പ്രവേശനോല്‍സവത്തിനിടെ വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു

കോന്നി: പ്രവേശനോല്‍സവത്തിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വാഴമുട്ടം ഈസ്റ്റ് പുതുപ്പറമ്പില്‍ വടക്കേതില്‍ ബിജു-ബിന്‍സി ദമ്പതികളുടെ മകന്‍ ബിജില്‍ ബിജു (13)വിനാണ് കടിയേറ്റത്.
ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. 9.30നു മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂളില്‍ എത്തിയ കുട്ടികളെ പ്രവേശനോല്‍സവത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ക്ലാസ്മുറികളില്‍ ഇരുത്തി. തുടര്‍ന്ന് ബിജിലിനെയും സഹപാഠികളെയും പഴയ എട്ടാം ക്ലാസ്മുറിയില്‍ നിന്ന് ഒമ്പതാം ക്ലാസിന്റെ പുതിയ മുറിയിലേക്ക് മാറ്റിയിരുത്തി. ഇവിടെ വച്ചാണ് ഡെസ്‌കിന്റെ അടിയില്‍ പതുങ്ങിയിരുന്ന വാരിമൂര്‍ഖന്‍ ഇനത്തില്‍പെട്ട ചെറിയ പാമ്പ് ബിജിലിനെ കടിച്ചത്. പരിഭ്രാന്തനായ ബിജില്‍ ക്ലാസ്മുറിയില്‍ കുഴഞ്ഞുവീണു. പാമ്പിനെ കണ്ട സഹപാഠികള്‍ പരിഭ്രാന്തരായി നാലുപാടും ചിതറി ഓടിയതോടെ സ്‌കൂളില്‍ എത്തിയ 1200ഓളം കുട്ടികളും രക്ഷിതാക്കളും ആശങ്കയിലായി. ബിജിലിനെ ഉടനെത്തന്നെ ആശുപത്രിയില്‍ എത്തിച്ചു.  ബിജിലിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it