wayanad local

പ്രവേശനോല്‍സവം മന്ത്രി ബഹിഷ്‌കരിച്ചെന്ന്



മാനന്തവാടി: താലൂക്കില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കത്തിന്റെ ഭാഗമായി മന്ത്രി വി എസ് സുനില്‍കുമാര്‍ ജില്ലാതല പ്രവേശനോല്‍സവത്തില്‍ നിന്നു വിട്ടുനിന്നതായി ആക്ഷേപം. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളുവിന്റെ കാട്ടിക്കുളത്തെ വീടിന് സമീപം സംഘടിപ്പിച്ച  പ്രവേശനോല്‍സവത്തില്‍ നിന്നു സിപിഐയുടെ മന്ത്രി വിട്ടുനിന്നതിനെതിരേ മുന്നണിക്കുള്ളില്‍ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ജില്ലാതല ഉദ്ഘാടനം വന്‍ വിജയമാക്കാന്‍ പ്രദേശിക തലത്തില്‍ സ്വാഗതസംഘം രൂപീകരിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്. എന്നാല്‍, മാനന്തവാടിയിലെ പരിപാടിയില്‍ പങ്കെടുക്കരുതെന്നു സിപിഐ നേതൃത്വം മന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നാണ് സൂചന. പുലര്‍ച്ചെ കോഴിക്കോട് എത്തിയ മന്ത്രി 10ഓടെ കല്‍പ്പറ്റയില്‍ വന്നെങ്കിലും കല്‍പ്പറ്റയിലെ മുതിര്‍ന്ന മുന്‍ സിപിഐ നേതാവിന്റെ വീട് സന്ദര്‍ശിച്ച ശേഷം 11.30ഓടെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പുല്‍പ്പള്ളിക്ക് പോവുകയായിരുന്നു. അതേ സമയം, പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു മന്ത്രിയുടെ ഓഫിസില്‍ നിന്നു മൂന്നു ദിവസം മുമ്പ് എംഎഎല്‍യെ അറിയിച്ചിരുന്നതായാണ് സിപിഐ വിശദീകരണം. ഏതാനും മാസം മുമ്പ് മാനന്തവാടിയിലുണ്ടായ സിപിഎം-സിപിഐ സംഘര്‍ഷത്തെ തുടര്‍ന്ന് എല്‍ഡിഎഫ് യോഗത്തില്‍ നിന്നും എല്‍ഡിഎഫ് പരിപാടികളില്‍ നിന്നും സിപിഐ വിട്ടുനില്‍ക്കുകയായിരുന്നു. ജില്ലാതല പ്രവേശനോല്‍സവത്തില്‍ മന്ത്രി പങ്കെടുക്കാതിരുന്നതു പരിപാടിയൂടെ മാറ്റ് കുറച്ചതായി എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ തുറന്നുപറയുകയും ചെയ്തു. നവംബര്‍ മാസം മാനന്തവാടി കമ്മനയില്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് കൗണ്‍സിലിന്റെ പഴം-പച്ചക്കറി സംസ്‌കരണ യൂനിറ്റ് ഉദ്ഘാടനത്തിനെത്തിയ കൃഷിമന്ത്രി ഇതിനു ശേഷം തിരുനെല്ലിയിലെ സിപിഎം നിയന്ത്രണത്തിലുള്ള പരിപാടിയില്‍ പങ്കെടുക്കുന്നത് സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി തടഞ്ഞിരുന്നു. സിപിഐ എടവക ലോക്കല്‍ കമ്മിറ്റിയൂടെ വിലക്ക് ലംഘിച്ച് സിപിഎം സഹചാരിയും പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമന്റെ വീട് സന്ദര്‍ശിച്ചതിനെതിരേ മന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ മന്ത്രി എം എം മണി പങ്കെടുത്ത പരിപാടിയില്‍ സിപിഐ വിട്ടുനില്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it