പ്രവേശനപ്പരീക്ഷകള്‍ പരീക്ഷണമാവുന്നു: കാംപസ് ഫ്രണ്ട്

കോഴിക്കോട്: മെഡിക്കല്‍ പഠനത്തിനുള്ള പ്രവേശന നടപടികള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണമായിക്കൊണ്ടിരിക്കുകയാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് പ്രസ്താവനയില്‍ പറഞ്ഞു. ഓള്‍ ഇന്ത്യ പ്രീ-മെഡിക്കല്‍ ടെസ്റ്റില്‍ വസ്ത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കിയ സിബിഎസ്ഇ, വസ്ത്രം നിയന്ത്രിക്കരുതെന്ന് സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയാണ്.

പൗരസ്വാതന്ത്ര്യത്തിനെതിരല്ലെന്നും മതവിശ്വാസങ്ങളെ മാനിക്കുന്നുവെന്നും പറഞ്ഞ് വിവാദ മാന്വലില്‍ നിന്നു പിറകോട്ടു പോയ സിബിഎസ്ഇയുടെ ഇപ്പോഴത്തെ നീക്കം ദുരൂഹമാണ്. കേന്ദ്ര സര്‍ക്കാരിന്റെയും മാനവ വിഭവശേഷി വകുപ്പിന്റെയും വര്‍ഗീയ നിലപാടാണ് സിബിഎസ്ഇയുടെ മലക്കം മറിച്ചിലിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കി നീറ്റ് പരീക്ഷയെ അടിസ്ഥാനമാക്കി ഈ വര്‍ഷം പ്രവേശനം നടത്തണമെന്ന സുപ്രിംകോടതി വിധി പ്രായോഗിക പ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തുന്നതാണ്. വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ ചുമതലയിലായിരിക്കെ അനാവശ്യ ഇടപെടലാണ് ഈ വിഷയത്തില്‍ സുപ്രിംകോടതി നടത്തിയിരിക്കുന്നത്. ആവശ്യമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ സമന്വയത്തിനും മുതിരാതെ കോടികള്‍ മുടക്കി നടത്തിയ ഒരു പരീക്ഷയെ റദ്ദാക്കിയ നടപടി ആശാസ്യകരമല്ല. ഫെഡറലിസത്തിനെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റങ്ങളെ സുപ്രിംകോടതിയും ശരിവയ്ക്കുകയാണ് ഈ വിധിയിലൂടെ ചെയ്തതെന്നും പ്രസ്താവനയില്‍ റഊഫ് പറഞ്ഞു.
Next Story

RELATED STORIES

Share it