kozhikode local

പ്രശ്‌നങ്ങള്‍ തീരാതെ കൊടിയത്തൂര്‍ കോണ്‍ഗ്രസ്

മുക്കം: കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയില്‍ പ്രശ്‌നങ്ങള്‍ ഇനിയും അവസാനിച്ചില്ല. മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷനില്‍ ഇരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായതിന് പിന്നാലെ സേവ് കോണ്‍ഗ്രസ് ഫോറം രൂപീകരിച്ചും ഒരു വിഭാഗം രംഗത്തെത്തി. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ച രാജന്‍ മാവായി, പ്രഭാകരന്‍ എന്നിവരെ പുറത്താക്കണമെന്ന് സേവ് കോണ്‍ഗ്രസ് ഫോറം ആവശ്യപ്പെട്ടു.
മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ബഹിഷ്‌ക്കരിക്കുകയും എന്നാല്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയുമാണിവര്‍ ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച ഈ നേതാക്കള്‍ ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് നെ തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും സേവ് കോണ്‍ഗ്രസ് ഫോറം ആവശ്യപ്പെട്ടു.
നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചില്ലങ്കില്‍ ഇവരെ തടയുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്നും സേവ് കോണ്‍ഗ്രസ് ഫോറം മുന്നറിയിപ്പ് നല്‍കി .അതിനിടെ ബഷീര്‍ പുതിയോട്ടിലിനെ തിരിച്ചെടുത്തതിനെതിരെ കൊടിയത്തൂരില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പന്നിക്കോട്, ഗോതമ്പ റോഡ്, കൊടിയത്തൂര്‍ ,കാരക്കുറ്റി, എരഞ്ഞിമാവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സുകാരേ നാം ലജ്ജിക്കുക എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍ .
കെപിസിസി പ്രസിഡന്റ് 6 വര്‍ഷത്തേക്ക് പുറത്താക്കിയ വ്യക്തി, പ്രസിഡന്റ് അറിയാതെ ഡിസിസി പ്രസിഡന്റിനെയും സെക്രട്ടറിയേയും സോപ്പിട്ട് പാര്‍ട്ടിയില്‍ കയറി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ മത്സരിച്ചു പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചു. മറ്റു പാര്‍ട്ടിയില്‍ ചേക്കേറാന്‍ കഴിയാതെ വീണ്ടും കോണ്‍ഗ്രസിലെത്താന്‍ ശ്രമം നടത്തി. അത്തരം കപടന്‍മാരെ തിരിച്ചറിയുക. തുടങ്ങിയവയാണ് പോസ്റ്ററിലുള്ളത്.
Next Story

RELATED STORIES

Share it