wayanad local

പ്രശ്‌നബാധിത മേഖലകളില്‍ കനത്ത സുരക്ഷ

കല്‍പ്പറ്റ: ഇന്നു നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് കനത്ത സുരക്ഷ. 11 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പോലിസും മറ്റ് സേനാവിഭാഗങ്ങളുമുള്‍പ്പെടെ 18 കമ്പനി സേനയുണ്ട്. മാവോവാദി ഭീഷണിയുള്ള 26 ബൂത്തുകളില്‍ അതീവ സുരക്ഷാ സംവിധാനങ്ങളൊരുക്കി. ഇവിടെ പൂര്‍ണമായും വീഡിയോ റെക്കോഡിങ് നടത്തും. വോട്ട് ചെയ്യാനെത്തുന്നവരെ തടയുകയോ മറ്റ് അനിഷ്ട സംഭവങ്ങളുണ്ടാവുകയോ ചെയ്താല്‍ അത്തരം സ്ഥലങ്ങളില്‍ പെട്ടന്ന് എത്തിച്ചേരുന്നതിന് 90 പട്രോളിങ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണ സജ്ജരായുണ്ട്. ജില്ലയിലെ പോലിസ് സേനയ്ക്കു പുറമെ കര്‍ണാടക റിസര്‍വ് പോലിസിന്റെ ഒരു കമ്പനിയും എറണാകുളത്ത് നിന്ന് നാലു കമ്പനിയും തണ്ടര്‍ബോള്‍ട്ടും ആന്റി നക്‌സല്‍ സ്‌ക്വാഡും ഉള്‍പ്പെടെ വിവിധ സേനകള്‍ സുരക്ഷയൊരുക്കുന്നതിനായി രംഗത്തുണ്ട്.  ബൂത്തുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, മാവോവാദി സാന്നിധ്യം, മുമ്പുണ്ടായ പ്രശ്‌നങ്ങള്‍ എന്നിവ പരിശോധിച്ച് അതീവ സുരക്ഷ ആവശ്യമുള്ളത്, ഇടത്തരം സുരക്ഷ, സാധാരണ സുരക്ഷ ആവശ്യമുള്ളത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സുഗമമായ വോട്ടെടുപ്പിന് തടസ്സമുണ്ടാക്കുന്ന പ്രവൃത്തികളുണ്ടായാല്‍ 100, 1090 നമ്പറുകള്‍ക്ക് പുറമെ ജില്ലാ പോലിസ് മേധാവി- 9497996974, ഇലക്ഷന്‍ കണ്‍ട്രോള്‍ ഓഫിസര്‍- 9497990124, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി- 9497990125 എന്നിവരുടെ നമ്പറുകളിലും വിവരമറിയിക്കാം.
Next Story

RELATED STORIES

Share it