Editorial

പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കരുത്

കേരളത്തിലെ 3.15 കോടി ജനതയില്‍ ആറിലൊന്ന് അഥവാ 50 ലക്ഷത്തിലേറെ മലയാളികള്‍ ജീവിതായോധനത്തിനു വഴിതേടുന്നത് സംസ്ഥാനത്തിനു പുറത്താണ്. പ്രവാസി മലയാളികളുടെയും മറുനാടന്‍ മലയാളികളുടെയും ക്ഷേമകാര്യങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച നടപടി അതിനാല്‍ തന്നെ ഏറെ സ്വാഗതംചെയ്യപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടര്‍ന്നു. പ്രവാസിക്ഷേമത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അതിന് ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവാസികാര്യവകുപ്പ് കേരളത്തിന്റെ, വിശേഷിച്ച് പ്രവാസി മലയാളികളുടെ താല്‍പ്പര്യവും ദീര്‍ഘകാല ആവശ്യവുമായിരുന്നു. ഇതിനു തുടര്‍ച്ചയായാണ് കേന്ദ്രത്തിലും പ്രവാസികാര്യവകുപ്പ് രൂപീകരിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രവാസികാര്യവകുപ്പിന് പ്രത്യേക മന്ത്രി എന്നത് ഒഴിവാക്കി, വിദേശകാര്യവകുപ്പിന് കീഴിലാണ് പ്രവര്‍ത്തിച്ചുവന്നത്. പ്രവാസികാര്യവകുപ്പ് നിര്‍ത്തലാക്കി വിദേശകാര്യവകുപ്പിന്റെ ഭാഗമാക്കി ഏകോപിപ്പിക്കണമെന്ന നിര്‍ദേശം പ്രധാനമന്ത്രി അംഗീകരിച്ചതായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ട്വിറ്ററില്‍ വെളിപ്പെടുത്തിയിരിക്കുന്നു. സ്വാഭാവികമായും വിവിധ നാടുകളിലെ പ്രവാസികളില്‍നിന്നു ശക്തമായ പ്രതികരണങ്ങളാണ് ഇതിനെതിരേ ഉയര്‍ന്നിരിക്കുന്നത്.
കേരളം പോലെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളുടെയോ പ്രവാസിക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെയോ അഭിപ്രായം ആരായാതെ ഒരു ചര്‍ച്ചപോലും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ തോന്നുംവിധം തീരുമാനമെടുക്കുന്നത് ശരിയായ രീതിയല്ല. പാര്‍ലമെന്റിനോടുള്ള അവഹേളനംകൂടിയായി ഈ നടപടിയെ കാണണം. പ്രവാസികാര്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല എന്നതു ശരിയാണ്. എങ്കിലും പ്രവാസിപ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവസരങ്ങളും അവകാശങ്ങളുമാണ് ഇതോടെ ഇല്ലാതായത്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.
പ്രവാസികാര്യവകുപ്പ് നിലവിലുള്ളതിന്റെ നേട്ടം വിദേശങ്ങളില്‍, വിശേഷിച്ചും ഗള്‍ഫ് നാടുകളിലെ പ്രവാസിസമൂഹത്തിന് നന്നായറിയാം. കൂടുതല്‍ പ്രവാസികളുള്ള എല്ലാ സംസ്ഥാനങ്ങളിലും വകുപ്പ് രൂപീകരിക്കുകയായിരുന്നു ആവശ്യം.
പ്രവാസിക്ഷേമ കാര്യങ്ങളില്‍ പ്രവാസികാര്യവകുപ്പിന്റെ പ്രവര്‍ത്തനം പ്രതീക്ഷയുടെ അടുത്തൊന്നും എത്തിയെന്നു പറയാനാവില്ല. വകുപ്പിന് ഏതുവിധത്തില്‍ കൂടുതല്‍ സജീവമായി പ്രവാസികളുടെ ക്ഷേമകാര്യങ്ങളില്‍ പങ്കാളിത്തം വഹിക്കാനാവുമെന്ന ചര്‍ച്ചകളാണു നടക്കേണ്ടത്. അതിനു പകരം പ്രവാസിക്ഷേമവകുപ്പ് പൂര്‍ണമായും ഇല്ലാതാക്കുന്നത് ശരിയായ നടപടിയല്ല. പ്രധാനമന്ത്രിയുടെ തീരുമാനം അപലപനീയമാണ്. പ്രവാസിക്ഷേമവകുപ്പ് പ്രവര്‍ത്തനം തുടരണം. വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
Next Story

RELATED STORIES

Share it