Flash News

പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയ നടപടി; പ്രതിഷേധം ശക്തമാവുന്നു

പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയ നടപടി; പ്രതിഷേധം ശക്തമാവുന്നു
X





പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ച നടപടിക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനോടകം തന്നെ എല്ലാ പ്രവാസി സംഘടനകളും ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്.  കേരളം പോലെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളുടെയോ പ്രവാസിക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെയോ അഭിപ്രായം ആരായാതെ ഒരു ചര്‍ച്ചപോലും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. 




pravasi
കേരളത്തിലെ 3.15 കോടി ജനതയില്‍ ആറിലൊന്ന് അഥവാ 50 ലക്ഷത്തിലേറെ മലയാളികള്‍ ജീവിതായോധനത്തിനു വഴിതേടുന്നത് സംസ്ഥാനത്തിനു പുറത്താണ്. പ്രവാസി മലയാളികളുടെയും മറുനാടന്‍ മലയാളികളുടെയും ക്ഷേമകാര്യങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച നടപടി അതിനാല്‍ തന്നെ ഏറെ സ്വാഗതംചെയ്യപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടര്‍ന്നു. പ്രവാസിക്ഷേമത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അതിന് ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവാസികാര്യവകുപ്പ് കേരളത്തിന്റെ, വിശേഷിച്ച് പ്രവാസി മലയാളികളുടെ താല്‍പ്പര്യവും ദീര്‍ഘകാല ആവശ്യവുമായിരുന്നു. ഇതിനു തുടര്‍ച്ചയായാണ് കേന്ദ്രത്തിലും പ്രവാസികാര്യവകുപ്പ് രൂപീകരിച്ചത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രവാസികാര്യവകുപ്പിന് പ്രത്യേക മന്ത്രി എന്നത് ഒഴിവാക്കി, വിദേശകാര്യവകുപ്പിന് കീഴിലാണ് പ്രവര്‍ത്തിച്ചുവന്നത്.

പ്രവാസികാര്യവകുപ്പ് നിര്‍ത്തലാക്കി വിദേശകാര്യവകുപ്പിന്റെ ഭാഗമാക്കി ഏകോപിപ്പിക്കണമെന്ന നിര്‍ദേശം പ്രധാനമന്ത്രി അംഗീകരിച്ചതായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ട്വിറ്ററില്‍ വെളിപ്പെടുത്തിയിരിക്കുന്നു. സ്വാഭാവികമായും വിവിധ നാടുകളിലെ പ്രവാസികളില്‍നിന്നു ശക്തമായ പ്രതികരണങ്ങളാണ് ഇതിനെതിരേ ഉയര്‍ന്നിരിക്കുന്നത്. കേരളം പോലെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളുടെയോ പ്രവാസിക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെയോ അഭിപ്രായം ആരായാതെ ഒരു ചര്‍ച്ചപോലും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ തോന്നുംവിധം തീരുമാനമെടുക്കുന്നത് ശരിയായ രീതിയല്ല. പാര്‍ലമെന്റിനോടുള്ള അവഹേളനംകൂടിയായി ഈ നടപടിയെ കാണണം.

പ്രവാസികാര്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല എന്നതു ശരിയാണ്. എങ്കിലും പ്രവാസിപ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവസരങ്ങളും അവകാശങ്ങളുമാണ് ഇതോടെ ഇല്ലാതായത്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.  പ്രവാസികാര്യവകുപ്പ് നിലവിലുള്ളതിന്റെ നേട്ടം വിദേശങ്ങളില്‍, വിശേഷിച്ചും ഗള്‍ഫ് നാടുകളിലെ പ്രവാസിസമൂഹത്തിന് നന്നായറിയാം. കൂടുതല്‍ പ്രവാസികളുള്ള എല്ലാ സംസ്ഥാനങ്ങളിലും വകുപ്പ് രൂപീകരിക്കുകയായിരുന്നു ആവശ്യം.പ്രവാസിക്ഷേമ കാര്യങ്ങളില്‍ പ്രവാസികാര്യവകുപ്പിന്റെ പ്രവര്‍ത്തനം പ്രതീക്ഷയുടെ അടുത്തൊന്നും എത്തിയെന്നു പറയാനാവില്ല.

വകുപ്പിന് ഏതുവിധത്തില്‍ കൂടുതല്‍ സജീവമായി പ്രവാസികളുടെ ക്ഷേമകാര്യങ്ങളില്‍ പങ്കാളിത്തം വഹിക്കാനാവുമെന്ന ചര്‍ച്ചകളാണു നടക്കേണ്ടത്. അതിനു പകരം പ്രവാസിക്ഷേമവകുപ്പ് പൂര്‍ണമായും ഇല്ലാതാക്കുന്നത് ശരിയായ നടപടിയല്ല. പ്രധാനമന്ത്രിയുടെ തീരുമാനം അപലപനീയമാണ്. പ്രവാസിക്ഷേമവകുപ്പ് പ്രവര്‍ത്തനം തുടരണം. വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

sushma-swaraj_650x400_71452169328


ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ജുബൈല്‍: പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ച നടപടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മന്ത്രാലയം ഇല്ലാതാകുന്നതോടെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കാന്‍ പോകുന്നത് മലയാളികളാണ്. ആയതിനാല്‍ വിഷയം ഗൗരവമായെടുത്ത് കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പ്രവാസികളുടെ വരുമാനം ഫലപ്രദമായി ഉപയോഗിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഇരുമന്ത്രാലയങ്ങളും ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പ്രധാനമന്ത്രി പിന്മാറണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


ജിദ്ദ കെഎംസിസി
ജിദ്ദ: രണ്ടര കോടി പ്രവാസി ഭാരതീയരുടെ സമഗ്ര ക്ഷേമത്തിനായി രൂപീകരിച്ച പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ജിദ്ദ കെഎംസിസി സൗത്ത് സോണ്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. എണ്ണത്തില്‍ കൂടുതലുള്ള മലയാളി പ്രവാസികളോടുള്ള ബിജെപി സര്‍ക്കാരിന്റെ പകപോക്കലാണിതെന്നും കണ്‍വന്‍ഷന്‍ കുറ്റപ്പെടുത്തി.
ശറഫിയ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ പ്രസിഡന്റ് നസീര്‍ വാവകുഞ്ഞ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട് ഉദ്ഘാടനം ചെയ്തു. മുഹമ്മദാലി ചേലക്കര, ഹനീഫ കൈപമംഗലം, സുബൈര്‍ പെരുമ്പാവൂര്‍, മുജീബ് എന്‍ എസ് എ, സൈദ് മുഹമ്മദ് മൗലവി ഈരാറ്റുപേട്ട, ജലീല്‍ എരുമേലി, ഇബ്രാഹിംകുട്ടി തിരുവല്ല, ശിഹാബ് താമരക്കുളം, മുഹമ്മദ് ഷാ പാനായിക്കുളം സംസാരിച്ചു. സൈനുദ്ദീന്‍ മൗലവി പല്ലരിമംഗലം ഖിറാഅത്ത് നടത്തി. കെഎംസിസി നേതാക്കളായിരുന്ന അസ്‌ലം, നാസര്‍ വാവൂര്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. 25 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന കോട്ടയം മുണ്ടക്കയം സ്വദേശി ശാഹുല്‍ ഹമീദിന് യാത്രയപ്പ് നല്‍കി.


കെഎംസിസി കിഴക്കന്‍ പ്രവിശ്യ
ദമ്മാം: പ്രവാസികാര്യം വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിന് വന്‍ തിരിച്ചടിയാകുമെന്നും പ്രവാസി പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവസരവും അവകാശവും നഷ്ടപ്പെടുത്തുമെന്നും കെഎംസിസി കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് ഖാദര്‍ ചെങ്കള, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് മലയാളികളെ ആശങ്കയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരേ പ്രവാസി സംഘടനകള്‍ ഒന്നിച്ചു നില്‍ക്കണം. പ്രവാസികളുടെ ക്ഷേമകാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ ചലനങ്ങളുണ്ടാക്കുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഖാലിദ് തെങ്കര, ജനറല്‍ സെക്രട്ടറി മുനീബ് ഹസന്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് നിക്ഷേപം ചിതറിപ്പോകാതിരിക്കാനും പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും സമഗ്രമായ പദ്ധതികളാണ് പ്രവാസികാര്യ വകുപ്പ് ആവിഷ്‌കരിച്ചിരുന്നത്. ഇപ്പോള്‍ കൂടിയാലോചനകള്‍ നടത്താതെ വകുപ്പ് നിര്‍ത്താലാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഖത്വീഫ് സെന്‍ട്രല്‍ കമ്മിറ്റി അടിയന്തര യോഗം വിലയിരുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രവാസി വകുപ്പ് ഇല്ലാതായാല്‍ പ്രയാസം സൃഷ്ടിക്കും. നിത്വാഖാത് പോലുള്ള സ്വദേശിവല്‍കരണ പദ്ധതികള്‍ ശക്തമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന നൂറുകണക്കിന് വിഷയങ്ങളില്‍ ഒന്നുമാത്രമായി പ്രവാസികാര്യം മാറുന്നത് കാര്യങ്ങള്‍ അങ്ങേയറ്റം ഗുരുതരമാക്കും. പ്രസിഡന്റ് സി പി ഷരീഫ് അധ്യക്ഷത വഹിച്ച യോഗം ടി എം ഹംസ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് പടന്ന, സൈഫുദ്ദീന്‍ കണിയാപുരം, മുഹമ്മദലി, കുഞ്ഞാലി മേല്‍മുറി, ബീരാന്‍ കുട്ടി മുതുവല്ലൂര്‍, മുഹമ്മദ് കുട്ടി, ഫായിസ് സംസാരിച്ചു.


നവയുഗം കേന്ദ്ര കമ്മിറ്റി
ദമ്മാം: ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളെ ആശങ്കയിലാക്കി നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നവയുഗം കേന്ദ്ര കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രവാസികളുടെ ക്ഷേമ കാര്യങ്ങളില്‍ ഇടപെടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച വകുപ്പ് ഇല്ലാതാക്കുന്നതിലൂടെ പ്രവാസികളോടുള്ള പരസ്യമായ അവഗണനയാണ് കാണിച്ചിരിക്കുന്നത്. സ്വദേശിവല്‍കരണം ശക്തമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന നൂറുകണക്കിന് വിഷയങ്ങളിലെ നൂലാമാലകളില്‍ ഒന്നു മാത്രമായി പ്രവാസികാര്യം മാറുമ്പോള്‍ നഷ്ടമാകുന്നത് സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട നീതിയും സഹായങ്ങളുമാണ്. തീരുമാനം നടപ്പിലായാല്‍ സംസ്ഥാനങ്ങളിലെ പ്രവാസി മന്ത്രാലയവും ഇല്ലാതായി കാര്യങ്ങള്‍ അങ്ങേയറ്റം ഗുരുതരമാകുമെന്ന് നവയുഗം മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസിദ്രോഹ നടപടിക്കെതിരേ സമൂഹം ഒന്നടങ്കം ശക്തമായി പ്രതിഷേധിക്കണമെന്നും പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍, സെക്രട്ടറി കെ ആര്‍ അജിത്ത് ആവശ്യപ്പെട്ടു.

ഒഐസിസി
ജിദ്ദ: പ്രവാസികള്‍ വളരെയേറെ പ്രതീക്ഷയര്‍പ്പിക്കുകയും വോട്ടവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുകയും ചെയ്ത പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസികാര്യ വകുപ്പ് പുന:സ്ഥാപിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു നടപടി സ്വീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

ഒഐസിസി ദമ്മാം റീജ്യനല്‍ കമ്മിറ്റി
ദമ്മാം:
ലക്ഷക്കണക്കിന് പ്രവാസികളെ മാതൃരാജ്യവുമായി ബന്ധിപ്പിക്കുകയും ആനുകാലിക പ്രതിസന്ധി ഘട്ടങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തേണ്ടതുമായ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം പ്രവാസികളോടുള്ള അവഹേളനമാണെന്ന് ഒഐസിസി ദമ്മാം റീജ്യനല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മന്ത്രാലയത്തിനെ കുറവുകള്‍ പരിഹരിച്ച് മെച്ചപ്പെടുത്തുന്നതിന് പകരം വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചത് പ്രവാസികളോട് സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയാണ് സൂചിപ്പിക്കുന്നത്. ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് മലയാളികളെയാണ്. ചെറിയ സര്‍ക്കാര്‍, മെച്ചപ്പെട്ട ഭരണമെന്ന നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന വിശദീകരണം ശുദ്ധ അസംബന്ധമാണ്. ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികളുടെ വകുപ്പിനെ ഇല്ലായ്മ ചെയ്യുന്നതിന് പകരം അനിയന്ത്രിതമായി ഇന്ത്യയുടെ സമ്പത്തിനെ ധൂര്‍ത്തടിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശയാത്രകളും വന്‍കിട വ്യവസായികള്‍ക്കു നല്‍കുന്ന അനാവശ്യ ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കുകയാണ് വേണ്ടത്. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചതിലുള്ള സൗദിയിലെ മലയാളികളുടെ ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കും. കൂടാതെ മന്ത്രാലയം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും പ്രവാസികാര്യ വകുപ്പ് മന്ത്രി കെ സി ജോസഫിനോടും അഭ്യര്‍ഥിച്ചതായി പ്രസിഡന്റ് ബിജു കല്ലുമല, ജനറല്‍ സെക്രട്ടറി ഇ കെ സലിം അറിയിച്ചു.

 എസ്‌വൈഎസ്
റിയാദ്: പ്രവാസികള്‍ക്ക് കാര്യമായ പ്രയോജനമില്ലാത്ത പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഭാവികമാണെന്ന് എസ്‌വൈഎസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. വ്യവസായികള്‍ക്കും പ്രവാസി കോണ്‍ഗ്രസ് നേതാക്കള്‍ക്കും പുരസ്‌കാരം നല്‍കുന്നതല്ലാതെ പ്രവാസി പ്രശ്‌നങ്ങള്‍ പഠിക്കുന്നതിലും പരിഹരിക്കുന്നതിലും മുന്‍ പ്രവാസികാര്യ വകുപ്പ് പരാജയമായിരുന്നു. വകുപ്പിന്റെ പ്രാധാന്യവും ആവശ്യകതയും രാജ്യത്തെയോ പ്രവാസികളെയോ ബോധ്യപ്പെടുത്തുന്നതില്‍ പ്രവാസി കാര്യ മന്ത്രിയും വകുപ്പും പരാജയപ്പെട്ടതാണ് വകുപ്പ് നിര്‍ത്തലാക്കുന്നതില്‍ എത്തിച്ചത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസിന്നും മുന്‍പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കും ഒഴിഞ്ഞ് മാറാനാവില്ല. എങ്കിലും വകുപ്പിനെ ക്രിയാത്മകവും കാര്യക്ഷമവുമാക്കുന്നതിനു പകരം നിര്‍ത്തലാക്കിയത് ദൗര്‍ഭാഗ്യകരമാണ്. കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി വെള്ളില അധ്യക്ഷത വഹിച്ചു. ദിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കുട്ടി തെന്നല, സൈതലവി ഫൈസി പനങ്ങാങ്ങര, ടി മുഹമ്മദ് വേങ്ങര, സുബൈര്‍ ഹുദവി വെളിമുക്ക്, മുഹമ്മദലി ഫൈസി മണ്ണറമ്പ്, അശ്‌റഫ് കല്‍പ്പകഞ്ചേരി, ആരിഫ് ബാഖവി കാസര്‍കോട്, കുഞ്ഞിപ്പ തവനൂര്‍, അബ്ദുസ്സലാം പറവണ്ണ, ബഷീര്‍ പറമ്പില്‍, ഇസ്മായില്‍ ഹുദവി, നൗഷാദലി ഹുദവി, അബൂബക്കര്‍ സിദ്ദീഖ് ഫറോഖ്, കെ പി മുഹമ്മദ് കളപ്പാറ,   അശ്‌റഫ് വെമ്പാല  സംസാരിച്ചു.
Next Story

RELATED STORIES

Share it