Religion

പ്രവാചകന്റെ യുക്തികള്‍

പ്രവാചകന്റെ യുക്തികള്‍
X
hridaya

ഇബ്‌റാഹീം നബിയുടെ ഓര്‍മകള്‍ പച്ചപിടിച്ചുനില്‍ക്കുന്ന ദിനങ്ങളിലൂടെയാണ് ലോകം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്നുള്ള നിരവധി സന്ദര്‍ഭങ്ങള്‍ വിശുദ്ധഖുര്‍ആന്‍ പരാമര്‍ശവിധേയമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ത്യാഗസന്നദ്ധതയും അര്‍പ്പണമനോഭാവവും ബോധ്യപ്പെടുത്തുന്ന ഏതാനും ചില സംഭവങ്ങള്‍ മാത്രമാണ് നാം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതും. അവ വളരെ പ്രധാനപ്പെട്ടവതന്നെ. എന്നാല്‍, അതുപോലെത്തന്നെ വളരെ പ്രസക്തമായ മറ്റു ചില സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അവ കൂടി പഠിക്കുമ്പോഴെ ഇബ്‌റാഹീം നബിയുടെ പാത യഥോചിതം പിന്തുടരാന്‍ നമുക്ക് കഴിയുകയുള്ളൂ. ഇബ്‌റാഹീം നബിയുടെ വിജ്ഞാനത്വരയെയും ജിജ്ഞാസയെയും അന്വേഷണകൗതുകത്തെയും കുറിച്ച് നാം വേണ്ടത്ര കേള്‍ക്കുകയോ പറയുകയോ ചെയ്യാറില്ല. അദ്ദേഹത്തിന്റെ നീണ്ട കാലങ്ങളിലെ സത്യാന്വേഷണപരീക്ഷണങ്ങളും അതിലൂടെ നേടിയെടുത്ത അറിവുകളും പ്രബുദ്ധതയുമാണ് ഒറ്റപ്പെടുത്തലിന്റെയും നാടുകടത്തലിന്റെയും പ്രവാസത്തിന്റെയും ഘട്ടങ്ങളില്‍ ധൈര്യവും സ്ഥൈര്യവും പകര്‍ന്നുകൊണ്ടിരുന്നത്.

hill-prayer-sun_1761993i

എത്ര യുക്തിബന്ധുരമായാണ് അദ്ദേഹം ബിംബാരാധനയെ നിരാകരിക്കുന്നതും തിരസ്‌കരിക്കുന്നതും. പ്രകൃതിയാരാധനയുടെ യുക്തിരാഹിത്യം എത്ര മനോഹരമായാണ് അദ്ദേഹം ജനസമക്ഷം അവതരിപ്പിക്കുന്നത്. സമാനതയില്ലാത്ത, നശിച്ചുപോവാത്ത, എന്നുമെന്നും ജീവിക്കുന്ന മഹാശക്തിയെയാണ് ദൈവമായി അംഗീകരിക്കേണ്ടത് എന്ന തത്ത്വം എന്തുമാത്രം ശാസ്ത്രീയമായാണ് ഇബ്‌റാഹീം നബി ജനങ്ങള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചത്. ഇബ്‌റാഹീം നബി നംറൂദുമായി നടത്തുന്ന ഒരു സംവാദം ഖുര്‍ആന്‍ രേഖപ്പെടുത്തുന്നുണ്ട്. 'ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്‍' എന്ന ഇബ്‌റാഹീം നബിയുടെ വാദത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ യുക്തിവാദത്തിന്റെ എല്ലാ വാതിലുകളും മുട്ടിനോക്കുന്നുണ്ട് നംറൂദ്. തന്റെ പ്രജകളില്‍ ചിലരെ കൊലപ്പെടുത്തിയും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിച്ചും ദൈവതുല്യനാണ് താനെന്ന് തെളിയിക്കാനും ഇബ്‌റാഹീം നബിയുടെ വാദത്തെ തകര്‍ത്തുകളയാനും നംറൂദ് ശ്രമിച്ചു. 'എന്നാല്‍, താങ്കള്‍ ദൈവമാണെങ്കില്‍ എന്റെ ദൈവം കിഴക്കുനിന്ന് ഉദിപ്പിക്കുന്ന സൂര്യനെ പടിഞ്ഞാറുനിന്നുദിപ്പിക്കണം' എന്ന് ഇബ്‌റാഹീം നബി നംറൂദിനോട് ആവശ്യപ്പെട്ടു. നംറൂദിന് മറുപടിയില്ലായിരുന്നു. നംറൂദിനെ സൂചിപ്പിച്ച് സത്യനിഷേധി ഉത്തരംമുട്ടി എന്ന് ഖുര്‍ആന്‍ പറഞ്ഞ സന്ദര്‍ഭം ഇതാണ്.

962146-hajj-1443008930-667-640x480വാദപ്രതിവാദങ്ങളിലും തര്‍ക്കങ്ങളിലും സംവാദങ്ങളിലും പിതാവിനെയും പ്രഭുക്കളെയും പുരോഹിതന്മാരെയും രാജാവായ നംറൂദിനെത്തന്നെയും പരാജയപ്പെടുത്തുമ്പോഴും ഇബ്‌റാഹീം നബി തന്റെ വിശ്വാസത്തിന്റെ ശക്തിയെയും കരുത്തിനെയും പരീക്ഷിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ദൈവത്തിന്റെ കഴിവിനെകുറിച്ച് ഇബ്‌റാഹീം നബി ദൈവത്തോടുതന്നെ ചോദിച്ചു. മരിച്ചവരെ എങ്ങനെയാണ് അവന്‍ ജീവിപ്പിക്കുന്നത് എന്നായിരുന്നു അദ്ദേഹം ദൈവത്തോട് ചോദിച്ചത്. പ്രവാചകനായിരുന്നിട്ടും അതെങ്ങനെയെന്ന് തനിക്ക് കാണിച്ചുതരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസത്തെക്കുറിച്ച് ദൃഢബോധ്യം വരുത്തി സംതൃപ്തിയടയാനാണ് താനിങ്ങനെ ആവശ്യപ്പെടുന്നതെന്നും ഇബ്‌റാഹീം നബി ദൈവത്തോടു പറഞ്ഞു. നാലു പറവകളെ ഇണക്കാനും പല ഭാഗങ്ങളായി പകുത്ത് മലമുകളില്‍ വയ്ക്കാനും പിന്നീടവയെ വിളിക്കാനും ഇബ്‌റാഹീം നബിയോട് അല്ലാഹു കല്‍പ്പിച്ചു. പറവകള്‍ അദ്ദേഹത്തിന്റെ സമീപം പറന്നെത്തുമെന്നും അതുവഴി തന്റെ കഴിവ് ബോധ്യപ്പെടുമെന്നും അല്ലാഹു ഇബ്‌റാഹീം നബിയെ അറിയിച്ചു.

വിശ്വാസമാണ് ഇബ്‌റാഹീം നബിയെ ത്യാഗത്തിന് സന്നദ്ധനാക്കിയത്. എന്നാല്‍, എന്തുകൊണ്ട് നമ്മുടെ വിശ്വാസം നമ്മെ ത്യാഗസന്നദ്ധരാക്കുന്നില്ല. നിലപാടുകളിലും സമീപനങ്ങളിലും എന്തുകൊണ്ട് നാം മറ്റുള്ളവരെപ്പോലെതന്നെ ആയിത്തീരുന്നു. 150923211216-07-hajj-0923-super-169പെരുമാറ്റത്തിലും സ്വഭാവത്തിലും എന്തുകൊണ്ട് നാം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരല്ല. ബുദ്ധിപരമായ സത്യസന്ധതയുടെ അഭാവമാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്നാണതിന് ഒരു ഉത്തരം. ദൈവവചനം കേള്‍ക്കുമ്പോഴേക്കും ഒരു ആലോചനയും കൂടാതെ പിന്‍പറ്റുന്ന സ്വഭാവത്തെ ദൈവം ഇഷ്ടപ്പെടുന്നില്ല. വിശ്വാസിയാകുമ്പോള്‍തന്നെ ആശയപരമായി ശക്തിയും കരുത്തും ആര്‍ജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം.  എന്നും സത്യാന്വേഷണ പരീക്ഷണങ്ങളിലായിരിക്കണം.മനസ്സിനോടുള്ള തര്‍ക്കവും സംവാദവും നിരന്തരം തുടരണം.തത്ത്വങ്ങളെ സദാ വിമര്‍ശനവിധേയമാക്കണം. ആദര്‍ശത്തെ സദാ സ്ഫുടം ചെയ്തുകൊണ്ടിരിക്കണം.ഒരിക്കല്‍ സത്യവാചകം ചൊല്ലി കഴിഞ്ഞുകൂടേണ്ടവനല്ല വിശ്വാസി. വിശ്വാസി എന്നാല്‍, വിശ്വാസിയായിക്കൊണ്ടിരിക്കുകയാണ് എന്ന് ഖുറം ജാ മുറാദ് പറയുകയുണ്ടായി.

Next Story

RELATED STORIES

Share it