പ്രവാസിച്ചിട്ടി നിയമങ്ങള്‍ അനുസരിച്ച്: മന്ത്രി

മലപ്പുറം: കെഎസ്എഫ്ഇ ആരംഭിക്കുന്ന പ്രവാസിച്ചിട്ടി പൂര്‍ണമായും കേന്ദ്ര നിയമത്തിലെ നിബന്ധനകള്‍ക്ക് അനുസൃതമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. പ്രവാസിച്ചിട്ടിയുടെ നടത്തിപ്പിനാവശ്യമായ എല്ലാ ഉത്തരവുകളും ഇതിനകം കെഎസ്എഫ്ഇ നേടിയിട്ടുണ്ട്. വിവാദങ്ങളല്ല, സംവാദങ്ങളാണ് നാടിന്റെ വികസനത്തിനാവശ്യമെന്നും അദ്ദേഹം കോട്ടയ്ക്കലില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2015 ല്‍ റിസര്‍വ് ബാങ്ക് വിദേശ പണവിനിമയ ചട്ടത്തില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ 2015 മാര്‍ച്ച് രണ്ടിലെ 337, 338 ഉത്തരവുകള്‍ പ്രകാരം പ്രവാസികളായ ഇന്ത്യക്കാരില്‍ നിന്നു പണം സ്വീകരിക്കുന്നതിന് ചിട്ടിക്കമ്പനികളെ അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കാവുന്നതാണ്. പ്രവാസികള്‍ക്ക് ബാങ്കിങ് ചാനലുകള്‍ വഴി പ്രവാസ രാജ്യത്തിരുന്ന് പണമടയ്ക്കാനും അനുമതി നല്‍കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2015 ജൂലൈ 29ന് ഇറക്കിയ 136/2015/ടി.ഡി ഉത്തരവ് കെഎസ്എഫ്ഇക്ക് പ്രവാസി ഇന്ത്യക്കാരില്‍ നിന്നും ചിട്ടി അടവുകള്‍ സ്വീകരിക്കുന്നതിന് അനുമതി നല്‍കുന്നുണ്ട്.
1982ലെ കേന്ദ്ര നിയമവും 2012ലെ കേന്ദ്ര ചിട്ടി നിയമവും അനുസരിച്ചാണ് പ്രവാസിച്ചിട്ടികള്‍ നടത്തുന്നത്. കിഫ്ബിയിലേക്കുള്ള വിഭവസമാഹരണത്തിന് അവലംബിക്കുന്ന ഒരു മാര്‍ഗമാണ് പ്രവാസിച്ചിട്ടി. അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുന്നത് സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ്. വിമര്‍ശനം തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it