പ്രവാസികാര്യമന്ത്രാലയം നിര്‍ത്തിയത് പുനപ്പരിശോധിക്കണം: ആന്റണി

ന്യൂഡല്‍ഹി: പ്രവാസികാര്യമന്ത്രാലയം നിര്‍ത്തലാക്കിയ തീരുമാനം അടിയന്തരമായി പുനപ്പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. ബ്ലേഡ് കമ്പനിക്കാരെപ്പോലെ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിലയ്ക്കുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആന്റണി.
പ്രവാസി കമ്മീഷന്‍ രൂപീകരിച്ചത് അടക്കമുള്ള നടപടികളിലൂടെ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് അതീവ പ്രധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ വിശദമായ പരിശോധനയ്ക്കു ശേഷം രൂപീകരിച്ച പ്രവാസികള്‍ക്കായുള്ള പ്രത്യേക മന്ത്രാലയം തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. പ്രവാസികളുടെ ആശങ്ക പരിഹരിച്ച് ഈ തീരുമാനം എത്രയും വേഗം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ആന്റണി പറഞ്ഞു.
പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് ധര്‍ണയെ അഭിസംബോധന ചെയ്തു സംസാരിച്ച കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്ന് ധര്‍ണയെ അഭിസംബോധന ചെയ്തു സംസാരിച്ച എംപിമാരായ കെ സി വേണുഗോപാല്‍, ആന്റോ ആന്റണി എന്നിവര്‍ ഉറപ്പുനല്‍കി.
ഡ ല്‍ഹിയുടെ ചുമതലയുള്ള എഐസിസി നേതാവ് പി സി ചാക്കോയും ധര്‍ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
Next Story

RELATED STORIES

Share it