azchavattam

പ്രവാസത്തിന്റെ പത്തേമാരി

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

ഏറെ പ്രതീക്ഷയോടെയും അതിലേറെ ആശങ്കയോടെയുമാണു പത്തേമാരി തിയേറ്ററില്‍ എത്തിയത്. മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി, സലിം അഹ്മദ്, മമ്മൂട്ടി എന്നീ ദേശീയ ബഹുമതി നേടിയവരുടെ സംഗമമാണു പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയത്. എന്നാല്‍, സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി മമ്മൂട്ടി കാണിക്കുന്ന പക്വതയില്ലായ്മ മമ്മൂട്ടി ചിത്രങ്ങളെ ആശങ്കയോടെയാണു പലരും നോക്കിക്കണ്ടിരുന്നത്. ഫാന്‍സുകാരുടെ ബഹളങ്ങളോ ഫഌക്‌സ് ബോര്‍ഡുകളോ ഇല്ലാതെ, 20ല്‍ താഴെ മാത്രം കാണികളുമായാണ് ഈ മമ്മൂട്ടി ചിത്രം ആദ്യ രണ്ടു ദിവസങ്ങളില്‍ തിയേറ്ററില്‍ കളിച്ചത്. കലാമൂല്യമുള്ള പത്തേമാരിയെ സോഷ്യല്‍ മീഡിയ കൈപിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കകം ചിത്രത്തിന് തിയേറ്ററില്‍ വന്‍ സ്വീകാര്യത ലഭിച്ചു.

കേവലം 109 മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം വര്‍ഷങ്ങള്‍ക്കു മുമ്പ് പത്തേമാരിയില്‍, കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ വേണ്ടി, നിയമവിരുദ്ധമായി കടല്‍കടന്ന് ഗള്‍ഫിലേക്കു പുറപ്പെടുന്ന പള്ളിക്കല്‍ നാരായണന്റെ ജീവിതകഥയാണു പറയുന്നത്. തന്റെ നാട്ടില്‍ നിന്ന് ആദ്യമായി, അതും കൗമാരത്തിന്റെ പടികടക്കുന്ന പ്രായത്തില്‍, ഗള്‍ഫില്‍ എത്തിപ്പെട്ട നാരായണന്‍കുട്ടിയുടെ 1960 മുതല്‍ 2015 വരെയുള്ള ജീവിതമാണു ചിത്രം ആവിഷ്‌കരിക്കുന്നത്. മൂന്നു  വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയിലെ അഭിനേതാവിനെ സലിം അഹ്മദ് എന്ന സംവിധായകന്‍ നന്നായി ഉപയോഗപ്പെടുത്തി. പത്തേമാരിയില്‍ ആളുകളെ വിദേശത്തേക്കു കടത്തുന്ന വേലായുധന്‍ എന്ന കഥാപാത്രമായുള്ള സിദ്ദീഖിന്റെ ആദ്യാവസാനമുള്ള പ്രകടനം വിസ്മയാവഹമാണ്.

ചെറിയ കഥാപാത്രമാണെങ്കിലും തിയേറ്റര്‍ വിട്ട് വീട്ടിലെത്തിയാലും ആ കഥാപാത്രം നമ്മെ വിട്ടുപോവില്ല. ചേറ്റുവയിലെ ജീവിച്ചിരുന്ന യഥാര്‍ഥ വ്യക്തിയാണ് ഈ കഥാപാത്രം. നാരായണന്റെ അച്ഛനായി അഭിനയിച്ചത് സലിംകുമാറാണ്. സിദ്ദീഖിന്റെ മകന്‍ ഷഹീന്‍, മമ്മൂട്ടിയുടെ     മകനായി അരങ്ങേറ്റം കുറിച്ചു. ചിത്രത്തില്‍ ഏറെ ഓര്‍മിക്കപ്പെടുന്ന ഒരു കഥാപാത്രമാണിത്. ശ്രീനിവാസനും ഒരു പ്രധാന വേഷമാണു ചിത്രത്തിലുള്ളത്. നാരായണന്റെ ഭാര്യയായി ജുവല്‍ മേരിയും തിളങ്ങി. 'അറബിക്കടലല- പത്തേമാരി' എന്നു തുടങ്ങുന്ന ഷഹബാസ് അമന്‍ പാടിയ രണ്ടാം ഗാനം അതിസുന്ദരമാണ്. ഏതൊരു പ്രവാസിക്കും ഈ ഗാനം ഒരു നൊമ്പരക്കുറിപ്പായി മാറും തീര്‍ച്ച.പ്രയാസം സഹിച്ച് നാരായണന്‍ ഗള്‍ഫില്‍ പോയിട്ടും രക്ഷപ്പെടുന്നില്ല. പ്രായമേറെ ആയിട്ടും ജീവിത പ്രാരാബ്ധങ്ങള്‍ കാരണം അയാള്‍ പ്രവാസിയായി തുടരുകയാണ്. ഏതൊരു പ്രവാസിക്കും പറയാനുള്ള കഥ.               പ്രവാസിയുടെ നേര്‍ ചിത്രമാണ് ഈ കഥാപാത്രം. ഇതുതന്നെയാണു പത്തേമാരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തതും.  പ്രധാനമായും മൂന്നു ജീവിതഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രം കടന്നുപോവുന്നത്. ആരുടെ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാന്‍ പ്രാപ്തിയുള്ള, സ്‌നേഹനിധിയായ ചെറുപ്പക്കാരനായ നാരായണന്‍. ഈ കാലയളവിലാണ് കൗശലക്കാരനായ ഏട്ടന് (ജോയ് മാത്യൂ) 25,000 രൂപ കൊടുത്തു സഹായിക്കുന്നതും. നാരായണന്റെ ഗള്‍ഫില്‍ നിന്നുള്ള വരവ് ആഘോഷിക്കാന്‍ ആറു ദിവസം കട അടച്ചിടുന്ന അളിയന്‍. മറ്റൊരു ഘട്ടം മധ്യ വയസ്‌കനായ നാരായണനാണ്. സ്വന്തം കാലില്‍             നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു സാധിക്കാതെവരുന്നു. സഹോദരിയുടെ മകള്‍ക്കു സ്വന്തം വീടു നല്‍കേണ്ട സാഹചര്യവുമുണ്ടാവുന്നു. എന്നിട്ടു സ്വന്തം വീട്ടില്‍ വാടകക്കാരനായി കഴിയേണ്ടിവരുകയും ചെയ്യുന്നു. അതുവരെ അങ്ങോട്ടു സഹായിച്ചവര്‍ കണക്കുപറഞ്ഞ് പിന്‍മാറുന്നു. മമ്മൂട്ടി എന്ന താരം ഇവിടെ ഒരിടത്തുമില്ലെന്നതാണു പ്രേക്ഷകരെ വിസ്മയപ്പെടുത്തുന്നത്. നാരായണനേ നമുക്കു മുന്നിലുള്ളൂ. അതുതന്നെയാണ് ഈ സിനിമയുടെ വിജയവും. ഈ ഘട്ടത്തില്‍ പ്രവാസം മതിയാക്കി നാട്ടില്‍ കൂടാന്‍ ആലോചിക്കുന്നുണ്ട് നാരായണന്‍. 'ഇത്രയും നാള്‍ ഗള്‍ഫുകാരന്റെ ഭാര്യയെന്ന പേരെങ്കിലുമുണ്ടായിരുന്നു' എന്ന് ആശങ്കപ്പെടുന്ന ഭാര്യ ഏതൊരു പ്രവാസിഭാര്യയുടെയും തിനിപ്പകര്‍പ്പുതന്നെ. മൂന്നാംഘട്ടം ജീവിതസായാഹ്നത്തിലെത്തിനില്‍ക്കുന്ന നാരായണന്‍. രോഗവും ആരോഗ്യപ്രശ്‌നങ്ങളും ബാധിച്ചുകഴിഞ്ഞു. ഈ മൂന്ന് കാലഘട്ടത്തെയും മമ്മൂട്ടി നല്ലരീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്മിതയുടെ കല്യാണം കൂടാന്‍ കഴിയാതെ, മനസ്സില്ലാമനസ്സോടെ വീടിന്റെ പടിയിറങ്ങിപ്പോവുന്ന രംഗത്തു നാരായണന്റെ നിസ്സഹായത കാണികളുടെ കണ്ണുനിറയ്ക്കും. കാത്തുകിടക്കുന്ന കാറിന്റെയടുത്തുവരെ ഒരാളെങ്കിലും വരുന്നുണ്ടോ എന്നു നാരായണന്‍ ചെറുതായൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ നാരായണന്റെ മാത്രമല്ല നമ്മുടെയും മനസ്സ് പിടയ്ക്കും. കടലിന്റെ രണ്ടു കരകളിലായി നാരായണന്റെയും നളിനിയുടെയും പാദം നനയുന്ന രംഗത്തില്‍ പ്രണയം മണക്കും. നാരായണന്റെ മൃതദേഹം വീട്ടില്‍ കയറ്റാന്‍ തയ്യാറാവാതിരുന്ന മകന്‍ പുതിയ തലമുറയുടെ പ്രതീകം തന്നെ. അച്ഛന്‍ വിളിക്കുമ്പോള്‍ 'ഞാനുറങ്ങി' എന്നു പറയാന്‍ ചട്ടംകെട്ടുന്ന മകന്റെ ഒരൊറ്റ ഡയലോഗ് അത്തരം മക്കളുടെ ഹൃദയത്തില്‍ കുറ്റബോധത്തിന്റെ തീകോരിയിടും. ഇതുപോലുള്ള ജീവസ്സുറ്റ രംഗങ്ങളുടെ സാന്നിധ്യംകൊണ്ടാണു പത്തേമാരി കാണികളെ ആകര്‍ഷിച്ചത്. ആദാമിന്റെ മകന്‍ അബു എന്ന ആദ്യ സിനിമയിലൂടെ വരവറിയിച്ച സംവിധായകനാണ് സലിം അഹ്്മദ്. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് പത്തേമാരി. ഒട്ടേറെ തവണ പറഞ്ഞൊരു വിഷയമാണെങ്കിലും പ്രവാസജീവിതത്തില്‍ ജീവിതഗന്ധിയായ പലതും തന്‍മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ സലിം അഹ്മദ് വിജയിച്ചിരിക്കുന്നു.   ി
Next Story

RELATED STORIES

Share it