wayanad local

പ്രവേശനോല്‍സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കല്‍പ്പറ്റ: അറിവും ആനന്ദവും നിറഞ്ഞ പുതിയ അക്കാദമിക വര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങളായി. നാളെ വിദ്യാലയങ്ങള്‍ കുട്ടികളുടെ കളിചിരികളാല്‍ സജീവമാവും. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം പഠനത്തിന്റെയും സൗഹൃദത്തിന്റെയും പുതുലോകത്തേക്ക് കടന്നുവരുന്ന കുട്ടികളെ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും മികച്ച ആസൂത്രണങ്ങള്‍ നടത്തിക്കഴിഞ്ഞു. മധ്യവേനലവധി കഴിഞ്ഞു തുറക്കുന്നതിനു മുമ്പേ വിദ്യാലയാന്തരീക്ഷം അടുക്കും ചിട്ടയും ഉള്ളതാക്കുക, പുതിയ കൂട്ടികളെ വരവേല്‍ക്കാനായി വിദ്യാലയം ആകര്‍ഷകമാക്കുക, വിദ്യാലയവും രക്ഷിതാക്കളും സമൂഹവുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രവേശനോല്‍സവത്തിന്റെ ലക്ഷ്യങ്ങള്‍.
ഈ വര്‍ഷത്തെ പ്രവേശനോല്‍സവം ജില്ലാതല ഉദ്ഘാടനം നാളെ മാതമംഗലം ഗവ. ഹൈസ്‌കൂളില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ മുഖ്യാതിഥിയായിരിക്കും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ സഹദേവന്‍ പ്രവേശനോല്‍സവ കിറ്റ് വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് എന്‍ഡോവ്‌മെന്റും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി എസ്എസ്എല്‍സി മൊമന്റോയും വിതരണം ചെയ്യും.
ഇന്നു വിദ്യാലയ തലത്തില്‍ അധ്യാപകര്‍, രക്ഷകര്‍തൃ പ്രതിനിധികള്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ യോഗം ചേര്‍ന്ന് വിദ്യാലയത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കും. ഇവയെല്ലാം പ്രവേശനോല്‍സവത്തെ ഇത്തവണ കൂടുതല്‍ ജനകീയമാക്കുകയും അര്‍ഥപൂര്‍ണമാക്കുകയും ചെയ്യും.
എല്ലാ വിദ്യാലയങ്ങളുടെയും മെയിന്റനന്‍സ് ഗ്രാന്റ്, സ്‌കൂള്‍ ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ് എന്നിവയും കുട്ടികള്‍ക്ക് രണ്ടു ജോഡി യൂനിഫോമിനുള്ള തുകയും നേരത്തെ അനുവദിക്കപ്പെട്ടതിനാല്‍ ഏറെ സന്തോഷത്തോടെയാണ് ഓരോ വിദ്യാലയവും പ്രവേശനോല്‍സവത്തെ വരവേല്‍ക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ടി ഉഷാകുമാരി, പി കെ അസ്മത്ത്, എ ദേവകി, ഡിഡിഇ സി രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ എം ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it