പ്രവേശനത്തട്ടിപ്പ്: 50 വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം വീതം നല്‍കണമെന്ന്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 2012ലെ പൊതുപ്രവേശന പരീക്ഷയിലെ തട്ടിപ്പ് മൂലം പ്രഫഷനല്‍ കോളജുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട 50 വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് പ്രത്യേക അഴിമതി വിരുദ്ധ കോടതി ഉത്തരവിട്ടു. യോഗ്യതാ പട്ടിക പ്രകാരമായിരിക്കണം നഷ്ടപരിഹാരം നല്‍കേണ്ടത്. അഴിമതിയുടെ ആസൂത്രകനായ അന്നത്തെ പ്രഫഷനല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് ചെയര്‍മാന്‍ മുഷ്താഖ് അഹ്മദ് പീറിനെ കോടതി 16 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. വിവിധ നിയമങ്ങള്‍ പ്രകാരം മറ്റ് 49 പേരെയും ശിക്ഷിച്ചിട്ടുണ്ട്. പീറും മറ്റുള്ളവരും ഒരു കോടി രൂപ പിഴയടയ്ക്കണം. അഴിമതിയില്‍ പങ്കാളികളായ 19 രക്ഷിതാക്കളെ മൂന്നുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. എംബിബിഎസ് പ്രവേശനം കിട്ടുന്നതിന് ഇടത്തട്ടുകാര്‍ വഴി പീറില്‍ നിന്ന് ചോദ്യക്കടലാസുകള്‍ സമ്പാദിക്കാന്‍ 13നും 23നും ലക്ഷത്തിനുമിടയില്‍ പണം നല്‍കിയവരാണിവര്‍. അഴിമതിയുടെ ഗുണഭോക്താക്കളായ 11 വിദ്യാര്‍ഥികളെ കോടതി ഒരു വര്‍ഷത്തെ വെറും തടവിന് ശിക്ഷിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it