പ്രശ്‌നപരിഹാരം അസാധ്യമാക്കുന്ന സമീപനം ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി

കൊച്ചി: തീരദേശത്തുണ്ടായ ദുരന്തത്തിന്റെ ഈ ഘട്ടത്തില്‍ വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്‌നപരിഹാരം അസാധ്യമാക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം മറൈന്‍ഡ്രൈവില്‍ ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) ഇന്റര്‍നാഷനലിന്റെ 20ാം വാര്‍ഷികവും നാലാം മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറെ ദുഃഖകരമായ അവസ്ഥയാണുണ്ടായത്. എന്നാല്‍, അതിനെ വൈകാരികമായി മാത്രം കണ്ടാല്‍ പോര. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തില്‍ അത് ചെയ്തില്ലെങ്കില്‍ അത് ചെയ്യാന്‍ മറ്റൊരു ഘട്ടമുണ്ടാവില്ല. ആരെയെങ്കിലും കുറ്റപ്പെടുത്താനോ ആര്‍ക്കെങ്കിലും മേലെ വിജയം സ്ഥാപിച്ചെടുക്കാനുള്ള സന്ദര്‍ഭമല്ല ഇത്. ദുരന്തവേളകളെപ്പോലും മനുഷ്യത്വരഹിതമായി ദുരുപയോഗിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. വൈകാരികതയുടെ അന്തരീക്ഷം സൃഷ്ടിച്ച് മറ്റൊരു തരത്തില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുമുണ്ട്. വൈകാരികത കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലന്നെ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്തവേളയില്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തു.  ആശ്വാസവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണം. ദുരിതബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഫലപ്രദമായാണ് ഇടപെടുന്നത്. 1843 കോടിയുടെ അധികസഹായം ആവശ്യപ്പെട്ടുള്ള നിവേദനം കേന്ദ്ര ആഭ്യന്തരമന്ത്രിക്കു നല്‍കി. പ്രതിരോധമന്ത്രിയെയും കണ്ടു. ആവശ്യമായ നടപടി സ്വീകരിക്കും എന്ന ഉറപ്പു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന തിരച്ചില്‍ 10 ദിവസംകൂടി തുടരും.ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സഹകരിച്ച് തിരച്ചില്‍ തുടരും. കേരളത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. പെട്ടെന്നു തന്നെ 300 കോടി അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ആകാവുന്നത്ര താങ്ങ് സര്‍ക്കാര്‍ നല്‍കും. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ഇനി തൊഴിലെടുക്കാന്‍ കഴിയാത്തവരുടെ പുനരധിവാസത്തിന് അഞ്ചുലക്ഷം രൂപയും നല്‍കും. ദുരിതാശ്വാസ പാക്കേജ് പൊതുവെ ആശ്വാസകരമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it