പ്രവാസികാര്യ മന്ത്രാലയം: യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടി പുനപ്പരിശോധിക്കുക, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ച റബര്‍, കശുവണ്ടി, നാളികേരം മുതലായ നാണ്യവിളകളുടെ വിലത്തകര്‍ച്ച നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മോദിയെ കണ്ടത്.

പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുന്നതിനുവേണ്ടി യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച പ്രവാസികാര്യ മന്ത്രാലയം ഏകപക്ഷീയമായാണ് മോദി സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചത്. ഈ നടപടി പ്രവാസികളുടെ ഇടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് എംപിമാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
അസംസ്‌കൃത എണ്ണ വിലത്തകര്‍ച്ച പ്രധാനമായും ബാധിച്ചത് രാജ്യത്തെ റബര്‍ കര്‍ഷകരെയും പ്രവാസികളെയുമാണ്. എണ്ണ വില കുറഞ്ഞതുമൂലം സിന്തറ്റിക്ക് റബറിന്റെ ഉല്‍പാദനം വര്‍ധിച്ചത് സ്വാഭാവിക റബറിന്റെ വിലയിടിവിന് കാരണമായി. ഗള്‍ഫ് രാജ്യങ്ങളില്‍ ധാരാളം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ട് സ്വന്തം രാജ്യത്തേക്കു തിരിച്ചു വരേണ്ടതായി വന്നു. ഇവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തണമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു രൂപ പോലും നീക്കി വച്ചില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെട്ട് പ്രവാസിളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു തുകയനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.എംപിമാരായ കെ സി വേണുഗോപാല്‍, മുല്ലപ്പളളി രാമചന്ദ്രന്‍, എം കെ രാഘവന്‍, ആന്റോ ആന്റണി, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it