പ്രവാസജീവിതം കഴിഞ്ഞു; ഇന്ന് ജീവിതോപാധി കലോല്‍സവ വേദിയുടെ പിന്നാമ്പുറങ്ങള്‍

ഷബ്‌ന സിയാദ്

തിരുവനന്തപുരം: പ്രവാസം കഴിഞ്ഞു തിരിച്ചെത്തി വഴിയാധാരമായ ഒരു മനുഷ്യന് കലോല്‍സവവേദിയുടെ പിന്നാമ്പുറങ്ങള്‍ ജീവിതോപാധിയാവുന്നു. കലോല്‍സവവേദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുകയാണ് പത്ത് വര്‍ഷത്തോളം അബുദാബിയില്‍ ജോലി ചെയ്ത് തിരിച്ചെത്തിയ സുധാകരന്‍. ഫര്‍ണിച്ചര്‍ കമ്പനിയില്‍ നല്ല രീതിയില്‍ ജോലി ചെയ്തിരുന്ന സുധാകരന്‍ വര്‍ഷം തോറും നാട്ടില്‍ വന്നുപോയിരുന്നു. ഇതിനിടെ ഭാര്യയുടെ അവിഹിത ബന്ധമറിഞ്ഞു തകര്‍ന്നുപോയ ഇയാള്‍ വീടും രണ്ടു മക്കളെയും ഉപേക്ഷിച്ചിറങ്ങി. പത്തു വര്‍ഷത്തോളം എല്ലുമുറിയെ പണിയെടുത്ത് സമ്പാദിച്ചതെല്ലാം ഭാര്യയുടെയും മക്കളുടെയും പേരില്‍ എഴുതി നല്‍കിയിരുന്നതിനാല്‍ കൈയും വീശി വീടുവിടേണ്ടി വന്നു. മകളും മകനും പഠിക്കാന്‍ മിടുമിടുക്കര്‍. അവര്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കിയിരുന്നു. മകള്‍ റാങ്കോടെ ബി എഡ് പൂര്‍ത്തിയാക്കി . എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച് ഡല്‍ഹിയില്‍ താമസം. മകന്‍ എവിടെയോ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നു മാത്രമറിയാം. തന്റെ ഗതി മക്കള്‍ക്ക് വരരുതെന്ന പ്രാര്‍ഥന മാത്രമാണുള്ളതെന്ന് ഇയാള്‍ പറയുന്നു. കലോല്‍സവ വേദികളില്‍ വിവിധ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോള്‍ സുധാകരന്റെ മനസ് തന്റെ നല്ലകാലത്തിലേക്ക് പോവുന്നു.തന്റെ മക്കളും പഠിക്കാനും കലയിലും മിടുക്കരായിരുന്നു. അവരും കലോല്‍സവങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു. മദ്യമില്ലെങ്കില്‍ ജീവിക്കാനാവാത്ത അവസ്ഥ. മദ്യം മാത്രമാണ് തനിക്ക് സമാധാനമെന്ന് സുധാകരന്‍ പറയുന്നു. എല്ലുമുറിയെ പണയെടുത്ത് കിട്ടുന്ന പണം സമ്പാദിക്കേണ്ട. ആര്‍ക്കും നല്‍കേണ്ട. കിട്ടുന്നത് ചെലവാക്കും. നാളെയെന്തെന്ന് ചിന്തിക്കേണ്ടതില്ലാത്തതിനാല്‍ താനിപ്പോള്‍ സന്തോഷവാനാണെന്നണ് സുധാകരന്‍ കണ്ണീരോടെ പറഞ്ഞത്.
തിരുവനന്തപുരം നഗരവും പരിസരവും മുഴുവന്‍ തന്റെ വീടായാണ് സുധാകരന്‍ കരുതുന്നത്. കോര്‍പറേഷന്‍ വണ്ടിയില്‍ എത്തുന്ന പ്ലാസ്റ്റിക്കുകള്‍ ജോലിക്കാര്‍ തന്നെ സുധാകരനെ ഏല്‍പിക്കും. കലോല്‍സവേദിയില്‍ നിന്നും വണ്ടിയില്‍ ശേഖരിക്കുന്ന വെള്ളകുപ്പികളെല്ലാം ഇയാള്‍ തിരഞ്ഞെടുക്കും. കോര്‍പറേഷന്‍ ജീവനക്കാരുടെ സഹകരണം സുധാകരനു വലിയ അനുഗ്രഹമാണ്. ശേഖരിച്ച് ചാക്കിലാക്കുന്ന കുപ്പികള്‍ അടുത്തുള്ള ആക്രികടയില്‍ വില്‍പന നടത്തും.
കലോല്‍സവമില്ലാത്ത സമയങ്ങളില്‍ റോഡരികില്‍ നിന്നും വീടുകളില്‍ നിന്നുമാണ് പ്ലാസ്റ്റിക് ശേഖരണം. എല്ലാ കലോല്‍സവവേദികളിലുമെത്തുന്ന ഈ മധ്യവയസ്‌കന് ഇത്തവണ തിരിച്ചടിയായത് കലോല്‍സവ വേദിയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ വിദ്യാര്‍ഥികളുടെ നേത്യത്വത്തിലുള്ള ഗ്രീന്‍ പ്രോട്ടോകോളാണ്. തിരുവനന്തപുരം ജില്ലയിലെ 17 സ്‌കൂളുകളില്‍ നിന്നുള്ള 350 വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കലോല്‍സവ വേദികളിലേക്കു കുപ്പികളടക്കമുള്ള പ്ലാസ്റ്റികുമായി കയറുന്നവരില്‍ നിന്നും പത്തു രൂപ വാങ്ങി സ്റ്റികര്‍ നല്‍കി വിടുന്നുണ്ട്. സ്റ്റിക്കറൊട്ടിച്ച പ്ലാസ്റ്റിക് സാധനങ്ങളുമായി വേദിയില്‍ നിന്നും ഇറങ്ങി തിരിച്ചു നല്‍കുന്നവര്‍ക്കു തുക തിരികെ നല്‍കും. ഇതോടൊപ്പം ഉപേക്ഷിക്കുന്ന കുപ്പികളടക്കമുള്ള പ്ലാസ്റ്റിക്കുകള്‍ വിദ്യാര്‍ഥികള്‍ കൈപ്പറ്റുകയും ചെയ്യും. ഇങ്ങനെ കൈപ്പറ്റുന്ന പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചു വില്‍പന നടത്തുകയാണ് ഈ കുട്ടികള്‍. വിദ്യാര്‍ഥികളുടെ ഈ പ്രവര്‍ത്തനത്തോടെ സുധാകരന്റെ ബിസിനസ് അല്‍പമൊന്ന് കുറഞ്ഞു. എന്നാലും പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്ന മലയാളിയുടെ ശീലമുള്ളിടത്തോളം സുധാകരനു പേടിയില്ല.
Next Story

RELATED STORIES

Share it