Kollam Local

പ്രവാസികള്‍ക്കായി പുതിയ വായ്പാ പദ്ധതി ഇന്ന് മുതല്‍ സംസ്ഥാനത്ത് തുടങ്ങും: മന്ത്രി എ കെ ബാലന്‍

കൊല്ലം: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് 20 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി ഇന്നു മുതല്‍ സംസ്ഥാനത്ത് തുടങ്ങുമെന്ന് പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ കൊല്ലം ജില്ലാ ഓഫിസ് മന്ദിരത്തിന് ശിലയിടുകയായിരുന്നു അദ്ദേഹം. പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ക്ക് പരമാവധി വായ്പയായി നല്‍കുന്ന 20 ലക്ഷം രൂപയ്ക്ക് മൂന്ന് ലക്ഷം രൂപ സബ്‌സ്ഡി നല്‍കും. 17 ലക്ഷം രൂപയ്ക്ക് ആറു മുതല്‍ എട്ടു ശതമാനം വരെ പലിശ നല്‍കിയാല്‍ മതിയാകും. ഓരോ സിഡിഎസിനും ഗ്യാരന്റി ഇല്ലാതെ തന്നെ ഒരു കോടി രൂപ വീതമാണ് വായ്പ നല്‍കുന്നത്.
അയല്‍ക്കൂട്ടം ഓരോന്നിനും 10 ലക്ഷം രൂപവരെ ലഭ്യമാക്കുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടാവുക. കുടുംബശ്രീയുടെ സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി മൈക്രോ ഫിനാന്‍സിലൂടെ 245 കോടി രൂപ ഇതിനകം നല്‍കാനായി. 1,80,000 വനിതകള്‍ക്ക് രണ്ടര മുതല്‍ മൂന്ന് ശതമാനം വരെ മാത്രം പലിശയ്ക്കാണ് വായ്പ ലഭ്യമാക്കിയത്. രാജ്യത്തും വിദേശത്തും പഠിക്കുന്ന കുട്ടികള്‍ക്കും വായ്പ ലഭ്യമാക്കി വരുന്നു. വിദേശ പഠനത്തിന് 20 ലക്ഷം രൂപവരെയാണ് നല്‍കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കായി നാലു ശതമാനം മാത്രം പലിശയ്ക്കാണ് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്. വിദ്യാഭ്യാസ പദ്ധതി വായ്പ തിരിച്ചടവിനായി 175 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് ദാനം മെയ് മാസത്തില്‍ കൊല്ലത്ത് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ വിവിധ പദ്ധതികളിലായി മൂന്ന് കോടി രൂപയുടെ വായ്പാ വിതരണവും മന്ത്രി നിര്‍വഹിച്ചു. എം മുകേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം നൗഷാദ് എംഎല്‍എ, മേയര്‍ വി രാജേന്ദ്രബാബു, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സംഗീത് ചക്രപാണി, മാനേജിങ് ഡയറക്ടര്‍ കെ ടി ബാലഭാസ്‌കരന്‍, ഡയറക്ടര്‍മാരായ എ മഹേന്ദ്രന്‍, എ പി ജയന്‍,  ജനറല്‍ മാനേജര്‍ കെ വി രാജേന്ദ്രന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി എസ് പ്രേംജി, മുന്‍ ഡയറക്ടര്‍ കെ വി രാജേന്ദ്രന്‍, മുന്‍ ചെയര്‍മാന്‍ മോഹന്‍ ശങ്കര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it