Pathanamthitta local

പ്രവാസി ചിട്ടിക്ക് പിന്നാലെ കെഎസ്എഫ്ഇയുടെ കുടുംബശ്രീ ചിട്ടിയും വരുന്നു

പത്തനംതിട്ട: പ്രവാസി ചിട്ടിക്കു പിന്നാലെ കെഎസ്എഫ്ഇയുടെ കുടുംബശ്രീ ചിട്ടിയും വരുന്നു. കുടുംബശ്രീയുടെ 20 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ ചിട്ടിക്ക് രൂപം നല്‍കിയതെന്നു ചെയര്‍മാന്‍ പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഇതിനായി സിഡിഎസ്, എഡിഎസ് തലത്തില്‍ ഏജന്റുമാരെ നിയമിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ദൈനംദിനം ഇടപെടാന്‍ കഴിയുന്ന തരത്തില്‍ പ്രത്യേക ആനുകൂല്യങ്ങളോടെയുള്ള ചിട്ടി രൂപകല്‍പന ചെയ്തുവരുകയാണെന്നു ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറഞ്ഞു. പലിശരഹിത, ബോണ്ട് സമ്പ്രദായത്തില്‍ നടത്തുന്ന പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം യുഎഇയില്‍ മാര്‍ച്ച് അവസാനവാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രവാസി ചിട്ടിയുടെ ആദ്യവര്‍ഷം ഒരുലക്ഷം വരിക്കാരെയാണ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ചിട്ടിയില്‍ പ്രവാസികള്‍ക്കു മാത്രമേ ചേരാനാവൂ. കാഷ്‌ലെസ് ചിട്ടിയില്‍ നാട്ടിലിരുന്നു പണമടയ്ക്കാം. ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ രൂപകല്‍പന പൂര്‍ത്തിയായി. മൊബൈല്‍ ആപ്പും പുറത്തിറക്കും. പ്രവാസി ചിട്ടി തുടങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലടക്കം 160 കേന്ദ്രങ്ങളില്‍ പ്രവാസി ബന്ധു സംഗമം നടത്തി. അരലക്ഷത്തോളം പ്രവാസികളുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ വിലാസങ്ങളും ശേഖരിച്ചു. പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ചിട്ടിസലയ്ക്ക് തുല്യമായ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാവും. 10 ലക്ഷം രൂപ എന്ന പരിധി വച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് മരണം, തൊഴിലെടുക്കാന്‍ പറ്റാത്തവിധം അംഗഭംഗം എന്നിവ സംഭവിച്ചാല്‍ പരിരക്ഷ ലഭിക്കും. ചിട്ടിപ്പണം പെന്‍ഷന്‍ ഫണ്ടിലേക്കു മാറ്റാനും അവസരമുണ്ട്. ചിട്ടിയില്‍ ചേരുന്ന പ്രവാസി വിദേശത്തു വച്ചു മരിച്ചാല്‍ ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുവരാനുള്ള യാത്രച്ചെലവ്, അനുഗമിക്കുന്ന ഒരു സഹായിയുടെ ചെലവ് എന്നിവ കെഎസ്എഫ്ഇ വഹിക്കും. വിദേശങ്ങളില്‍ നിന്നു മടങ്ങിവരുന്ന പ്രവാസിക്ക് ചിട്ടി തുടരാനുള്ള അവസരം നല്‍കും. 2020ഓടെ 10,000 കോടി രൂപ പ്രവാസിചിട്ടിയില്‍ നിന്നു കിഫ്ബിയിലേക്കു നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നു പീലിപ്പോസ് തോമസ് പറഞ്ഞു. 6000 കോടി രൂപ ഇപ്പോള്‍ തന്നെ കെഎസ്എഫ്ഇക്ക് ട്രഷറി നിക്ഷേപമാണ്. കെ ആര്‍ പ്രഹ്ലാദന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it