thrissur local

പ്രവേശനോല്‍സവം : ചുമട്ടുതൊഴിലാളികള്‍ സ്‌കൂള്‍ ശുചീകരിച്ചു



ഗുരുവായൂര്‍: അറിവിന്റെ അക്ഷരമധുരം നുകരാനെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ സ്‌ക്കൂള്‍ മുറ്റം, ശുചീകരണപ്രവര്‍ത്തനം നടത്തി ഗുരുവായൂരിലെ ചുമട്ടുതൊഴിലാളികള്‍ മാതൃകയായി. സിഐടിയുവിന്റെ സ്ഥാപകദിനമായ ഇന്നലെയാണ് സിഐടിയു ചുമട്ടുതൊഴിലാളി ലീഡര്‍ കെഎ  പുഷ്‌ക്കരന്റെ നേതൃത്വത്തില്‍ ഗുരുവായൂരിലെ 32-ഓളംവരുന്ന ചുമട്ടുതൊഴിലാളികള്‍ പ്രവേശനോല്‍സവത്തിനായ് ഒരുങ്ങി നില്‍ക്കുന്ന ഗുരുവായൂര്‍ നഗരസഭ ഗവ. യുപിസ്‌ക്കൂള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. അദ്ധ്യായന വര്‍ഷാരംഭത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഗുരുവായൂരിലെ സമീപപ്രദേശത്തെ മൂന്ന് സ്‌ക്കൂളുകളില്‍ ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തിയിരുന്നു. ഗുരുവായൂര്‍ നഗരസഭ ഗവ. യുപിസ്‌ക്കൂള്‍, തിരുവെങ്കിടം എഎല്‍പിസ്‌ക്കൂള്‍, ഗുരുവായൂര്‍ എയുപി സ്‌ക്കൂള്‍ എന്നിവിടങ്ങളിലെ കുരുന്നു കള്‍ക്കാണ് പുസ്തകം, പേന, പെന്‍സില്‍, റബ്ബര്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ നല്‍കിയത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും നിര്‍ദ്ധനരായ കുട്ടികള്‍ക്കാണ് പഠനോപകരണം വിതരണം ചെയ്തിരുന്നതെങ്കില്‍, ഈ വര്‍ഷം ഈ മൂന്ന് സ്‌ക്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അത് നല്‍കുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ചുമടെടുത്ത് കിട്ടുന്ന വേതനത്തില്‍ നിന്ന് ഒരുവിഹിതം മാറ്റിവെച്ചാണ് കുട്ടികള്‍ക്ക് പഠനോപ കരണത്തിനുള്ള പണം സ്വരൂപിച്ചത്.  പ്രവേശനോത്സവദിനമായ നാളെ രാവിലെ സിപിഎം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, സിഐടിയു ഏരിയാ സെക്രട്ടറി എ എസ് മനോജ്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ എന്നിവര്‍ ചേര്‍ന്ന് ഈ മൂന്ന് സ്‌ക്കൂളുകളിലേയും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തും.
Next Story

RELATED STORIES

Share it