ernakulam local

പ്രവാസിയെ പ്രാദേശിക ബിസിനസ് പങ്കാളി കള്ളക്കേസില്‍ കുടുക്കി

കൊച്ചി: പ്രവാസിയെ പ്രാദേശിക ബിസിനസ് പങ്കാളി കള്ളക്കേസില്‍ കുടുക്കി അന്യായമായി ജയിലിലാക്കിയതായി ഭാര്യയുടെ പരാതി. യുഎഇയില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ നിയമ വ്യവസ്ഥയുടെയും ഭരണകൂടങ്ങളുടെയും കാരുണ്യത്തിലൂടെയും മാത്രമേ സാധിക്കുകയുള്ളുവെന്ന് തൃശൂര്‍ മണലൂര്‍ കൊല്ലന്നൂര്‍ വീട്ടില്‍ മേഴ്‌സി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭര്‍ത്താവ് ജോഷിയുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ഇന്ത്യന്‍ എംബസികളുടെയും സഹായമുണ്ടെങ്കില്‍ മാത്രമേ കഴിയുകയുള്ളൂ. ജോഷിയുടെ നിരപരാധിത്വം യുഎഇ ഭരണകൂടത്തെ ബോധ്യപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനുള്ള അവസരങ്ങളൊന്നും എതിരാളികളുടെ സ്വാധീനം മൂലം അനുവദിക്കുന്നില്ല.
2013 സപ്തംബര്‍ മുതല്‍ യുഎഇയിലെ ഉമല്‍ക്കോയിലിലെ ജയിലിലാണ് കഴിഞ്ഞ 51 മാസമായി ജോഷി കഴിയുന്നത്. കള്ളക്കേസില്‍പ്പെടുത്തിയാണ് ജാമ്യം പോലും ലഭിക്കാത്ത വിധം ജോഷിയെ ജയിലില്‍ അടച്ചിരിക്കുന്നതെന്ന് മേഴ്‌സി പറഞ്ഞു. യുഎഇ നിയമമനുസരിച്ച് സിവില്‍ കേസുകളില്‍ ശിക്ഷ പരമാവധി മൂന്നുവര്‍ഷമാണ്. ഇപ്പോള്‍ ജോഷി ജയിലില്‍, നാലേകാല്‍ വര്‍ഷമായി ജയിലില്‍ത്തന്നെയാണ്. 2004ലാണ് ജോഷി അല്‍ അയ്‌നില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ബിസിനസ് ആരംഭിക്കുന്നത്.
പത്ത് വര്‍ഷമായി കുടുംബമായി അവിടെയായിരുന്നു താമസമെങ്കിലും മാനസിക പീഡനം തുടര്‍ന്നതോടെ 2014ല്‍ രണ്ട് പെണ്‍മക്കളെയും കൂട്ടി നാട്ടിലേക്കുപോന്നു. 2014 മുതല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, എം.പി, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, യുഎഇ, ഇന്ത്യന്‍ എംബസികള്‍ എന്നിവിടങ്ങളില്‍ പരാതിയും അപേക്ഷയും മറ്റു രേഖകളും ഹാജരാക്കുന്നു.
വിദേശകാര്യ മന്ത്രിയെ നേരിക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ജോഷിയുടെ ദുരിതാവസ്ഥയില്‍ മനംതകര്‍ന്ന് മാതാവും പിതാവും മരിച്ചു. ജോഷിക്ക് അവസാനമായി അവരെ ഒരുനോക്കു കാണാന്‍പോലും കഴിഞ്ഞില്ല. രണ്ടു പെണ്‍മക്കളുമായി ജീവിതംമുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമാണെന്നും മേഴ്‌സി പറഞ്ഞു.ജോഷിയുടെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ഏതുവിധേനയും അവസരമൊരുക്കണമെന്നാണ് മേഴ്‌സി ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it