പ്രവാസി ഭാരതീയ ദിവസ് സമ്മേളനം കുംഭമേളയുമായി യോജിപ്പിക്കുന്നു

ന്യൂഡല്‍ഹി: 15ാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 21ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ജനുവരി അവസാന ആഴ്ചയാണ് പരിപാടി നടക്കുക. സമ്മേളന പ്രതിനിധികള്‍ക്ക് കുംഭമേളയോട് അനുബന്ധിച്ചുള്ള കുംഭസ്‌നാനത്തില്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കുന്നതിനാണ് ജനുവരി ആദ്യവാരത്തില്‍ നടക്കേണ്ടിയിരുന്ന പരിപാടി 21ലേക്ക് മാറ്റിയത്.
കുംഭമേളയോട് അനുബന്ധിച്ച് വാരണാസിയിലും അലഹബാദിലും നടക്കുന്ന സാംസ്‌കാരിക പൈതൃക പരിപാടികളില്‍ ആളെക്കൂട്ടുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ക്കണ്ടാണ് പരിപാടിയുടെ തിയ്യതി മാറ്റിയിരിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി 9നാണ് പ്രവാസി ഭാരതീയ ദിവസ് നടക്കാറ്. എന്നാല്‍, അടുത്ത പരിപാടി ഏതാനും ദിവസത്തേക്ക് മാറ്റിവയ്ക്കുകയാണെന്നും അലഹബാദില്‍ നടക്കുന്ന കുംഭമേളയിലും ഡല്‍ഹിയില്‍ നടക്കുന്ന റിപബ്ലിക് ദിന പരിപാടിയിലും പങ്കെടുക്കാന്‍ ഉതകുന്ന തരത്തില്‍ പരിപാടി ആസൂത്രണം ചെയ്യണമെന്ന് പ്രവാസികള്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തിയ്യതിയില്‍ മാറ്റം വരുത്തിയതെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയത്. കുംഭസ്‌നാനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് നവംബര്‍ 15 വരെ പ്രവാസി ഭാരതീയ ദിവസിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുമെന്നും പരിപാടിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത ശേഷം അവര്‍ പറഞ്ഞു.
“പുതിയ ഇന്ത്യയുടെ നിര്‍മാണത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ പങ്ക്’ എന്നതാണ് 2019ലെ പ്രവാസി ഭാരതീയ ദിവസിന്റെ പ്രമേയം. പരിപാടിയുടെ ഉദ്ഘാടനം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. 23ന് സമ്മേളനം സമാപിക്കും. 24ന് സമ്മേളന പ്രതിനിധികളെ ബസ് മാര്‍ഗം കുംഭമേള നടക്കുന്ന അലഹബാദിലെത്തിക്കും. തുടര്‍ന്ന് അന്ന് അലഹബാദിലെ പ്രയാഗ്‌രാജില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഇവരെ റിപബ്ലിക് ദിന പരേഡ് കാണിക്കുന്നതിനായി ഡല്‍ഹിയിലേക്ക് കൊണ്ടുവരുമെന്നും ഇതിനായി പ്രത്യേക പ്രവാസി ഭാരതീയ ട്രെയിന്‍ ഓടിക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.
ജനുവരി 22ലെ പ്രധാന പരിപാടിയിലെ മുഖ്യാതിഥി മൊറീഷസ് പ്രധാനമന്ത്രി പ്രവീണ്‍ ജഗന്നാഥ് ആണ്. നോര്‍വേ നേതാവ് ഹിമാന്‍ഷു ഗുലാതി, ന്യൂസിലന്‍ഡ് എംപി ചരണ്‍ജിത് സിങ് ബക്ശി എന്നിവര്‍ ജനുവരി 21ല്‍ പ്രത്യേക അതിഥികളായി പങ്കെടുക്കും. അവസാന ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Next Story

RELATED STORIES

Share it