പ്രവാചക നിന്ദയ്‌ക്കെതിരേ ലക്ഷദ്വീപില്‍ വ്യാപക പ്രതിഷേധം

തേഞ്ഞിപ്പലം: പ്രവാചകനിന്ദക്കെതിരേ ലക്ഷദ്വീപില്‍ വ്യാപക പ്രതിഷേധം. വിമാന യാത്രാ സൗകര്യമുള്ള അഗത്തി, കവരത്തി ഉള്‍പ്പെടെയുള്ള ദ്വീപുകൡലാണ് പ്രതിദിനം വിവിധ പത്രങ്ങള്‍ ലഭ്യമായിരുന്നത്. നിഷ്പക്ഷ പത്രമെന്ന രീതിയിലായിരുന്നു മാതൃഭൂമിയെ സ്വീകരിച്ചിരുന്നതെന്നും ഒളിഞ്ഞും തെളിഞ്ഞും മുസ്‌ലിം വിരുദ്ധ വാര്‍ത്തകള്‍ പടച്ചുണ്ടാക്കി സ്ഥിരമായി പ്രസിദ്ധീകരിക്കുന്നതിനാല്‍ ഇനിയൊരിക്കലും മാതൃഭൂമിയെ ദ്വീപുകാര്‍ സ്വീകരിക്കില്ലെന്നും ദ്വീപ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ യു സി കെ തങ്ങളും വിവിധ ദ്വീപുകളിലെ ഖാസിമാരും പ്രതികരിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള പി എം സഈദ് സെന്ററില്‍ ഡിഗ്രി-പിജി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആന്ത്രോത്ത് ദ്വീപില്‍ മാതൃഭൂമിയുടെ നൂറുകണക്കിന് കോപ്പികള്‍ കൂട്ടിയിട്ടുകത്തിച്ചു. വെള്ളിയാഴ്ച ജുമുഅ ദിവസം പള്ളികളില്‍ നിന്ന് ഖതീബുമാര്‍ പ്രവാചക നിന്ദക്കെതിരേ ഒറ്റക്കെട്ടായി പ്രതികരിക്കുന്നതിനും പത്രത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ഒന്നടങ്കം ബഹിഷ്‌കരിക്കുന്നതിനും ആഹ്വാനം നല്‍കി.
ആന്ത്രോത്ത്, കവരത്തി, കടമത്ത് ദ്വീപുകളിലെ കാലിക്കറ്റ് വാഴ്‌സിറ്റി സെന്ററുകളില്‍ മാതൃഭൂമി പത്രവും പ്രസിദ്ധീകരണങ്ങളും നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. ആന്ത്രോത്ത്, കവരത്തി, കടമത്ത്, ചെത്‌ലത്ത്, ബിത്ര, അമീനി, കല്‍പേനി, മിനിക്കോയ്, അഗത്തി, കില്‍ത്താന്‍ ദ്വീപുകളിലെ വീടുകളില്‍നിന്ന് മാതൃഭൂമി കലണ്ടറുകള്‍ സ്ത്രീകള്‍ കത്തിച്ചു. കില്‍ത്താന്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും നടന്നു.
Next Story

RELATED STORIES

Share it