പ്രവാസി കമ്മീഷന്‍ ബില്ല് അവതരിപ്പിച്ചു

തിരുവനന്തപുരം: അര്‍ധ ജുഡീഷ്യല്‍ അധികാരത്തോടെ എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരിക്കാന്‍ നിര്‍ദേശിക്കുന്ന പ്രവാസി കമ്മീഷന്‍ ബില്ല് സഭയില്‍ അവതരിപ്പിച്ചു. പ്രവാസികളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും വസ്തുവകകളും മറ്റും സംരക്ഷിക്കുക, അവരുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുക, പ്രവാസികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ഇടപെടുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികള്‍ക്കെതിരേയുള്ള അന്യായ നടപടികള്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകളുമായും മറ്റും ബന്ധപ്പെടുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതലകള്‍.
ഹൈക്കോടതി റിട്ട. ജഡ്ജിയായിരിക്കും കമ്മീഷന്റെ ചെയര്‍മാന്‍. ഒരു റിട്ട. ഐഎഎസ് ഓഫിസറും രണ്ട് എന്‍ആര്‍ഐകളും അംഗങ്ങളായിരിക്കും. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ളയാള്‍ സെക്രട്ടറിയാവും. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മൂന്നുമാസത്തിലൊരിക്കല്‍ സിറ്റിങ് നടക്കും. മൂന്നുവര്‍ഷമായിരിക്കും കമ്മീഷന്റെ കാലാവധി. ഒരു തവണ പുനര്‍നിയമനത്തിന് അര്‍ഹതയുണ്ടാവും. വ്യത്യസ്ത ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ തുല്യ പരിഗണനയോടെ പ്രവാസികള്‍ക്കും ഉറപ്പാക്കുക, വിദേശത്ത് ജോലിചെയ്യുന്നവരുടെ ടെ ജീവിതവുമായി പ്രശ്‌നങ്ങക്ക് പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങളും കമ്മീഷനുണ്ട്. കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയായോ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമോ അന്വേഷണം നടത്താം. നടപടിക്കുള്ള ശുപാര്‍ശകളോടെ കമ്മീഷനു സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കാം. നിശ്ചിത തുക ഗ്രാന്‍ഡായി സര്‍ക്കാര്‍ കമ്മീഷന് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
Next Story

RELATED STORIES

Share it