malappuram local

പ്രവേശനോല്‍സവം വര്‍ണാഭം

മലപ്പുറം: പുതിയ അധ്യയന വര്‍ഷത്തെ ആഘോഷപൂര്‍വം വരവേറ്റ്് പ്രവേശനോല്‍സവങ്ങള്‍ ശ്രദ്ധേയമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നഗരസഭ ആവിഷ്‌കരിച്ച വിജയപഥം പദ്ധതിയുടെ പ്രവര്‍ത്തനഫലമായി റിക്കാര്‍ഡ് അഡ്മിഷനാണ് നഗരസഭയിലെ പൊതുവിദ്യാലയങ്ങളിലേക്ക് ഈ അധ്യയന വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2320 അധികം കുട്ടികള്‍ പുതുവര്‍ഷം  വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നേടി. ഒന്നാം ക്ലാസ്സിലേക്കും നഴ്‌സറി ക്ലാസ്സിലേക്കുമുള്ള 1650 ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങളടങ്ങിയ കിറ്റ് നഗരസഭ വിതരണം ചെയ്തു. 11,000 വിദ്യാര്‍ഥികള്‍ക്ക് പ്രവേശന ദിവസം തന്നെ സ്‌കൂള്‍ ഡയറി വിതരണം ചെയ്തു.
പെരിന്തല്‍മണ്ണ സെന്‍ട്രല്‍ എല്‍പി സ്‌കൂളില്‍ നടന്ന മുനിസിപ്പല്‍ തല പ്രവേശനോല്‍സവം നവാഗതരോട് സംവദിച്ചും പഠനകിറ്റ് വിതരണം ചെയ്തും നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലിം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു. സതീദേവി, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, തെക്കത്ത് ഉസ്മാന്‍, കെ ജെ അജിത്ത് മോന്‍, സി ടി ശ്രീജ, പി കെ ജോര്‍ജുകുട്ടി, കെ മധുസൂദനന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി ഉമ്മര്‍, കെ മണികണ്ഠന്‍ സംസാരിച്ചു. പ്രവേശനോല്‍സവത്തോടനുബന്ധിച്ച് നഗരത്തില്‍ കുട്ടികള്‍ വര്‍ണാഭമായ ഘോഷയാത്ര നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഗാനത്തിനൊത്ത് നൃത്താവിഷ്‌കാരവും നടന്നു.
കോഡൂര്‍: കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ചെമ്മങ്കടവ് പാലക്കല്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ ഷീന ഉദ്ഘാടനം ചെയ്തു. ബാഗ്, കുട, നോട്ട്ബുക്ക്, പേന പെന്‍സില്‍ തുടങ്ങിയ പഠനോപകരണങ്ങളുടെ കിറ്റ് ബാങ്ക് പ്രസിഡന്റ് വി പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്.
മഞ്ചേരി: ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം മഞ്ചേരി പുല്ലൂര്‍ ഗവ. യുപി സ്‌കൂളില്‍ നടന്നു. ഉപജില്ലാ പരിധിയിലെ മുഴുവന്‍ സ്‌കൂളികളിലും സ്‌കൂള്‍ അധികൃതര്‍, പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചായിരുന്നു പ്രവേശനോല്‍സവം. ഉപജില്ലാതല പ്രവേശനോല്‍സവം നഗരസഭാധ്യക്ഷ വി എം സുബൈദ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എഇഒ കെ എസ് ഷാജന്‍ പുരസ്‌കാര വിതരണവും ബിപിഒ മോഹനരാജന്‍ കൈപ്പുസ്തക പ്രകാശനവും നിര്‍വഹിച്ചു. എസ്എംസി ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍, സുരക്ഷ സമിതി ചെയര്‍മാന്‍ മേച്ചേരി ഹുസൈന്‍ ഹാജി, ചിറക്കല്‍ രാജന്‍, റഫീഖ്, വല്ലാഞ്ചിറ നാസര്‍, പ്രധാനാധ്യാപകന്‍ വി ഷരീഫ്, എം അലവി സംസാരിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും കെഎംസിസി പ്രവര്‍ത്തകര്‍ പഠനോപകരണങ്ങള്‍ നല്‍കി.
തുറക്കല്‍ എച്ച്എംഎസ് എയുപി സ്‌കൂളിലെ ഒന്നാംക്ലാസ് ഇനി ഡിജിറ്റല്‍ പരിവേഷത്തില്‍ പുതിയ അധ്യയന വര്‍ത്തെ വരവേറ്റു. ക്ലാസ് ഉദ്ഘാടനം നഗരസഭാ അധ്യക്ഷ വി എം സുബൈദ നിര്‍വഹിച്ചു. എഎസ് അക്കാദമിയുടെ നേതൃത്വത്തില്‍ ഫണ്ടേഷന്‍ കോഴ്‌സിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. പിടിഎ പ്രസിഡന്റ് വല്ലാഞ്ചിറ അബ്ദുല്‍മജീദ്, പ്രധാനാധ്യാപിക രാജേശ്വരി, കൗണ്‍സിലര്‍മാരായ തുറക്കല്‍ യാഷിക്ക്, സജ്‌ന സംബന്ധിച്ചു.
നിലമ്പൂര്‍: നിലമ്പൂര്‍ പോലിസ് ലഹരിക്കെതിരെയുള്ള സന്ദേശമടങ്ങിയ നെയിംസ്ലിപ്പുകള്‍ വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂര്‍ യൂനിറ്റുമായി ചേര്‍ന്നാണ് പരിപാടി നടത്തിയത്. നിലമ്പൂര്‍ ഗവ.മോഡല്‍ യുപി സ്‌കൂളില്‍ പ്രവേശനോല്‍സവത്തോടനുബന്ധിച്ച് കുട്ടികളെ സ്വീകരിക്കുന്ന ചടങ്ങിലാണ് നിലമ്പൂര്‍ സിഐ കെ എം ബിജു നെയിംസ്ലിപ്പുകള്‍ വിതരണം ചെയ്തത്. നല്ലൊരു നാളേക്കായി ലഹരി ഉല്‍പന്നങ്ങളോട് “നോ’ പറയു എന്നാണ് നെയിംസ്ലിപ്പിലെ സന്ദേശം. നിലമ്പൂര്‍ പോലിസിന്റെ ഫോണ്‍ നമ്പറും പൊതുനമ്പറായ 100 ഉം സ്ലിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗവ.മോഡല്‍ യുപി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം വാര്‍ഡംഗം ഗിരീഷ് മോളൂര്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. എസ്എംസി അധ്യക്ഷന്‍ കെ ഷബീറലി, നഗരസഭാംഗം ഗോപാലകൃഷ്ണന്‍, ജോഷ്വാ കോശി, പ്രധാനാധ്യാപകന്‍ ശ്രീധരന്‍ ബെല്ല, ടോമി ചെഞ്ചേരി, വിനോദ് പി മേനോന്‍ സംസാരിച്ചു.
എടക്കര: കുഞ്ഞിളം കൈകളില്‍ വൃക്ഷത്തൈകളും പൂമരങ്ങളുമായി മരുത തണ്ണിക്കടവ് എയുപി സ്‌കൂളില്‍ അക്ഷര മുറ്റത്തേക്ക് എത്തിയത് 116 കുരുന്നുകള്‍. ഹരിത കേരളം പദ്ധതിയുടെ സന്ദേശം ഉള്‍ക്കൊണ്ട് ഉല്‍സവച്ചായിലായിരുന്നു തണ്ണികടവ് എയുപി സ്‌കൂളിലെ പ്രവേശനോല്‍സവം. വിദ്യാര്‍ഥികള്‍ സ്വന്തം പേര് എഴുതിയ ചട്ടികളില്‍ മണ്ണൊരുക്കി പൂമരം നട്ടത് പ്രവേശനോല്‍സവത്തിന് മാറ്റുകൂട്ടി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി എച്ച് സലാഹുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി കെ മനോജ് കുമാര്‍ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് അംഗം അനിത ബിജു മൊമെന്റോ നല്‍കി അനുമോദിച്ചു.
വി എം നിഖില്‍, പി ഉമ്മര്‍, ബിനോ വി ഇഞ്ചപ്പാറ, കെ സെയ്തലവി സംസാരിച്ചു.
കൊണ്ടോട്ടി: കാഞ്ഞിരപറമ്പ് ജിഎംഎല്‍പി സ്‌കൂള്‍ പ്രവേശനോല്‍സം വാര്‍ഡ് കൗണ്‍സിലര്‍ ഒ പി മുസ്തഫ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഷംസു ചാലാക്കല്‍ അധ്യക്ഷനായി.
പുളിക്കല്‍: ചെറുമിറ്റം പിടിഎംഎഎം യുപി സ്‌കൂളിലെ പ്രവേശനോല്‍സവം കെ കെ ഉമ്മര്‍ നിര്‍വഹിച്ചു. രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, ക്ലബ് പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികള്‍ക്ക് കാസ്‌ക്ക് ക്ലബിന്റെ നേതൃത്വത്തില്‍ കിറ്റ് വിതരണവും നടത്തി. പിടിഎ പ്രസിഡന്റ് എം വിജയന്‍ അധ്യക്ഷനായി.
എടക്കര: മൂത്തേടം പഞ്ചായത്തിലെ പടുക്ക ഉള്‍വനത്തില്‍ ഉച്ചക്കുളം കോളനിയില്‍ സ്ഥിതി ചെയ്യുന്ന നെടുങ്കയം ഗവ. െ്രെടബല്‍ എല്‍പി സ്‌കൂളില്‍ ഇക്കുറി പുതുതായി എത്തിയത് അഞ്ചുപേര്‍.
സ്‌കൂളിന് സമീപമുള്ള ഉച്ചക്കുളം കോളനിയില്‍ നിന്നുള്ള കുട്ടികളാണിവര്‍. ഇതോടെ ഒന്ന് മുതല്‍ നാലുവരെയുള്ള സ്‌കൂളില്‍ ഇത്തവണ മൊത്തം ആറുപേര്‍ അധ്യായനം നടത്തും. കെട്ടിടവും വൈദ്യുതിയും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ അടക്കം രണ്ട് അധ്യാപകരുണ്ട്.
പകല്‍ സമയങ്ങളില്‍ പോലും കാട്ടാനകള്‍ വിഹരിക്കുന്ന കാട്ടുപാതയിലൂടെ കല്‍ക്കുളത്തുനിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളിലായാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് അംഗം എന്‍ കെ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി ടി രാധാമണി സന്ദര്‍ശിച്ചു.
അങ്ങാടിപ്പുറം: കഥയുടെ ചിറകേറി ഏറാന്തോട് എഎല്‍പി സ്‌കൂളില്‍ പ്രവേശനോല്‍സവം കൊടിയേറി. അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി പി അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ബാലസാഹിത്യകാരനും ചിത്രകാരനുമായ എം കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it