പ്രവാസിക്ഷേമത്തിനും വികസനത്തിനും ഉണര്‍വ്

തിരുവനന്തപുരം: പ്രവാസിക്ഷേമത്തിനായുള്ള ചര്‍ച്ചകളാല്‍ സമൃദ്ധമായിരുന്നു ലോക കേരള സഭയുടെ രണ്ടാംദിനം. പ്രവാസികളുടെ സമ്പാദ്യത്തെ നാടിന്റെ സൗഭാഗ്യമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കാണ് പച്ചക്കൊടിയായത്.
ഇതുപ്രകാരം, കിഫ്ബി ഫണ്ട് സമാഹരണത്തിലെ വിവിധ സാധ്യതകള്‍ സഭ ചര്‍ച്ചചെയ്തു. രണ്ടുവര്‍ഷംകൊണ്ട് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. 10 ലക്ഷം പ്രവാസികളെങ്കിലും ചിട്ടിയില്‍ ചേരുമെന്നാണ് പ്രതീക്ഷ. ബാങ്ക് നിരക്കിനേക്കാള്‍ കൂടിയ പലിശ കിട്ടുന്ന ചിട്ടി കേരളവികസന പ്രക്രിയയില്‍ പങ്കാളി ആവാനും പ്രവാസികള്‍ക്ക് അവസരം നല്‍കുന്നു എന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. പെന്‍ഷനും ഇന്‍ഷുറന്‍സ് സംരക്ഷണവും ബന്ധിപ്പിച്ചുള്ള പ്രവാസി ചിട്ടികള്‍ മികച്ച നിക്ഷേപ അവസരമാണെന്ന് കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താതെ യൂറോപ്പ്, അമേരിക്ക ഉള്‍പ്പെടെ ലോകത്തെ എല്ലാ മലയാളികള്‍ക്കും ഇതില്‍ ചേരാന്‍ അവസരം നല്‍കണമെന്ന് ചര്‍ച്ചയില്‍ പ്രവാസികള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധിത സാധ്യതകള്‍ പ്രവാസികളുടെ സഹായത്തോടെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
മൂല്യവര്‍ധിത സാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ വൈഗ എന്ന പേരില്‍ നടത്തുന്ന സമ്മേളനത്തില്‍ പ്രവാസികളെ ക്ഷണിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും തുടര്‍നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് ലൈസന്‍സും സര്‍ക്കാര്‍ സഹായങ്ങളും നല്‍കുന്നതിന് ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കുകയും ചെയ്തു.
Next Story

RELATED STORIES

Share it