പ്രവേശനപരീക്ഷ ഏപ്രില്‍ 25 മുതല്‍ 28 വരെ

തിരുവനന്തപുരം: 2016-17ലെ കേരള മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനപരീക്ഷകള്‍ ഏപ്രില്‍ 25 മുതല്‍ 28 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 25, 26 തിയ്യതികളില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെയും 27, 28 തിയ്യതികളില്‍ മെഡിക്കല്‍ വിഭാഗത്തിലെയും പരീക്ഷകളായിരിക്കും നടക്കുക. രാവിലെ 10 മുതല്‍ 12.30 വരെയായിരിക്കും പരീക്ഷ.
25ന് എന്‍ജിനീയറിങിലെ പേപ്പര്‍ 1 ഫിസിക്‌സ് ആന്റ് കെമിസ്ട്രിയും 26ന് പേപ്പര്‍ 2 മാത്തമാറ്റിക്‌സ് പരീക്ഷയും നടക്കും. 27നു മെഡിക്കലിലെ പേപ്പര്‍ 1 കെമിസ്ട്രി ആന്റ് ഫിസിക്‌സും 28ന് പേപ്പര്‍ 2 ബയോളജി പരീക്ഷയും നടക്കും. കേരളത്തിലെ 350ഓളം കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബയ് എന്നിവിടങ്ങളിലുമായിരിക്കും പരീക്ഷകള്‍. മെഡിക്കല്‍ പരീക്ഷയുടെ ഫലം മെയ് 25നു മുമ്പായും എന്‍ജിനീയറിങിന്റെ റാങ്ക്‌ലിസ്റ്റ് ജൂണ്‍ 25നു മുമ്പും പ്രസിദ്ധീകരിക്കും.
വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് 2015-16 വര്‍ഷത്തെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയത്. ഈ മാസം 3 മുതല്‍ 29 വരെ പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഈ മാസം 30നു മുമ്പായി പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫിസില്‍ എത്തിക്കണം.
എംബിബിഎസ്, ബിഡിഎസ് ഉള്‍പ്പെടെ മെഡിക്കല്‍-അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം മെഡിക്കല്‍ പ്രവേശനപരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്‍ജിനീയറിങ് പ്രവേശനത്തിനു പ്രവേശനപരീക്ഷയുടെ സ്‌കോറും യോഗ്യതാപരീക്ഷയുടെ മാര്‍ക്കും തുല്യാനുപാതത്തില്‍ പരിഗണിച്ച് മാര്‍ക്ക് ഏകീകരണ പ്രക്രിയക്ക് വിധേയമാക്കിയ ശേഷമായിരിക്കും റാങ്കുപട്ടിക തയ്യാറാക്കുക. അപേക്ഷാ സമര്‍പ്പണത്തിന് ആവശ്യമായ സെക്യൂരിറ്റി കാര്‍ഡുകളും പ്രോസ്‌പെക്ടസും കേരളത്തിനകത്തും പുറത്തുമുള്ള 168 തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകള്‍ വഴി നാളെ മുതല്‍ വിതരണം ചെയ്യും.
ജനറല്‍ വിഭാഗത്തിന് 1000 രൂപയും പട്ടികജാതി വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. പട്ടികവര്‍ഗ വിഭാഗത്തിന് അപേക്ഷാഫീസില്ല. പട്ടികവിഭാഗത്തിനുള്ള പ്രോസ്‌പെക്ടസ്, സെക്യൂരിറ്റി കാര്‍ഡ് എന്നിവ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫിസുകളില്‍ നിന്നു ലഭിക്കും.
Next Story

RELATED STORIES

Share it