പ്രശ്‌നപരിഹാരത്തിന് തീവ്രശ്രമവുമായി സഭ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പന വിഷയം രമ്യമായി പരിഹരിക്കാന്‍ സീറോ മലബാര്‍ സഭ സ്ഥിര സിനഡിന്റെ നേതൃത്വത്തില്‍ തീവ്രശ്രമം. വിഷയത്തില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന നിലപാടില്‍ അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണു സഭാ നീക്കം.
പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ സ്ഥിരം സിനഡ് മെത്രാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലാണ് ശ്രമംനടക്കുന്നത്. കെസിബിസി അധ്യക്ഷന്‍ സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ നേരത്തെ പലതവണ ചര്‍ച്ച നടന്നിരുന്നുവെങ്കിലും ഫലംകണ്ടിരുന്നില്ല. കര്‍ദിനാളിനെതിരേ വിശ്വാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി) അടുത്ത ദിവസങ്ങളില്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങിയതിനെ തുടര്‍ന്നാണ് അനുരഞ്ജനശ്രമം വീണ്ടും ശക്തമാക്കിയത്.
ഇന്നലെ വൈകീട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഉന്നതസമിതികളിലൊന്നായ കൂരിയ അംഗങ്ങളുമായി മെത്രാന്‍മാര്‍ ചര്‍ച്ച നടത്തി.  ഇന്ന് രാവിലെ മുതല്‍ വൈദിക സമിതി, എഎംടി എന്നിവരുമായി മെത്രാന്‍മാര്‍ ചര്‍ച്ച നടത്തുമെന്നാണു വിവരം. എന്നാല്‍ വിഷയത്തിന്റെ യഥാര്‍ഥ വസ്തുത പുറത്തുവരുന്നതുവരെ ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്ത് നിന്നു മാറി നില്‍ക്കുക, എന്താണു സംഭവിച്ചതെന്ന്് കര്‍ദിനാള്‍ തുറന്നുപറയുക, അതിരൂപതയ്ക്കുണ്ടായ നഷ്ടം സ്വന്തംനിലയില്‍ നികത്തുക, അതിരൂപതയിലെ വൈദികരെ വിശ്വാസത്തിലെടുക്കുക എന്നീ ആവശ്യങ്ങളില്‍ നിന്നു പിന്നാക്കം പോവില്ലെന്ന നിലപാടില്‍ തന്നെയാണ് എഎംടി. ഇതേ നിലപാട് തന്നെയാണ് ഒരു വിഭാഗം വൈദികര്‍ക്കും ഉള്ളതെന്നാണു വിവരം.
വിവാദ ഭൂമി വില്‍പന വിഷയത്തില്‍ സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കും പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ ഹൈക്കോടതി  സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു കര്‍ദിനാളിന്റെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. ഇതിനെതിരേ എഎംടി ഇന്നോ, നാളെയോ സുപ്രിംകോടതിയെ സമീപിക്കും. ഇതിനിടയിലാണ് ഒത്തുതീര്‍പ്പു ശ്രമം വേഗത്തിലാക്കിയത്.
ഓശാന ഞായര്‍, ദുഃഖവെള്ളി, ഈസ്റ്റര്‍ അടക്കമുള്ള പ്രധാന ദിവസങ്ങള്‍ അടുത്തിരിക്കെ അതിനു മുമ്പു പ്രശ്‌നം പരിഹരിക്കാനാണു ലക്ഷ്യമിടുന്നത്. കര്‍ദിനാളിനെതിരേ സുപ്രിം കോടതിയില്‍ നിന്നു വിധിയുണ്ടായാല്‍ സഭ വീണ്ടും കടുത്ത പ്രതിസന്ധിയിലാവും. എറണാകുളം-അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളിലെ ചടങ്ങുകളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പങ്കെടുപ്പിക്കില്ലെന്ന നിലപാടിലാണ് എഎംടി. ഈ അതിരൂപതയിലെ വൈദികരെ പുറത്തുളള ഒരു ദേവാലയത്തിലെ ചടങ്ങുകളിലും പ്രവേശിപ്പിക്കില്ലെന്ന നിലപാടുമായി കര്‍ദിനാളിനെ അനൂകൂലിക്കുന്ന ഇന്ത്യന്‍ കാത്തലിക് ഫോറവും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it