പ്രവാസലോകത്ത് സമ്മിശ്ര പ്രതികരണം

ജിദ്ദ/ദുബൈ: സംസ്ഥാന ബജറ്റിനു പ്രവാസലോകത്ത് സമ്മിശ്ര പ്രതികരണം. ബജറ്റില്‍ പ്രവാസികള്‍ക്കും പ്രവാസി ക്ഷേമപദ്ധതികള്‍ക്കും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി വിലയിരുത്തുമ്പോള്‍ തന്നെ, പ്രവാസികള്‍ക്കായി  80 കോടി രൂപ അനുവദിച്ച കേരള സര്‍ക്കാരിന്റെ നടപടി സംശയത്തോടെ കാണുകയാണ് ഒരു വിഭാഗം പ്രവാസികള്‍. പ്രവാസി മലയാളികളുടെ ഡാറ്റാബാങ്ക് ഉണ്ടാക്കാന്‍ ബജറ്റില്‍ നീക്കിവച്ചത് ഏഴു കോടിയാണ്. രണ്ടാം ലോക കേരള സഭയും ഗ്ലോബല്‍ കേരള ഫെസ്റ്റിവല്‍ നടത്താനുമായി 19 കോടി നീക്കിവച്ചിരിക്കുന്നു. ഒന്നാം ലോക കേരള സഭ വിജയിപ്പിക്കാനായി സമ്പന്നരായ പ്രതിനിധികളെ പോലും സൗജന്യ ടിക്കറ്റും താമസവും നല്‍കിയാണ് ഗള്‍ഫ് നാടുകളില്‍ നിന്നു ക്ഷണിച്ചുവരുത്തിയിരുന്നത്. കഴിഞ്ഞ ബജറ്റിലും മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിലും നല്‍കിയ വാഗ്ദാനമായ പ്രവാസി പെന്‍ഷന്‍ ഇതുവരെ 2000 രൂപയാക്കി ഉയര്‍ത്തിയിട്ടില്ലെന്നും വിമര്‍ശകര്‍ വിലയിരുത്തുന്നു. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്ന പ്രവാസി ചിട്ടി ഫണ്ട് പദ്ധതി കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. വിദേശത്തുനിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് ബിസിനസ് തുടങ്ങാനുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി 17 കോടി നീക്കിവയ്ക്കുന്നതും സാധാരണ പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്നതല്ല. മുന്‍ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാതെ വീണ്ടും അക്കാര്യങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. അതേസമയം, ജനക്ഷേമത്തിന് ഊന്നല്‍ നല്‍കിയ ബജറ്റാണിതെന്ന്് പ്രമുഖ വ്യവസായി എം എ യൂസുഫലി അടക്കമുള്ളവര്‍ പറഞ്ഞു. പൊതുജനാരോഗ്യം, പാര്‍പ്പിടം, അടിസ്ഥാന വികസനം എന്നിവയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞുവെന്നും പ്രവാസികളുടെ ക്ഷേമത്തിനായി ഏറ്റവും കൂടുതല്‍ തുക വകയിരുത്തി എന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it