പ്രവാസികളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെന്ന്

ഗുരുവായൂര്‍: കേരളത്തിലെ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒരുപറ്റം ചെറുപ്പക്കാര്‍ വിദേശത്ത് പ്രവാസികളെ വന്‍തോതില്‍ കബളിപ്പിച്ച് നാട്ടിലേക്ക് മുങ്ങുന്നതായി പരാതി. ഒന്നരക്കോടിയോളം രൂപയുടെ സാധനസാമഗ്രികള്‍ ചെക്ക് നല്‍കി തന്റെ കൈയില്‍നിന്നു കടംവാങ്ങി വില്‍പന നടത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഇഷാം നാട്ടിലേക്ക് മുങ്ങിയതായി വിദേശത്ത് വന്‍ വ്യാപാര ശൃംഖലയുള്ള തൃശൂര്‍ എളവള്ളി സ്വദേശി റഷീദ് പെരുമ്പാടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സാധനങ്ങള്‍ കൈപ്പറ്റിയതിന് ഈ മാസം 10ന് മാറാവുന്ന ചെക്ക്, തനിക്ക് നല്‍കിയ മുഹമ്മദ് ഇഷാം അഞ്ചാം തിയ്യതി വിസ കാന്‍സല്‍ ചെയ്ത് നാട്ടിലേക്കു മുങ്ങിയെന്നും റഷീദ് പെരുമ്പാടി ആരോപിച്ചു.
ചെക്ക് മടങ്ങിയപ്പോഴാണ് ഇയാള്‍ നാടുവിട്ട വിവരം താനറിയുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വിദേശത്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തി മലപ്പുറം ജില്ലാ പോലിസ് മേധവിക്ക് പരാതി നല്‍കിയെങ്കിലും മുഹമ്മദ് ഇഷാമിന് നാട്ടില്‍ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ പ്രവാസികളുടെ കാര്യത്തില്‍ പോലസ് കൈമലര്‍ത്തിയെന്നും റഷീദ് പെരുമ്പാടി ആരോപിച്ചു.
സപ്തംബര്‍ 3നാണ് മുഹമ്മദ് ഇഷാം, റഷീദ് പെരുമ്പാടിയുടെ വ്യാപാര ശൃംഖലയില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുള്‍പ്പെടെ ഒന്നരക്കോടിയോളം രൂപയുടെ സാധനങ്ങള്‍ കൈപ്പറ്റിയത്. തങ്ങളില്‍നിന്നു വാങ്ങിയ ഉല്‍പന്നങ്ങള്‍ വിലകുറച്ചു നല്‍കിയാണ് പണവുമായി മുങ്ങിയിരിക്കുന്നത്.
കഴിഞ്ഞ 38വര്‍ഷമായി ദുബയിലും ഷാര്‍ജയിലുമായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തിവരുന്ന റഷീദ് പെരുമ്പാടി 500ഓളം മലയാളികള്‍ക്ക് തൊഴിലവസരം സൃഷ്ടിച്ചു വരുകയാണെന്നും എന്നാല്‍, പ്രവാസികള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുമ്പോള്‍ നാട്ടില്‍ ഭരണകര്‍ത്താക്കളില്‍നിന്നു യാതൊരുവിധ സംരക്ഷണവും ലഭിക്കുന്നില്ലെന്നും റഷീദ് പറഞ്ഞു. തന്റെ കൈയില്‍ നിന്നു ള്‍പ്പെടെ വിദേശത്ത് മറ്റു 10 കമ്പനികളില്‍ നിന്നായി ഇയാള്‍ മൊത്തം 16 കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ടെന്നും റഷീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it