല്‍ തിയ്യകണ്ടിയില്‍ രാജന്റെ മകളുമായ നിധിന(27)യും കുഞ്ഞുമാണ് മരണപ്പെട്ടത്. ജൂണ്‍ 11നാണ് ഇവരെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യപ്രസവത്തിന്റെ സമയം ആസ്തമ ഉണ്ടായിരുന്നതായി അഡ്മിഷന്‍ സമയത്തു തന്നെ ഡോക്ടറെ അറിയിച്ചിരുന്നതായും അത് ഡോക്ടര്‍ രേഖപ്പെടുത്തിയതായും വിനീഷ് ആശുപത്രി സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. 12നു രാവിലെ ആരോഗ്യസ്ഥിതിയെകുറിച്ച് നിധിന ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. എന്നാല്‍ ലേബര്‍ റൂമിലുണ്ടായിരുന്നവര്‍ മോശമായ ഭാഷയിലാണു ഇതിനോട് പ്രതികരിച്ചത്.
വൈകീട്ടോടെ അമ്മയുടെ നില വഷളാവുകയും ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കുഞ്ഞിനെ നഷ്ടപ്പെടുത്തേണ്ടി വരുമെന്ന് ഡോക്ടര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം വിട്ടുതരാത്തതില്‍ പരാതിയില്ലെന്ന് എഴുതിക്കൊടുക്കേണ്ടി വന്നതായി വിനീഷ് പറയുന്നു. നിധിനയെ തലശ്ശേരിയിലെ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചില്ല. കോഴിക്കോട്ടുനിന്ന് ഐസിയു. സജ്ജീകരണമുള്ള ആംബുലന്‍സ് എത്തിച്ച ശേഷമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വെന്റിലേറ്ററില്‍ തുടര്‍ന്ന യുവതി രണ്ടുദിവസത്തിനു ശേഷം മരണപ്പെടുകയും ചെയ്തു. തലശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയാണ് ഭാര്യയുടെയും കുഞ്ഞിന്റെയും ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് വിനീഷ്പറയുന്നു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
Next Story

RELATED STORIES

Share it