Fortnightly

പ്രവാസം തുറന്നുതന്നവാതായനങ്ങള്‍

പ്രവാസം തുറന്നുതന്നവാതായനങ്ങള്‍
X

പി ടി കുഞ്ഞുമുഹമ്മദ്
p-t
കേരളത്തിന് മഹത്തായ ഒരു ചരിത്ര പാരമ്പര്യമുണ്ട്. പൗരാണിക കാലം മുതല്‍ക്കേ അതിവിദൂര രാജ്യങ്ങളുമായി പോലും കേരളം സാമ്പത്തീകവും സാംസ്‌കാരികവും മതപരവുമായ ബന്ധങ്ങള്‍ പുലര്‍ത്തിപ്പോന്നിട്ടുണ്ട്. സുഗന്ധദ്രവ്യങ്ങളും മലഞ്ചരക്കുകളും കേരളത്തിന്റെ ദേശാന്തരീയ ബന്ധങ്ങള്‍ക്ക് പ്രധാനപ്പെട്ട ഘടകങ്ങളായി വര്‍ത്തിച്ചു. ഇതൊക്കെയായിട്ടും മലയാളി കേരളത്തിന്റെ വലിപ്പം മനസ്സിലാക്കിയില്ല. അവന്റെ പതിവ് പ്രയോഗം തന്നെ 'കൊച്ചുകേരളം' എന്നാണ്.


കേരളീയ ദേശീയതയെ കുറിച്ചോ, മലയാള ഭാഷയെ കുറിച്ചോ സ്വത്വത്തെക്കുറിച്ചോ അവനൊരു അറിവുമില്ല. തമിഴര്‍ മലയാളികളില്‍ നിന്നും ഈ വിഷയത്തില്‍ വളരെ വ്യത്യസ്ഥരാണ്. അവര്‍ തമിഴ് ഭാഷയെ അതിരറ്റ് സ്‌നേഹിക്കുന്നു. തമിഴകത്തോട് അപരിമേയമായ വൈകാരികത വെച്ച് പുലര്‍ത്തുന്നു. മനോഭാവത്തിലുള്ള ഈ അന്തരം കേരളീയരും തമിഴരുമായ സാധാരണക്കാരില്‍ മാത്രമല്ല അവരിലെ ഉദ്യോഗസ്ഥന്മാര്‍ക്കിടയിലും ഭരണകര്‍ത്താക്കള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. മനഃസ്ഥിതിയിലുള്ള ഈ വ്യത്യാസം അവരുടെ നിലപാടുകളിലും തീരുമാനങ്ങളിലും പ്രതിഫലിക്കുന്നതായി കാണാം. മുല്ലപ്പെരിയാര്‍ പ്രശ്‌നം അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. നമ്മുടെ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥന്മാരും തണുത്ത നിലപാടാണ് ആ വിഷയത്തില്‍ അനുവര്‍ത്തിച്ചത്. തമിഴരാകട്ടെ വളരെ ഊര്‍ജ്ജസ്വലതയോടെയാണ് ആ പ്രശനത്തില്‍ ഇടപെട്ടത്. അപകര്‍ഷതയും വിധേയത്വവുമാണ് മലയാളിയുടെ മുദ്രകള്‍.
പക്ഷേ, കേരളീയ സാഹചര്യങ്ങള്‍ മാറി വരുന്നുണ്ട്. അതില്‍ ഒരു പ്രധാന പങ്ക് പ്രവാസത്തിനാണ്. മലയാളിയുടെ കുടിയേറ്റത്തില്‍ നിന്നും വ്യത്യസ്തമാണ് തമിഴന്റേത്. തമിഴന്‍ കുടുംബത്തോടെയാണ് രാജ്യം വിടുക. മലയാളി അങ്ങനെയല്ല. അവന്‍ തന്റെ കുടുംബത്തെ രാജ്യത്ത് തന്നെ നിറുത്തിക്കൊണ്ടാണ് പോവുക. അവന്‍ തന്റെ കുടുംബവേരുകള്‍ മുറിച്ച് കളയുന്നില്ല. പരദേശത്ത് തൊഴിലെടുത്ത് സ്വരൂപിക്കുന്ന പണം അവന്‍ നാട്ടിലേക്കെത്തിക്കുന്നു. നാട്ടിലേക്ക് പണം എത്തുന്നതോടൊപ്പം സാംസ്‌കാരിക വിനിമയവും നടക്കുന്നു. വികസനത്തെ കുറിച്ച ധാരണയും പരിഷ്‌ക്കരണബോധവും മലയാളിയില്‍ അങ്കുരിക്കുന്നതില്‍ പ്രവാസം വലിയ പങ്ക് വഹിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരം ഇന്ത്യന്‍ നഗരങ്ങള്‍ വ്യവസായിക വല്‍ക്കരിക്കപ്പെട്ടു. ബോംബെയും മദ്രാസും  കല്‍ക്കത്തയും തൊഴിലന്വേഷകരായ മലയാളികളെ ആകര്‍ഷിച്ചു. കച്ചവടാവശ്യാര്‍ത്ഥം ഈ നഗരങ്ങളിലേക്ക് കുടിയേറിയവരില്‍ മലയാളികളില്‍ നിരവധി പേരുണ്ട്. തൊഴിലാളി പ്രസ്ഥാനങ്ങളുമായും സാംസ്‌കാരിക വേദികളുമായും അടുത്തിടപഴകുവാന്‍ അവസരം കിട്ടി. ഈ ഇടപഴകല്‍ മലയാളിയുടെ മനോഭാവത്തെയും കാഴ്ചപ്പാടിനെയും മാറ്റിയെടുത്തു.


rail
ഗള്‍ഫു രാജ്യങ്ങളില്‍ പെട്രോള്‍ ഖനനം ആരംഭിച്ചതോടെ കേരളീയര്‍ അവിടങ്ങളിലേക്കൊഴുകി. മലയാളി എന്നും ദേശാടനക്കാരനായിരുന്നു. എന്നാല്‍ അവന്റെ മതപരവും രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവും കുടുംബപരവുമായ സാഹചര്യങ്ങളേയും പശ്ചാത്തലങ്ങളേയും ഏറ്റവും നിര്‍ണ്ണായകമായി സ്വാധീനിച്ചത് ഗള്‍ഫ് പ്രവാസമാണ്. സാമ്പത്തികമായി അധഃസ്ഥിതിയില്‍ നിന്നവരും വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നവരുമായ മലയാളിക്ക് മുമ്പില്‍ ഖത്തറും കുവൈറ്റും സഊദി അറേബ്യയും ബഹ്‌റൈനും, യുഎഇയും… അനുഗ്രങ്ങളുടേയും സൗഭാഗ്യങ്ങളുടേയും വിളനിലങ്ങളിലേക്കുള്ള വാതായനങ്ങള്‍ തുറന്നു വെച്ചു. കേരളീയര്‍ മരുഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്ത് പണമുണ്ടാക്കി. പണം അവര്‍ രാജ്യത്തേക്കയച്ചു. എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത് മുന്നേറി. സാമ്പത്തിക രംഗത്ത് മാത്രമായിരുന്നില്ല പരിവര്‍ത്തനം സംഭവിച്ചത്. സാമൂഹിക ഘടനയില്‍ തന്നെ വമ്പിച്ച മാറ്റങ്ങള്‍ക്ക് ഗള്‍ഫു പ്രവാസം കാരണമായി. പ്രഭുത്വത്തിന്റെയും തറവാടിത്വത്തിന്റെയും പ്രമാണിത്വത്തിന്റെയും ദുഷ്പ്രവണതകളും ദുസ്വാധീനങ്ങളും ദുരീകരിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. ചാവക്കാട്, നാദാപുരം പോലുള്ള പ്രദേശങ്ങള്‍ അതിനുള്ള തെളിവുകളാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതില്‍ ഗള്‍ഫ് പണം വളരെയേറെ സഹായകമാവുകയുണ്ടായി. സാമൂഹ്യ രംഗത്തുണ്ടായ വിവിധ രീതികളിലുള്ള  ആധിപത്യത്തിനും ആഢ്യത്വത്തിനും അത് വലിയ പരിക്കുകള്‍ ഏല്‍പ്പിച്ചു.
കേരളത്തിലെ ഭൂരിപക്ഷം പേരും ഗള്‍ഫു പണത്തിന്റെ അനുഗ്രഹം ആസ്വദിക്കുന്നവരാണ്. കേറിക്കിടക്കാന്‍ അവസരമില്ലാത്തവര്‍ അവര്‍ക്കിടയില്‍ ആരുമുണ്ടാവാത്ത സ്ഥിതിവന്നു. സുഗമമായ ജീവിത വ്യവഹാരത്തിന് അനിവാര്യമായ, ആധുനികമായ സൗകര്യങ്ങള്‍ അധികമാളുകള്‍ക്കുമുണ്ട്. ഭക്ഷണം, വസ്ത്രം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ കേരളം വിസ്മയങ്ങളുടെ നാടായി. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഒരു അമേരിക്കക്കാരി എന്നെ കാണുവാനായി വന്നിരുന്നു. കേരളം അക്ഷരാര്‍ത്ഥത്തില്‍ തന്നെ അവരെ ആശ്ചര്യപ്പെടുത്തി. വലുപ്പത്തിലും ആധുനികതയിലും അമേരിക്കയിലേത് പോലുള്ള വീടുകള്‍ കാണാനായത് അവരെ അത്ഭുതപ്പെടുത്തി.
പ്രവാസത്തിന്റെ മുഴുവന്‍ പ്രയോജനങ്ങളും എടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല. വമ്പിച്ച വ്യവസായിക വിപ്ലവത്തിന്റെ അനുകൂലമായ കാലാവസ്ഥ കേരളത്തിലുണ്ടായിരുന്നു. വെള്ളവും വൈദ്യുതിയും സുലഭമായിട്ടുണ്ടായിരുന്നു. സാങ്കേതി ജ്ഞാനമുണ്ടായിരുന്നു. തൊഴിലന്വേഷകര്‍ ഉണ്ടായിരുന്നു. ഗതാഗത സൗകര്യങ്ങളുണ്ടായിരുന്നു. ഗള്‍ഫ് പണത്തിന്റെ ആവിര്‍ഭാവത്തോടെ വ്യവസായ സംരംഭങ്ങളില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറുള്ളവര്‍ ധാരാളമുണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി പ്രസ്ഥാനങ്ങളുമാണ് പ്രവാസികളെ നേരാം വിധം നയിക്കേണ്ടിയിരുന്നത്. ഗള്‍ഫ് പണം ഫലപ്രദമായി എങ്ങിനെ വിനിയോഗിക്കണം, എവിടെ നിക്ഷേപിക്കണം എന്നൊന്നും നിര്‍ദ്ദേശിക്കാന്‍ ഇവിടെ ആരുമുണ്ടായിരുന്നില്ല. അതു കൊണ്ട് ഉല്‍പ്പാദനോന്മുഖമായ രീതിയില്‍ ഗള്‍ഫ് പണം വിനിയോഗിക്കപ്പെട്ടില്ല. പലപ്പോഴും ആര്‍ഭാടങ്ങള്‍ക്കായി, കെട്ടിടനിര്‍മ്മാണത്തിനായി, ആഭരണങ്ങള്‍ക്കായി ദുര്‍വ്യയം ചെയ്യപ്പെട്ടു. ഉപഭോഗ സംസ്‌കാരം അതിന്റെ എല്ലാ ദുഷ്പ്രവണതകളോടും കൂടി വിളയാട്ടം നടത്തി. സാമൂഹികാന്തരീക്ഷം ദുഷിപ്പിക്കുന്നതിന് അത് കാരണമൊരുക്കി. സാമ്പത്തികാസൂത്രണത്തിലും സമ്പദ്ശാസ്ത്ര ചര്‍ച്ചകളിലും ഗള്‍ഫ് പണം ഒരു ഘടകമേ ആയിരുന്നില്ല. യാഥാസ്ഥിതികവും ഫ്യൂഡല്‍ സ്വാധീനവുമുള്ള ഭരണ സംവിധാനം പുരോഗമനപരമായ നയങ്ങള്‍ പിന്തുടരുന്നതില്‍ വിമുഖത കാണിക്കും. ഉല്‍പതിഷ്ണുക്കളും ഭാവനാ സമ്പന്നരും സമര്‍ത്ഥരുമായ ഭരണാധികാരികള്‍ക്കേ ജനകീയ സംരംഭങ്ങളെ പോഷിപ്പിക്കാന്‍ മുന്‍കയ്യെടുക്കാന്‍ കഴിയൂ.




പ്രവാസം സ്വത്വബോധം സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഒരു വ്യക്തിക്ക് തന്റെ വ്യതിരക്തതയും പ്രാധാന്യവും അറിയാന്‍ ആവുന്നത് മറ്റുള്ളവരുടെ കൂട്ടത്തില്‍ അകപ്പെടുമ്പോഴാണ്. മലയാളി ഹോട്ടല്‍, മലയാളിവേദികള്‍, മലയാളി കൂട്ടായ്മകള്‍ ഇവയൊക്കെ മലയാളിക്ക് മലയാളിയെ പരിചയപ്പെടുത്തി.
നാമാണ് നമ്മുടെ ഭാഷയെ പ്രോത്സാഹിപ്പിക്കേണ്ടത്.



മറ്റൊരു ജനതയ്ക്കും ആ ബാധ്യതയില്ല. സാഹിത്യത്തിലും രചനകളിലും വരയിലും മുന്നേറ്റം നടക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ വിചാരങ്ങള്‍ക്കും ധാരണകള്‍ക്കും ചില വൈകല്യങ്ങളുണ്ട്. മലയാളം രണ്ടാം സ്ഥാനത്താണെന്നത് വികലമായ ബോധമാണ്. ഒരു ഭാഷമറ്റൊരു ഭാഷയുടെ വളര്‍ച്ചക്കോ പ്രചരണത്തിനോ തടസ്സമാവാരുത്. ഭാഷയില്‍ നിന്നാണ് ക്രിയേറ്റിവിറ്റിയുണ്ടാവുന്നത്. ഭാഷയില്‍ നിന്നാണ് സാംസ്‌കാരിക ധാരകള്‍ പിറവി കൊള്ളുന്നത്. മലയാളത്തെ കയ്യൊഴിയുകയോ അവഗണിക്കുകയോ ചെയ്യുമ്പോള്‍ മലയാളി കീഴൊതുങ്ങുകയാണ്. സാംസ്‌കാരികമായ അടിമത്വം അവന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. നാം തരം താഴ്ന്നവര്‍, നമ്മുടെ ഭാഷയും ജീവിത രീതിയും തരം താഴ്ന്നവ എന്ന ധാരണകളാണ് മലയാളിയെ സ്വാധീനിച്ചിട്ടുള്ളത്. അപ്പുറത്തുള്ളവര്‍ ഉന്നതര്‍ എന്ന തോന്നല്‍. നമുക്ക് മൗലികമായ ചിന്ത -ഒറിജിനല്‍ തോട്ട്- ഇല്ല. കടമെടുത്ത ചിന്തകളും വായ്പയെടുത്ത ബോധങ്ങളുമായാണ് നാമിപ്പോള്‍ കഴിഞ്ഞു കൂടുന്നത്. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ അന്തസ്സോടെ, അഭിമാനബോധത്തോടെ പെരുമാറാന്‍ കഴിയാതായിരിക്കുന്നു. ഓച്ചാനിച്ചു നില്‍ക്കുന്നവനായിത്തീര്‍ന്നിരിക്കുന്നു മലയാളി. 'നീ ആരേയും ഭയക്കേണ്ടതില്ല, നീ സ്വതന്ത്ര്യനാണ്' എന്ന് പ്രഖ്യാപിച്ചു കൊണ്ട് കണ്ണാടി പ്രതിഷ്ഠിച്ച നാടാണ് കേരളം.


നാം അടഞ്ഞ സമുദായമാകരുത്. സാംസ്‌കാരിക വിനിമയത്തിന്, ഭാഷാപരമായ കൊള്ളക്കൊടുക്കകള്‍ക്ക് തയ്യാറാവുമ്പോഴേ സമൂഹം വികസ്വരമായിത്തീരുകയുള്ളൂ. ആല്‍ക്കഹോള്‍, അല്‍ജിബ്രാ ആല്‍ക്കമി, അല്‍ഗോറിതം തുടങ്ങി നിരവധി വാക്കുകള്‍ ഇംഗ്ലീഷിലുണ്ട്. ഇവയൊന്നും ഇംഗ്ലീഷ് പദങ്ങളല്ല അറബി പദങ്ങളാണ്. തുറന്ന ഭാഷയായത് കൊണ്ട് അതി സമ്പന്നമായിത്തീര്‍ന്നു ഇംഗ്ലീഷ്. മലയാളത്തെ സമ്പന്നമാക്കേണ്ടത് നാം മലയാളികളുടെ ബാധ്യതയാണ്.
സമഗ്രമായ കുടിയേറ്റ നിയമം നമുക്കുണ്ടാവണം. ഒരാള്‍ വിമാനം കയറി, മറുനാട്ടിലെത്തി ജോലിയെടുത്തു തിരിച്ച് നാട്ടില്‍ എത്തുന്നത്‌വരെ അവന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ഒരു മൈഗ്രേഷന്‍ ആക്ട്. കേന്ദ്രസര്‍ക്കാറാണ് അത്തരമൊന്ന് ആവിഷ്‌ക്കരിക്കേണ്ടത്. 71 ബില്യന്‍ ഡോളറാണ് കേരളത്തിലെത്തുന്നത്. ഈ പണമാണ് ഇവിടെത്തെ വിദേശ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ്. പക്ഷേ, പ്രവാസികളെ പരിഗണിക്കാന്‍ നമുക്കാവുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും അവരുടെ ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. വോട്ടവകാശം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.


house
മുസ്്‌ലിം രാജ്യങ്ങള്‍ പല കാരണങ്ങളാല്‍ സംഘര്‍ഷഭരിതമായിക്കൊണ്ടിരിക്കുകയാണ്. കലഹങ്ങളും കലാപങ്ങളും സാമ്രാജ്യത്വ ശക്തികള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നവയാണ്. സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചനകള്‍ തുറന്നു കാണിക്കേണ്ട ബാധ്യത മതപണ്ഡിതന്മാര്‍ക്കാണ്. അവര്‍ നിസ്സംഗരോ ഉദാസീനരോ ആവാന്‍ പാടില്ല. ഇസ്്‌ലാം എല്ലാ കാലത്തും ജനാധിപത്യത്തെയാണ് പ്രതിനിധീകരിച്ചിട്ടുള്ളത്. ഇസ്്‌ലാമിക സമൂഹം അന്ധമായ, യാഥാസ്ഥികമായ മതാത്മകതയെ ആശ്ലേഷിക്കുകയില്ല. 7 മുതല്‍ 15 വരെയുള്ള നൂറ്റാണ്ടുകളില്‍ ഇസ്്‌ലാമിക സമൂഹത്തില്‍ ജീവിച്ച എല്ലാ മഹാന്മാരും ചിന്തയിലും അറിവിലും ഗവേഷണത്തിലും ശാസ്ത്രബോധത്തിലും യുക്തിവിചാരത്തിലും അഗ്രഗണ്യരായിരുന്നു. പണ്ഡിതന്മാര്‍ ആ ഒരു രീതിയിലേക്ക് തിരിച്ചു വരണം. ഇസ്്‌ലാമാണ് ആദ്യമായി ജനാധിപത്യം ആവിഷ്‌ക്കരിക്കുന്നതും പ്രയോഗിക്കുന്നതും. ഖലീഫമാര്‍ ആ മഹത്തായ ദൗത്യമാണ് നിര്‍വ്വഹിച്ചത്. പക്ഷേ, പിന്നീട് ഭരണസിരാ കേന്ദ്രങ്ങളില്‍ രാജാക്കന്മാര്‍ കടന്നുകൂടി. അവര്‍ ഇസ്്‌ലാമിന്റെ ആത്മസത്ത തകര്‍ത്തു. ജനാധിപത്യവും മതേതരത്വവും തകര്‍ത്തു. ഇന്നിപ്പോള്‍ മുസ്്‌ലിംകള്‍ക്ക് പോലും ജീവിക്കാനാവാത്ത സാഹചര്യങ്ങളാണ് മുസ്്‌ലിം രാജ്യങ്ങളില്‍ പോലുമുള്ളത്. പ്രവാസികളുടെ മുമ്പില്‍ ഇത് കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.


പ്രവാസികള്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. നാം അറിയുന്നത് വളരെ കുറച്ചു മാത്രം. നമ്മുടെ ചിന്തക്കും ഭാവനക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധി കാര്യങ്ങള്‍ പ്രവാസികളുമായി ബന്ധപ്പെട്ട് അറിയാനായിട്ടുണ്ട്. ഒരു സംഭവം മാത്രം പറയാം. 75 വയസ്സ് പ്രായമുള്ള മലേഷ്യക്കാരന്‍ ഏനു സാഹിബ് എന്റെ പ്രസംഗം കേള്‍ക്കാനായി കോഴിക്കോട് എത്തുന്നു. പ്രസംഗ പരിപാടി കഴിഞ്ഞു ഞങ്ങള്‍ മടങ്ങും വഴിയില്‍ കോട്ടക്കലെ ചങ്ക്‌വെട്ടിയില്‍ ഒരു ഹോട്ടലില്‍ കയറി. ഓര്‍ഡര്‍ എടുക്കാനായി വന്ന 22 വയസ്സ് പ്രായം തോന്നുന്ന ഒരു പയ്യന്‍ എന്നെ തിരിച്ചറിഞ്ഞു. പിടി സാറല്ലേ എന്നു പറഞ്ഞു പയ്യന്‍ എന്റെ അടുത്തുവന്നു അയാളുടെ സങ്കടങ്ങള്‍ ഉണര്‍ത്തി. രണ്ടു വര്‍ഷത്തേക്കുള്ള കോണ്‍ട്രാക്ടില്‍ മലേഷ്യയിലേക്ക് ജോലിക്ക് പോയതായിരുന്നു ആ പയ്യന്‍. പത്ത് മാസം കഴിയുന്നതിന് മുമ്പെ തൊഴിലുടമ അയാളെ പിരിച്ചു വിട്ടു. ഞാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട് എന്ന് അയാള്‍ പറഞ്ഞു. ഇപ്പോള്‍ പറഞ്ഞിട്ടെന്തുകാര്യം എന്നു ഞാന്‍ ചോദിച്ചു. കുഞ്ഞുമുഹമ്മദിക്ക എല്ലാവരുടേയും സങ്കടം കേള്‍ക്കുന്ന ആളല്ലേ? അതുകൊണ്ട് പറഞ്ഞു പോയതാണ്.


എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്ന് വിചാരിച്ചല്ല ഇത്രയും പറഞ്ഞതെന്ന് ബോധിപ്പിച്ച് പയ്യന്‍ ഓര്‍ഡര്‍ എടുത്ത് പോയി. അയാള്‍ മലേഷ്യയിലെ ജോലി ചെയ്തിരുന്ന സ്ഥാനപത്തിന്റെയും അതിന്റെ ഉടമസ്ഥന്റെയും വിവരങ്ങള്‍ ഏനുക്ക അന്വേഷിച്ചറിഞ്ഞു. അദ്ദേഹം കാര്യങ്ങള്‍ ഉടമസ്ഥനോട് തിരക്കിയപ്പോള്‍, സ്വഭാവദൂഷ്യം കാരണം പയ്യനെ പിരിച്ചു വിട്ടതാണെന്ന മറുപടിയാണ് കിട്ടിയത്. അയാള്‍ രണ്ടുവര്‍ഷം പണിയെടുത്താല്‍ കിട്ടുമായിരുന്ന സംഖ്യ കൊടുക്കാന്‍ മലേഷ്യയിലെ സ്ഥാപന ഉടമ ഏനുക്കയെ ചുമതലപ്പെടുത്തി. പണം ഏനുക്ക പയ്യന് കൈമാറി.
ചക്കവീണപ്പോള്‍ മുയലിനെ കിട്ടിയത് പോലുള്ള ഭാഗ്യമാണ് അയാള്‍ക്കുണ്ടായതെന്ന് ഞാന്‍ പറഞ്ഞു. ജോലിയോട് ഉത്തരവാദിത്വമുണ്ടായിരിക്കണമെന്ന് ഞാന്‍ പയ്യനോട് പറഞ്ഞു. അയാള്‍ കസ്റ്റമറോട് മോശമായി പെരുമാറി എന്നു ഞാന്‍ പറഞ്ഞപ്പോള്‍ പയ്യന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. അയാള്‍ തന്റെ സാഹചര്യം വിശദീകരിച്ചതിങ്ങനെ: ''നിങ്ങള്‍ എന്നോട് ക്ഷമിക്കണം. എന്റെ ഉപ്പ ഒരു കൊലപാതകിയാണ്. ഇപ്പോള്‍ ജയിലിലാണ്. ഉമ്മാക്ക് ഭ്രാന്താണ്. ഏട്ടന്‍ ഒരു അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ രണ്ടു മക്കളെയും ഭാര്യയെയും ഞാന്‍ പോറ്റണം. പിന്നെ എനിക്കെങ്ങിനെ ജനങ്ങളോട് നന്നായി പെരുമാറാന്‍ കഴിയും. നിങ്ങള്‍ പറഞ്ഞു തരിക.''                      ി


(തയ്യാറാക്കിയത്: എംവി നൗഷാദ്)
Next Story

RELATED STORIES

Share it