Flash News

പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുത് : മനുഷ്യാവകാശ കമ്മീഷന്‍



കൊച്ചി: പ്രവാസി മലയാളികള്‍ക്കു വേണ്ടി 2016ല്‍ സ്ഥാപിച്ച പ്രവാസി കമ്മീഷനില്‍ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കാത്തത് കമ്മീഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനു തുല്യമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച മാധ്യമവാര്‍ത്തയെ തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍തലത്തില്‍ അടിയന്തര നടപടി സ്വീകരിക്കാത്തത് ഖേദകരമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കമ്മീഷന് ആവശ്യമായ സ്ഥിരം സ്റ്റാഫിനെ നിയമിക്കുന്ന കാര്യങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷന്റെ അധ്യക്ഷനും അംഗങ്ങള്‍ക്കും ശമ്പളം നല്‍കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. പ്രവാസി ഭാരതീയ കമ്മീഷന്‍ നിയമം നടപ്പാക്കിയത് പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നടപടികള്‍ ഉണ്ടാവുന്നതിനുവേണ്ടിയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മനുഷ്യക്കടത്ത് സംബന്ധിച്ച വിഷയത്തില്‍ പ്രവാസി കമ്മീഷന്റെ ഇടപെടല്‍ ജനശ്രദ്ധയാകര്‍ഷിച്ചതാണെന്നും പി മോഹനദാസ് ചൂണ്ടിക്കാണിച്ചു. കേരള ഹൈക്കോടതിയിെല മുതിര്‍ന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് ഭവദാസനെ അധ്യക്ഷനായും സര്‍ക്കാര്‍ നിയമിച്ചിരുന്നു. പ്രവാസി കമ്മീഷന് സ്ഥിരമായ ഓഫിസ് നോര്‍ക്ക കെട്ടിടത്തിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ കെട്ടിടത്തിലോ സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ രണ്ടുമാസത്തിനകം കമ്മീഷനെ അറിയിക്കണം. കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ തസ്തിക സൃഷ്ടിക്കുന്നതിനുള്ള പ്രവാസിവകുപ്പിന്റെ ശുപാര്‍ശ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും ധനവകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ധന സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നോര്‍ക്ക റൂട്‌സിന്റെ ഓഫിസില്‍ കമ്മീഷന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ആരംഭിച്ചിട്ടുള്ളതായി നോര്‍ക്ക സെക്രട്ടറിയുടെ റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it